കൗമാരാലയം – രജിൻ എസ്. ഉണ്ണിത്താൻ എഴുതിയ കവിത

Mail This Article
എങ്ങോട്ട് പോകുന്നു കൗമാരമേ?
നിങ്ങൾ എങ്ങോട്ട് പോകുന്നു?
ഈ ലോകത്തിൽ
ഉയരങ്ങൾ താണ്ടുവാൻ പ്രാപ്തി തേടേണ്ടവർ,
ലഹരിതൻ മാറാപ്പിൽ ചാഞ്ഞുറങ്ങുന്നുവോ?
അമ്മതൻ പാത്രത്തിൽ അണുവായി വളർന്നവൻ
മാതൃത്വരക്തത്തിൽ മുങ്ങിക്കുളിക്കുന്നുവോ?
സ്നേഹത്തിന് അതിർവരമ്പുകൾ കടന്നവർ
നാടിഞരമ്പിൽ ലഹരി നിറച്ചുവോ?
മാനുഷ്യസ്നേഹത്തിൽ ലഹരി കാണാത്തവർ
മണ്ണിന്റെ സുഖമുള്ള മണമറിയാത്തവർ
അമ്മതൻ നൊമ്പര വേദന അറിയാതെ
ഇരുട്ടിന്റെ വാത്സല്യം ഏറെ കൊതിച്ചവർ
തിന്മയുടെ വാതിൽ തുറന്നു പോകുന്നുവോ?
പത്തുമാസത്തിന്റെ വേദനയെല്ലാമേ
പഴങ്കഥ പോലെ ഓർത്തുചിരിക്കുന്നുവോ?
അച്ഛന്റെ വിയർപ്പിനെ പരിഹാസ
മേശയിൽ വിളമ്പിയാഘോഷിച്ചവർ
ആർത്തുചിരിച്ചുവോ?
കൊടുമുടിതാണ്ടിയാ ചരിത്രം തേടേണ്ടവർ
ലഹരിയുടെ ഉൽപ്പത്തിതേടി അലഞ്ഞുതിരിയുന്നു
പ്രണയവും മോഹവും സ്നേഹവും
കൗമാരകലയായിരുന്ന കാലത്തെ സ്മരിക്കുന്നു.
കൊലക്കത്തിയേന്തിയ കൗമാരത്തിന്
ലഹരിയുടെ രുചിയാണ് പ്രിയമെന്നു സാരം
തിരികെ നടക്കുക കൗമാരമേ,
നിങ്ങൾ സ്നേഹത്തിൻ ലഹരി തേടി അടുക്കുക.
കാത്തിരിക്കുന്ന അമ്മതൻ മടിത്തട്ടിൽ തലവെച്ചുറങ്ങുക.
സ്നേഹത്തിൻ വാതില് മുട്ടിവിളിക്കുക.
ഇരുട്ടിന്റെ കലവറ കൊട്ടിയടക്കുക.
ഒന്നിച്ചു ചേർന്നിടാം......
ഒത്തുപറഞ്ഞിടാം.....
കൗമാരകാലത്തെ ഓർമ്മപ്പാട്ടുകൾ.....