ADVERTISEMENT

‌ചിതയിൽ നിന്നുയരുന്ന പുകച്ചുരുളുകൾ നീണ്ടുപരന്നുകിടക്കുന്ന കരിമ്പാറയുടെ മുകളറ്റം തൊട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി. വീശിയടിച്ച കാറ്റിനോടൊപ്പം അവയെല്ലാം ദിക്കറിയാതെ എങ്ങോട്ടൊക്കെയോ പോകുന്നതും നോക്കി ഗോവിന്ദൻ ഏറെനേരം അവിടെ തന്നെ നിന്നു. അച്ഛനെന്ന യാഥാർഥ്യം അവസാനിച്ച് പ്രകൃതിയിൽ പുകക്കെട്ടുകളായി അനന്തവിഹായസിലേക്ക് മാഞ്ഞുപോയിരിക്കുന്നു. ഒരു കാലത്തൊക്കെ കരിമ്പാറയുടെ മുകളിൽ ആഭിചാരകർമ്മങ്ങളും ചാത്തൻ സേവകളും നടത്തിയിരുന്നതിൽ അതികായനായ മനുഷ്യന്റെ യുഗാന്ത്യം. മന്ത്രവാദി വേലായുധൻ മരിച്ചു. മലക്കുന്ന് പ്രദേശത്ത് മരുഭൂമിപോലെ നീണ്ടുപരന്നു കിടക്കുകയാണ് ചാത്തൻപാറ. കറുത്തിരുണ്ടു കിടക്കുന്ന പാറയിലെ ചിലയിടങ്ങളിലെ കുഴിവുകൾ, ചാത്തന്റെ കാൽപാടുകൾ പതിഞ്ഞതെന്ന് വിശ്വസിക്കുന്നവർ. ചാത്തനെ ബന്ധിച്ചെന്ന് പറയുന്ന ചങ്ങലപ്പാടുകൾ, നാലുചുറ്റിനും കട്ടകാരമുള്ളുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന അടിവാരം. പകൽ നേരങ്ങളിൽ ആടിനെയും പയ്യിനെയും തീറ്റാൻ കന്നാലിപ്പിള്ളേര് വരുന്നതൊഴിച്ചാൽ ഇപ്പോൾ ആരും ഈ ഭാഗത്തൊന്നും വരാറില്ല. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണിവിടം. 

കരിമ്പാറയുടെ മുകളിൽ കയറിയാൽ നാടിന്റെ മനോഹരമായ കാഴ്ചകൾ കാണാനായി ഒരുപാട് ആളുകൾ വന്നുപോയിരുന്ന ഇടമായിരുന്നു. ഗ്രാമത്തിലെ നെൽവയലുകൾ, ചെറുതും വലുതുമായ വീടുകൾ, ക്ഷേത്രങ്ങളും പള്ളികളും സ്കൂളുകളുമെല്ലാം കാണാം. ഇവിടുത്തെ ഭൂപ്രകൃതി തന്നെ മനോഹരമാണ്. ചെം ചായങ്ങൾ വിതറിയ അസ്തമയ സൂര്യൻ, ഒരു അപൂർവ്വ ദൃശ്യഭംഗി നൽകുന്നു. വർഷങ്ങൾക്കു മുമ്പേ ഈ പ്രദേശത്ത് ചാത്തൻപാറയുടെ അടിയിൽ അനേകം കുടിലുകൾ ഉണ്ടായിരുന്നു. നഗരവൽകരണത്തിൽ ആകർഷിച്ച് പലരും അവിടം വിട്ട് പോയി. മന്ത്രവാദി വേലായുധന്റെ കുടുംബം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കാട്ടുവള്ളികൾ നിറഞ്ഞു നിൽക്കുന്ന ചാത്തൻപാറയുടെ അടിവാരത്തെ ഏകാന്തമായ വീട്, ഇപ്പോൾ അതുമാത്രമാണ്. 

“പോകാം ശശി....” ചിതയിലേക്ക് നോക്കിനിന്ന എന്നെ തോളിൽ തട്ടി ഗോവിന്ദൻ വിളിക്കുന്നത് കേട്ടാണ് പുറകിലേക്ക് നോക്കിയത്. എല്ലാവരും പോയിരിക്കുന്നു. ഞാനും ഗോവിന്ദനും മാത്രമായി. രാവിലെ തന്നെ ഗോവിന്ദന്റെ കൊച്ചച്ചനും വേലായുധന്റെ ബന്ധുക്കളും ചേർന്ന് കുടി തുടങ്ങിയിരുന്നു. വീട്ടിലൊരു മരണം നടന്നാൽ പിന്നെ ആ ദിവസങ്ങളിലെല്ലാവരും ഒരു മൂലയ്ക്കിരുന്ന് കുടി തുടങ്ങും. അവിടെ തന്നെ വാറ്റിയ ചാരായവുമായിട്ടായിരിക്കും ഇരിക്കുക. അച്ഛന്റെ കൂടെ പരികർമ്മിയായി പോയിരുന്ന കാലത്തൊക്കെ ആഭിചാര കർമ്മങ്ങൾ അരുതാത്തതെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. തനിച്ചായപ്പോൾ ശരീരത്തിനും മനസ്സിനും ശക്തി നഷ്ടമായതു പോലെ. “ഈ വേല തുടരാൻ താൽപര്യമില്ല ശശിയേ...” ഏറെ വ്യസനത്തോടെയാണ് ഗോവിന്ദനതു പറഞ്ഞത്. “നീ വേറെ എന്തു പണിചെയ്യും ഗോവിന്ദാ...” കേവലം എഴാം ക്ലാസ് വരെ പോയിട്ടുള്ള അവനോട് ഞാൻ വേറെ എന്തു പറയും.

ഒരു കല്യാണമൊക്കെ വേണമെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ മുതൽ ഗോവിന്ദന്റെ മനസ്സുനിറയെ രമണിയായിരുന്നു. ഒരു പക്ഷേ അങ്ങനെയാവാൻ ഞാൻ തന്നെയായിരിക്കും കാരണം. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന നേരങ്ങളിലെല്ലാം ഞാനായിരുന്നു ഗോവിന്ദനെ വിളിച്ചോണ്ട് പോകാറുള്ളത്. വിളിക്കുമ്പോഴൊക്കെ പറയും. ശശിയെ ഞാനെങ്ങോട്ടേക്കുമില്ല ഇവിടെ ഒറ്റയ്ക്കൊന്നിരുന്നോട്ടെയെന്ന്… പിന്നെ ഓരോന്ന് പറഞ്ഞ് നിർബന്ധിച്ചു കൊണ്ടുപോകും. ചാത്തൻപാറയുടെ അടിവാരത്ത് കട്ടകാരമുൾച്ചെടിക്കാടും കാടുപിടിച്ച ആശാരിപ്പറമ്പും കഴിഞ്ഞു വേണം പാറക്കുളത്തിന്റെ അടുത്തെത്താൻ. അവിടെ ചെന്നാൽ വഴുക്കലില്ലാത്ത പാറക്കെട്ടിൽ ബീഡി വലിച്ച് കുത്തിയിരിക്കും, അല്ലേൽ ചൂണ്ട ഇടും. കുറെ നേരം മൗനമായിരിക്കും. പിന്നെ ഞാനെന്തെങ്കിലും പറഞ്ഞു തുടങ്ങും. വൈകുന്നേരങ്ങളിൽ തുണിയലക്കാൻ വരുന്ന പെണ്ണുങ്ങൾ ഒഴിച്ചാൽ ഇവിടെ ഏറെയും നിശബ്ദമാണ്. 

വേനൽക്കാലമായാൽ കുന്നിൻപ്പുറത്ത് കാറ്റടിച്ച് റബറിലകൾ പൊഴിയുന്നതും റബറുംകായ പൊട്ടിവീഴുന്ന ശബ്ദവും കേട്ട് നഗ്നമായ മരച്ചില്ലകളിൽ നോക്കി ഇരിക്കും. പിന്നെ കുറെ പക്ഷികൾ ചിലയ്ക്കുന്നതുമായ ശബ്ദങ്ങൾ ഉണ്ടാവും. ചിലപ്പോൾ അതും കാണില്ല. നിശബ്ദമാത്രകൾ ഏറെ കഴിയുമ്പോഴായിരിക്കും തുണിയലക്കാനായി പെണ്ണുങ്ങൾ വരുന്നത്. പിന്നെ ചൂണ്ടയും ചുറ്റിവെച്ച് ഞങ്ങൾ പോകാൻ എഴുന്നേൽക്കും. അങ്ങനെയുള്ള ദിവസങ്ങളിലാണ് ഗോവിന്ദൻ എന്നോടു ചോദിച്ചത്. കൂട്ടത്തിൽ പിന്നിൽ പോകുന്ന പാദസ്വരത്തിന്റെ കിലുക്കം ഏതാണെന്ന്. ശക്തിയായി വന്ന കാറ്റിൽ കുന്നിൻപുറത്തെ തോട്ടത്തിലെ റബറിലകൾ പൊഴിയുന്നതും നോക്കിനിന്ന എന്നോട് ആദ്യം പറഞ്ഞപ്പോൾ മനസ്സിലായില്ല.

“ഏതാ ഗോവിന്ദാ...” “പാദസ്വരമണികളുടെ മുഴക്കം…?” “അതോ... അത്… അവളോട് കൂടുതൽ അടുക്കാൻ നിക്കണ്ട ഗോവിന്ദാ... അവളിച്ചിരി പെശാകാ... കുറേ ദിവസം മുമ്പ് രാത്രി കുന്നേല് പള്ളിപെരുന്നാള് കാണാൻ പോയ രമണിയെ ചീട്ട് കളിക്കുന്ന പിള്ളേര് എന്തോ കമന്റടിച്ചതിന് അവടപ്പൻ വാറ്റുകാരൻ രാഘവൻ തല്ലി പതം വരുത്തീന്നാ കേട്ടത്. പൊക്കത്തിലുള്ള രണ്ടു കയ്യാലവഴി ചാടിച്ച് മാടിന്റെ എല്ലിടുന്ന കുഴിലാ അവന്മാര് പോയി കിടന്നത്. അതിന് ശേഷം കവലേല് പയ്യമ്മാർക്ക് ഒന്നും പറയാൻ നാക്ക് പൊങ്ങിയിട്ടില്ല. അവളും അതുപോലാ... ആളും തരോം നോക്കാതെ എന്തു വേണേലും പറയും. ഗോവിന്ദാ ഞാൻ രണ്ടാഴ്ച മുമ്പ് ഒരു വൈകുന്നേരം ബീഡിം വലിച്ച് പാറക്കുളത്തിന്റെ അരികിലിരിക്കുമ്പോൾ തുണിയലക്കികൊണ്ട് അവള് ചോദിക്കുവാ... എന്നാ കൊച്ചനെ ഇവിടിരിക്കുന്നേന്ന്, നീ പെണുങ്ങളെ കണ്ടിട്ടില്ലേയെന്ന്. അവടെ മറ്റേടത്ത് ചോദ്യം; ഞാനൈയെടാന്നായിപ്പോയില്ലേ... അന്ന് ഞാൻ എന്തേലും പറഞ്ഞിരുന്നെങ്കിൽ തെറിവർത്താനം പറഞ്ഞെന്നെ കൊന്നേനേം, ഞാനൊന്നും പറയാൻ പോയില്ല. അവളോട് മിണ്ടി വെറുതെയെന്തിനാ നാറുന്ന്.”

പിന്നെ ഞങ്ങൾ കുറെ നാളുകൾ പാറക്കുളത്തിന്റെ അരികിലേക്കൊന്നും പോയതേയില്ല. വേലായുധനെ തേടി പലരും വന്നുകൊണ്ടിരുന്നു. അച്ഛനിൽ നിന്ന് പഠിച്ച മന്ത്രവാദക്രിയകൾ ഗോവിന്ദൻ പതിയെപ്പതിയെ പ്രയോഗിച്ചു തുടങ്ങി. ഒട്ടും തന്നെ ഇഷ്ടമല്ലാതിരുന്നിട്ടു കൂടി തന്റെ തൊഴിൽ ഇതാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. ഗോവിന്ദനില്ലാത്ത നേരത്ത് ഞാനും തോട്ടുംകരയിൽ പശുവിനെ തീറ്റുന്ന ചെല്ലപ്പൻ ചെട്ടിയാരുടെ മകൻ ഓമനക്കുട്ടനുമായി പോകും, പാറക്കുളത്തിന്റെ അരികിലേക്ക്. ഒരു ദിവസം ഓമനക്കുട്ടൻ എന്നോട് ചോദിച്ചു. “എടാ, ഈ ഗോവിന്ദനെ കൊണ്ട് രമണിയെ ഒന്നു മുട്ടിച്ചാലോ, അവടെ വെളച്ചിലൊന്നും ഗോവിന്ദന്റെ അടുക്കൽ നടക്കുകേല. അവനു ചില ക്രിയകളൊക്കെ അറിയാമല്ലോ, എന്തേലും കാണിച്ചാൽ വല്ലോ ബാധയോ വശീകരണ മന്ത്രമോ ഒക്കെ പ്രയോഗിച്ചോളും.” അതു കൊള്ളാമെന്ന് എനിക്കും തോന്നി. പിന്നീട് ഞങ്ങൾ രണ്ടാളും ഗോവിന്ദന്റെ വീട്ടിൽ പോയി ഗോവിന്ദനെ കൂട്ടിയായിരിക്കും പാറക്കുളത്തിലേക്ക് പോകാ. അവളന്ന് എന്നോട് പറഞ്ഞതിപ്പിന്നെ എന്തേലും പണി കൊടുക്കണം എന്നു മാത്രമായി എന്റെ ചിന്ത. ഞാൻ ഈ കാര്യം വേറെ ആരോടും പങ്കുവച്ചില്ല.

മലക്കുന്നം പഞ്ചായത്ത്മുക്കിൽ താമസിക്കുന്ന രാഘവൻ വല്ലപ്പോഴുമൊക്കെ വീട്ടിൽ വരാറുള്ളു, എങ്കിലും രമണിയുടെ കാര്യത്തിൽ വളരെ ശ്രദ്ധയാണ്. ചാത്തൻപാറയുടെ അടിവാരത്തിട്ടാണ് രാഘവന്റെ ചാരായവാറ്റ്. പന്നിശല്യം കാരണം രാത്രിയിൽ അവിടെ തന്നെ കൂടും. അല്ലേൽ വെളുപ്പാൻകാലത്ത് വരുമ്പോൾ കലക്കിവെച്ച കോട പന്നി കമഴ്ത്തി കളഞ്ഞിട്ടുണ്ടാകും. രാഘവനില്ലാത്ത നേരങ്ങളിലെല്ലാം മേലാതിരിക്കുന്ന വല്യമ്മ രമണിക്ക് കൂട്ടായിട്ടുണ്ട്. കോളജിലെ പരീക്ഷയൊക്കെയായിട്ട് ചാത്തൻപാറേലെ ഗോവിന്ദന്റെ കുടിലിലേക്കൊന്നും പോകാനേ കഴിഞ്ഞില്ല. പലപ്പോഴും മലക്കുന്നം കവലയിൽ വൈകുന്നേരത്തുള്ള പന്തുകളിക്കൊക്കെ ഞങ്ങൾ കൂടാറുള്ളതായിരുന്നു. ഇപ്പോൾ അവിടെയും ഗോവിന്ദനെ കാണുന്നില്ല. ഓമനക്കുട്ടനോട് ഈ കാര്യം ചോദിച്ചപ്പോൾ, പശുന് ചെന നിറഞ്ഞു നിൽക്കുന്നകൊണ്ട് വീടുവിട്ട് ഞാൻ ഒരിടത്തേക്കും പോകാറില്ല എന്നും പോരാഞ്ഞേന് കറുത്തവാവ് അടുത്തുവരുന്നു എന്നുമൊക്കയായിരുന്നു പറഞ്ഞത്.

ഒന്നുകിൽ അവന്റെ അപ്പന്റെ തൊഴിലിലായിരിക്കും സദാസമയവും, അല്ലെങ്കിൽ അവന്റെ മനസ്സിനെ കീഴ്പ്പെടുത്തുന്ന എന്തോ ഒന്ന് നടന്നിട്ടുണ്ടാകണം. അല്ലെങ്കിൽ ഇത്രയും നാളും കവലയിൽ വന്നോണ്ടിരുന്ന അവന് പെട്ടെന്നെന്താണ് സംഭവിച്ചത്. രണ്ടു ദിവസത്തെ പരീക്ഷ കൂടി കഴിഞ്ഞിട്ട് ചാത്തൻപാറ വരെ പോണം, ഗോവിന്ദനെ കാണണം. ഞാൻ ചിന്തിച്ചു. ഓമനക്കുട്ടന് പശുവിന്റെ അടുത്തുനിന്ന് മാറാൻ കഴിയാഞ്ഞതു മൂലം പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസം ചാത്തൻപാറയിലേക്ക് പോകാൻ കഴിഞ്ഞില്ല. പിന്നീടൊരിക്കൽ തനിയെ പോയപ്പോൾ കണ്ടത് എന്നെ ഞെട്ടിച്ചുകളഞ്ഞു. ചുടുചോര ഇറ്റിറ്റു വീഴുന്ന കോഴിത്തല കൈയിൽ ഉയർത്തി നിൽക്കുന്ന ഗോവിന്ദനെ കണ്ടപ്പോൾ സാക്ഷാൽ മന്ത്രവാദി വേലായുധനെ കണ്ടതുപോലെ. വേലായുധന്റെ അഗ്നി ജ്വലിപ്പിക്കുന്ന കണ്ണുകളിലെ തീഷ്ണതയും മട്ടും ഭാവവുമെല്ലാം ഗോവിന്ദനിൽ ആവാഹിച്ച പോലെ. 

ആദ്യകാഴ്ചയിൽ തന്നെ എന്തോ ഒരു ഭയം എന്റെ മനസ്സിലൂടെ കൊള്ളിയാൻ പോലെ കടന്നു പോയി. പുറത്തിറങ്ങി ഏറെ നേരം മുറ്റത്തെ ചാഞ്ഞ് നിൽക്കുന്ന മാവിൽ പിടിച്ചോണ്ട് നിന്നു. കർപ്പൂരത്തിന്റെയും മറ്റു പൂജാവസ്തുകളുടെയും ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു. അവയെല്ലാം ചാത്തൻ പാറയുടെ പൊക്കത്തിൽ ഉയർന്നു പൊങ്ങി. പൂജ കഴിഞ്ഞ് ദേഹത്ത് ചുറ്റിയ ചുവന്നപട്ട് അഴിച്ചു മാറ്റി മുറിയുടെ മറ നീക്കി പുറത്തുവന്നു. “ഏറെ നേരമായോ ശശിയെ വന്നിട്ട്…” പുറകിൽ നിന്ന് ഗോവിന്ദന്റെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. “ങേഹേ!” ഓമനക്കുട്ടനെ കണ്ടില്ലല്ലോ...?” “അവൻ വന്നില്ല… നീയൊരു ഷർട്ടിട്ടോണ്ട് വാ... നമ്മക്ക് പാറക്കുളത്തിന്റെ അരികിലേക്ക് പോകാം ഗോവിന്ദാ.'' “ഞാനിപ്പം എങ്ങോട്ടേക്കും പോകാറില്ല ശശിയെ. അപൂർവ്വമായ രഹസ്യമന്ത്രങ്ങൾ വശത്താക്കാനുണ്ട്. കറുത്തവാവിന് മുമ്പായി ചില കൊടിയ പ്രയോഗങ്ങൾ നടത്തും. ചാത്തനെ പ്രീതിപ്പെടുത്തി വരുതിയിലാക്കാൻ സേവ മുടങ്ങാതെ ചെയ്യണം.” മുമ്പിവിടെ വരുമ്പോൾ മന്ത്രവാദി വേലായുധനെ കണ്ടിട്ടുണ്ടെങ്കിലും എനിക്ക് സംസാരിക്കാൻ പേടിയായിരുന്നു. 

പിന്നെ ഞാൻ ഏറെ നേരമൊന്നും അവിടെ നിന്നില്ല. കവലയിലേക്ക് നടന്നു പോകുന്ന വഴി ഓമനക്കുട്ടന്റെ വീട്ടിലേക്ക് പോയി. കതകിൽ തട്ടിവിളിച്ചിട്ടും ആരും തുറക്കാതെ വന്നപ്പോൾ ഞാൻ പുറകിലുള്ള പറമ്പിലേക്ക് പോയി. മൂവാണ്ടൻ മാവേൽ പശുവിനെ കെട്ടി അടുത്തുള്ള തോട്ടുംകരയിലിരുന്ന് ബീഡി വലിക്കുകയായിരുന്നു ഓമനക്കുട്ടൻ. ഞാൻ പോയി അലക്കുകല്ലിന്റെ മുകളിൽ ഇരുന്നു. കഠിനമായ വേനൽ കാരണം തോട്ടിലെ വെള്ളമെല്ലാം വറ്റിയിരിക്കുന്നു. ഗോവിന്ദനിൽ എന്തോ മാറ്റമുണ്ടായിട്ടുണ്ടെന്ന കാര്യം ഞാൻ ഓമനക്കുട്ടനോട് പറഞ്ഞു. “ശശിയേ… ഞാനിതു പറയാൻ കവലേലേക്ക് വരുകയായിരുന്നു. കഴിഞ്ഞാഴ്ച പാറക്കുളത്തിൽ ചൂണ്ടയിട്ട് തിരികെ റബർ തോട്ടത്തിലൂടെ നടന്നു വരുമ്പോൾ ഒറ്റയ്ക്ക് രമണി പോകുന്നു. തുണിക്കെട്ട് കൈയിലുള്ളതുകൊണ്ട് എനിക്ക് മനസ്സിലായി പാറക്കുളത്തിലേക്കാണെന്ന്. പിന്നെ കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഗോവിന്ദനും വരുന്നു. എങ്ങോട്ടാണ്ന്ന് ഞാൻ ചോദിച്ചപ്പോൾ പറയുക, കൊല്ലെന്റടുത്ത് രണ്ടു പിച്ചാത്തി കാച്ചിക്കാൻ കൊടുത്തിട്ടുണ്ട് അതു മേടിക്കാൻ പോകാന്ന്. അതും ഉച്ചകഴിഞ്ഞ്... അപ്പഴെ എനിക്കു സംശയമുണ്ടായിരുന്നു.” 

ഞങ്ങൾ മൂന്നു പേരും ഒന്നിച്ചു പോകുന്ന നേരങ്ങളിൽ ഒരു കാര്യം ഞാൻ മനസ്സിലാക്കി. എന്നോടും ഓമനക്കുട്ടനോടും എന്തെങ്കിലും വേണ്ടാതീനം പറയുന്ന രമണി ഗോവിന്ദനെ കാണുമ്പോഴുള്ള മാറ്റം ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ആണുങ്ങളോട് അത്ര പെട്ടെന്നൊന്നും അടുക്കാത്ത രമണിയുടെ മാറ്റം എന്നെയും ഓമനക്കുട്ടനെയും അത്ഭുതപ്പെടുത്തി. പതിയെപ്പതിയെ ഞങ്ങളില്ലാത്ത നേരങ്ങളിലും പാറക്കുളത്തിലേക്ക് ഗോവിന്ദൻ പോകാൻ തുടങ്ങി. മലക്കുന്നം കവലേല് ക്ലബിൽ അവധിക്കാലത്തു നടക്കാറുള്ള ക്രിക്കറ്റ് ടൂർണമെന്റിന് ഞങ്ങളെല്ലാവരും പോയി. ആയിടയ്ക്കാണ് എക്സൈസ് സംഘം വാറ്റുകാരൻ രാഘവനെ പിടിച്ചത് നാട്ടിൽ വലിയ ചർച്ചാവിഷയമായത്. ചാരായം വല്യ വിലയില്ലാതെ കിട്ടുന്നത് നിന്നുപോയി എന്ന വിഷമം ഒരു കൂട്ടർക്കും കുട്ടികളെയും ചെറുപ്പക്കാരെയും ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് മറ്റൊരു കൂട്ടരും. മലക്കുന്നം കവലയിലെ ഓരോ മുക്കിനും ആളുകൾ ഇരുന്ന് പറയാൻ തുടങ്ങി. 

രാഘവൻ അകത്തായത് ഗോവിന്ദനായിരുന്നു ഗുണമായത്. പാറക്കുളത്തിന്റെ അരികിലും റബർത്തോട്ടത്തിലും മാത്രം ഒതുങ്ങിനിന്ന അവരുടെ സംഗമം കൂടുതൽ ഇടങ്ങളിലേക്ക് സ്വതന്ത്രമായി വിഹരിക്കുവാൻ തുടങ്ങി. ചുട്ടുപൊള്ളുന്ന മീനച്ചൂടിലും വറ്റിയ പാറക്കുളത്തിന്റെ ചുറ്റിനുള്ള കല്ലുകൾക്കിടയിൽ പച്ചച്ചെടികൾ മുളച്ചുവന്നു. അവയിലെല്ലാം കൂടുതൽ തളിരിലകളും പൂവും പൂവിനുള്ളിൽ തേനും വന്നു. സമുദ്രച്ചുഴിയിൽ പെട്ടതുപോലെ ഇരുഹൃദയങ്ങളും പ്രണയോന്മാദച്ചുഴിൽ ആഴ്ന്നുപോയിരുന്നു. പിന്നീട് കുറെ ദിവസങ്ങൾക്കു ശേഷമാണ് ഞങ്ങൾ മൂന്നുപേരും പാറക്കുളത്തിന്റെ അരികിൽ കൂടിയത്. തലേദിവസം പന്തുകളിക്കാൻ നേരം ഗോവിന്ദൻ എന്നോടും ഓമനക്കുട്ടനോടും പറഞ്ഞിരുന്നു, എന്തോ ഒരു കാര്യം പറയാനുണ്ട് പാറക്കുളത്തിന്റെ അരികിൽ വരണമെന്ന്. അടുത്ത ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങൾ രണ്ടാളും വരുന്നതിന് മുമ്പ് തന്നെ ഗോവിന്ദൻ പാറക്കുളത്തിൽ വന്നായിരുന്നു. പക്ഷേ എപ്പോഴും ഞങ്ങൾ ഒത്തുകൂടാറുള്ള ഭാഗത്ത് അവനെ കണ്ടതേയില്ല. ഒരുപാട് നേരം വിളിച്ചപ്പോഴാണ് പാറയുടെ അടിവാരത്തുനിന്നവൻ നടന്നു വരുന്നത് കാണുന്നത്.

“ഗോവിന്ദാ എന്തോ പറയാനുണ്ടന്ന് പറഞ്ഞിട്ട്…” ഒന്നുരണ്ടു വട്ടം ചോദിച്ചിട്ടും ഒന്നും മിണ്ടാതെ കുളത്തിലേക്ക് ചെറിയ കല്ലുകൾ പെറുക്കിയിട്ടുകൊണ്ടിരുന്നു. പിന്നെ കുറെ നേരത്തെ മൗനത്തിനു ശേഷം ഗോവിന്ദൻ പറഞ്ഞു. “എന്റെ ഈ തൊഴില് നിർത്തുവാ ശശിയേ...” “നീ പിന്നെ എന്തു പണി ചെയ്യാനാ ഗോവിന്ദാ....” ഞാൻ ചോദിച്ചു. “എന്തേലും ചെയ്യും... എനിക്കു വയ്യ. ഒന്നിനും ഏകാഗ്രത കിട്ടുന്നില്ല, വല്ലോ പണിക്ക് പോയാൽ മനസമാധാനം കിട്ടുമല്ലോ... അച്ഛൻ ഈ തൊഴില് ചെയ്തിട്ട് എന്തേലും നേടിയോ... എന്നും ദുരിതങ്ങൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യനെ നശിപ്പിക്കുന്ന ദുർമന്ത്രവാദം ഇനി വേണ്ടന്ന് വെക്കുക. പുറത്തെവിടെയെങ്കിലും പണിക്കു പോവാ… എന്നിട്ട് രമണിയെയും കെട്ടി ഇവിടെവിടെയെങ്കിലും കൂടാമല്ലോ.” “വാറ്റുകാരൻ രാഘവൻ ഉടനെ പുറത്തിറങ്ങത്തില്ലന്നാ കേട്ടത്. നീയാ രമണിയെ വിളിച്ച് വീട്ടിൽ കൊണ്ടു പോയി ഒരുമിച്ച് താമസിക്ക് ഗോവിന്ദാ.” “ഇനി അങ്ങനെ എന്തേലും നോക്കണം ഓമനകുട്ടാ…” തുണിയലക്കാൻ വരുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ രമണി പാറക്കുളത്തിൽ വരുന്നതൊഴിച്ചാൽ പുറത്തേക്കൊന്നും ഇറങ്ങാതെ സദാസമയവും വീട്ടിൽ തന്നെ കഴിച്ചു കൂട്ടും. പെരുന്നാളിന് പള്ളിപ്പറമ്പിൽ വച്ച് അപ്പൻ തല്ലിയ ചെക്കൻമാർ തക്കം നോക്കിയിരുന്നു. ആ ഒരു ഭയം രമണിയെ എപ്പോഴും അലട്ടിയിരുന്നു. ഗോവിന്ദനെ കാണുന്നത് വളരെ കരുതലോടെയായിരുന്നു.

ത്രിസന്ധ്യനേരത്തും മദ്ധ്യാഹ്നത്തും കരിമ്പാറയുടെ മുകളിലേക്ക് ആരും പോകാറില്ല. അദൃശ്യമായ ദുർശക്തികൾ നിഴൽരൂപങ്ങളായി പോക്കുവരവ് ചെയ്യുന്നത് ഇത്തരം അസമയത്താണ്. ആരും പോകാത്ത അസമയത്തായിരിക്കും ഗോവിന്ദനും രമണിയും ചാത്തൻ പാറയുടെ തെക്കെ അറ്റത്ത്, പൊക്കത്തിലുള്ള കരിമ്പാറയുടെ മുകളിലേക്ക് നടക്കുക. കരിമ്പാറയിൽ നിന്ന് താഴേക്ക് നോക്കിയാൽ തട്ടുതട്ടായുള്ള പാറ അവസാനിക്കുന്നത് നീണ്ടുകിടക്കുന്ന പാടത്തേക്കാണ്. മരണങ്ങൾ ഏറെ നടന്നിട്ടുള്ളതാണിവിടെ, തട്ടുതട്ടായുള്ള പാറയിൽ ഇടിച്ച് എത്രയോ പേരുടെ മൃതശരീരം ചോരയിൽ കുളിച്ച് പാടത്തുനിന്ന് പണിക്കാർ എടുത്തിട്ടുണ്ട്. അവസാനം രണ്ടു കമിതാക്കളായിരുന്നു. അതിനു മുമ്പ് രണ്ടു കോളജ് വിദ്യാർഥികൾ ചാത്തൻപാറ കാണാൻ വന്നതായിരുന്നു. അസമയത്തെത്തിയ അവർ നേരെ നടന്നുകയറിയത് കരിപ്പാറയുടെ മുകളിലേക്കാണ്. ദുർശക്തികൾ പിന്നാലെ ഭയപ്പെടുത്തി ഓടിച്ച് കരിമ്പാറയുടെ മുകളിലെത്തിച്ച് കാൽ വഴുതി പാറയിൽ ഇടിച്ച് പാടത്തേക്ക് വീണു മരിച്ചു. പിന്നെ ഭയപ്പെട്ട് സാധരണക്കാരായ ആരും വരാറില്ല. കടുത്ത മന്ത്രപ്രയോഗത്താൽ പ്രീതിപ്പെടുത്തി, ചാത്തനും മറുതയും മാടനുമെല്ലാം ഗോവിന്ദനെ ഉപദ്രവിക്കില്ല. ഗോവിന്ദൻ രമണിയോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്റെ കൂടെയല്ലാതെ ഈ കരിമ്പാറക്കുന്ന് കയറരുത്. അസമയത്ത് കരിമ്പാറക്കുന്ന് കയറിയവരാരും തിരിച്ചിറങ്ങിയിട്ടില്ല.

ഒരിക്കൽ ഗോവിന്ദനെ കണ്ടപ്പോൾ രമണി പറഞ്ഞു. “ഇനി കാത്തിരിക്കാൻ വയ്യ ഗോവിന്ദേട്ടാ.... അപ്പൻ പോയെ പിന്നെ പലരുടെയും ശല്യമാ സഹിക്കാൻ മേലാത്തത്. അപ്പൻ ഉണ്ടായിരുന്നപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല.” വളരെ സങ്കടത്തോടെ രമണി പറയും. രമണിയുടെ സങ്കടം കേൾക്കുമ്പോൾ വിളിച്ച് വീട്ടിലേക്ക് കൊണ്ടു പോകണമെന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെ സാധിക്കും. അവടപ്പൻ വാറ്റുകാരൻ രാഘവൻ ഇതെങ്ങാനും അറിഞ്ഞാൽ എങ്ങനെ നേരിടും. ഗോവിന്ദന്റെ മനസ്സ് തിരമാല പോലെ ആടിയുലഞ്ഞു. വൈകുന്നേരം കവലയിൽ വച്ച് ഗോവിന്ദൻ എന്നോടും ഓമനക്കുട്ടനോടും പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. “വെറുതെ ഒരു രസത്തിനു വേണ്ടിയായിരുന്നു രമണിയുമായി ഗോവിന്ദനെ അടുപ്പിച്ചത്. ഇപ്പോ മതിയായി. ഇതൊക്കെ ജയിലിൽ കിടക്കുന്ന രാഘവൻ അറിഞ്ഞാൽ നമ്മക്കും കിട്ടും. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. എതായാലും വരുന്നിടത്തു വെച്ച് കാണാം.” ഓമനക്കുട്ടൻ പറഞ്ഞു. പിന്നെയും കുറെ ദിവസങ്ങൾ കഴിഞ്ഞു. 

പലപ്പോഴും രമണി തനിയെ കരിമ്പാറക്കുന്നിന്റെ മുകളിൽ പോകാറുണ്ട്. പലപ്പോഴും ഏറെ നേരം നോക്കിയിരിക്കുമ്പോഴായിരിക്കും ഗോവിന്ദൻ വരുന്നത്. ഒരിക്കൽ രമണിയോട് ഗോവിന്ദൻ ദേഷ്യപ്പെട്ട് പറഞ്ഞു. “എത്ര പറഞ്ഞാലും കേൾക്കുകേല, അസമയത്ത് ഇവിടെ വരരുതെന്ന് എത്ര പ്രാവശ്യം നിന്നോട് പറഞ്ഞിട്ടുണ്ട്.” “ഒരത്യാവശ്യകാര്യം പറയാനാണ് ഗോവിന്ദേട്ടാ വന്നത്. നമ്മുടെ കാര്യം അപ്പനോട് ആരോ പറഞ്ഞൂന്ന് തോന്നുന്നു. ജയിലിൽ കാണാൻ പോയവരാരോ പറഞ്ഞു. ഏതായാലും എല്ലാ കാര്യങ്ങളും അപ്പനറിഞ്ഞു.” ആരോടും ഒരു വഴക്കിനു പോലും പോകാത്ത ഗോവിന്ദന് ഇതിനെ എങ്ങനെ നേരിടണം എന്നതിനെപ്പറ്റി ചിന്തിച്ചു. പിന്നെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് രാഘവൻ ജയിലിൽ നിന്ന് ഇറങ്ങിയ വിവരം. ഉച്ചയ്ക്ക് രമണി ചോറുണ്ടോണ്ടിരിക്കുമ്പോഴാണ് രാഘവൻ വീട്ടിലേക്ക് കയറി വന്നത്. ആ വരവ് കണ്ടപ്പോഴെ തോന്നി നല്ല പന്തിയല്ലന്ന്. ഈ ഒരു നിമിഷം എന്ത് സംഭവിക്കുമെന്ന് അത്യന്തം ഭയത്തോടെയാണ് രമണി ഓർത്തത്. 

രമണിയെ കണ്ടപ്പോഴെ രൂക്ഷമായ നോട്ടത്തോടുകൂടി രാഘവൻ പറഞ്ഞു. “നീ ഇനി ഒരിടത്തും പോകേണ്ട ഇവിടിരുന്നാൽ മതി. കണ്ട ദുർമന്ത്രവാദിയെയൊക്കെ പ്രേമിച്ചു നടന്നോ, ചാത്തനെ സേവിച്ച് ദുർമന്ത്രവാദം നടത്തുന്ന അവനുമായിട്ട് നീ അടുത്തതു മുതലാണ് എനിക്കീ കഷ്ടകാലങ്ങൾ തുടങ്ങിയത്. ഇനി മേലാൽ അവനെ കണ്ടുപോകരുത്.” പിന്നീട് വീടുവിട്ട് പുറത്തു പോകുന്നതൊക്കെ രാഘവൻ വിലക്കിയിരുന്നു. പെണ്ണുങ്ങളുടെ കൂട്ടത്തിൽ തുണിയലക്കാൻ പാറക്കുളത്തിലേക്ക് പോയാൽ, രമണിയെ നോക്കാൻ അയലത്തുള്ള ഗോമതിയെ ഏൽപ്പിച്ചു. അവധി ദിവസം പോത്തിറച്ചി വാങ്ങാനായി രാഘവന്റെ ഇറച്ചി വെട്ടുന്നിടത്ത് ഞാൻ ചെന്നപ്പോൾ ശരിക്കും പെട്ടുപോയതു പോലെയായി. “എടാ ശശിയേ... നീ ഗോവിന്ദന്റെ കൂടെ കൂടി രമണിയെ കാണാൻ മേലാൽ വന്നേക്കരുത്. ദുർമന്ത്രവാദവും ചാത്തൻസേവയും ചെയ്തു നടക്കുന്ന അവനോട് ചെന്ന് പറഞ്ഞേക്ക്... മേലാൽ പാറക്കുളത്തിന്റെ അരികിൽ കണ്ടു പോയേക്കരുതെന്ന്. എന്റെ പിച്ചാത്തി പിടിക്ക് അവൻ തീരും. നീയും സൂക്ഷിച്ചോ, പിന്നെ നിന്റെ കൂടെ നടക്കുന്ന ഒരുത്തനുണ്ടല്ലോ... ആ ഓമനക്കുട്ടൻ, അവനോടും പറഞ്ഞേക്ക്.” പോത്തിനെ കണ്ടിക്കുന്ന വെട്ടുകത്തി പൊക്കി രാഘവൻ പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഭയന്നിരുന്നു. ഈ കാര്യം ഗോവിന്ദനോടും ഓമനക്കുട്ടനോടും പറയുന്നവരെ എന്റെ ഞെട്ടല് മാറിയിട്ടിലായിരുന്നു. 

അന്ന് വൈകുന്നേരം ഞങ്ങൾ മൂന്ന് പേരും ഗോവിന്ദന്റെ കുടിലിനു മുന്നിൽ കൂടി. ഏതോ ദേശത്തൂന്ന് വന്ന രണ്ടു പേർ ഗോവിന്ദനുമായി അകത്തിരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരോട് സംസാരിക്കുന്നതിനിടെ വെളിയിലേക്ക് ഇറങ്ങി വന്ന് ഞങ്ങളോട് പറഞ്ഞു. “നിങ്ങള് കരിമ്പാറേലേക്ക് വിട്ടോ. എന്നെ കാണാൻ രണ്ടു പേര് വന്നിട്ടുണ്ട്. അത് കഴിഞ്ഞാ ഉടനെ ഞാൻ വന്നേക്കാം, നിങ്ങള് വിട്ടോ.’’ ഞാനും ഓമനക്കുട്ടനും കൂടി റബ്ബർ തോട്ടത്തിന്റെ ഉള്ളിലൂടെ അഴുകിയ കരിയിലകളിൽ ചവിട്ടി നടന്നു. പാറക്കുളത്തിന്റെ അരികിലുള്ള കല്ലുംപ്പുറത്ത് ഇരുന്ന് പുതുതായി വിരിഞ്ഞ ആമ്പൽപ്പൂക്കളും നോക്കികൊണ്ടിരുന്നു. പിന്നെയും കുറേനേരം കഴിഞ്ഞാണ് ഗോവിന്ദൻ വന്നത്. ഗോവിന്ദനെ കണ്ടമാത്രയിൽ കല്ലുപ്പുറത്തു നിന്നേഴുന്നേറ്റ് ഓമനക്കുട്ടൻ പറഞ്ഞു. “ഗോവിന്ദാ നീ എന്തേലും ഒന്ന് തീരുമാനിക്കണം. രമണീടെ അപ്പൻ വീണ്ടും ചാരായവാറ്റ് തുടങ്ങീന്നാ കേൾക്കുന്നത്. ഇന്നാളിൽ എക്സ്സൈസുകാർ പൊക്കിയതു കൊണ്ട് കരിമ്പാറയുടെ അടിവാരത്താ… എപ്പോഴും വീട്ടിലോട്ടൊന്നും പോക്കില്ലന്നാ കേട്ടത്. ഇതാ പറ്റിയ സമയം.” “നീ അവളെ വീട്ടീന്ന് വിളിച്ചെറക്കണം.” അന്നു ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തിരുന്നു.

ശനിയാഴ്ച... ശനിയാഴ്ച രാത്രിയിലായിരുന്നു രമണിയെ വിളിച്ചിറക്കാനായി ഞങ്ങള് മൂന്ന് പേരും കൂടി കൈത്തോടിന്റെ ഒതുക്കുകല്ലേൽ കൂടിയത്. ശനിയാഴ്ച ദിവസം കരിമ്പാറയുടെ അടിവാരം വിട്ട് രാഘവൻ ഒരിടത്തും പോകില്ലെന്ന് ഞങ്ങൾക്കറിയാം. വാറ്റുചാരായത്തിന് ഞായറാഴ്ച്ച ആവശ്യകാരേറെയുള്ളതു കൊണ്ട് അടിവാരം വിട്ട് എങ്ങോട്ടും പോകില്ല. തോട്ടുംകരയിൽ നിന്ന് രണ്ടു കയ്യാല കയറിപ്പോണം രമണിയുടെ വീടെത്താൻ. കുടിലിനുള്ളിലെ ചെറിയ വെട്ടം നടക്കുന്നതിന്റെ ഇടയിൽ കാണാമായിരുന്നു. ആ വീട്ടിൽ വേറേ ആരുംതന്നെ ഇല്ലെന്ന് ഉറപ്പുവരുത്തി. ഗോവിന്ദനെ കണ്ടമാത്രയിൽ രമണി വല്ലാതെ പരിഭ്രമിച്ച് വെളിയിലേക്ക് ഇറങ്ങിവന്നു. “എന്തിനാ ഗോവിന്ദേട്ടാ ഇപ്പോ ഇങ്ങോട്ടേയ്ക്ക് വന്നത്. അപ്പൻ പഴയപോലെ അടിവാരത്ത് വെളുക്കുവോളം ഇരിക്കത്തില്ല. പാതിരാത്രിയിൽ ഇങ്ങു വരും. നിങ്ങള് വേഗം പൊക്കോ...” കുടിലിന്റെ വെളിയിൽ രമണിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു പറമ്പിലൂടെ ചൂട്ടുകറ്റ കത്തിച്ച് ആരോ നടന്നുവരുന്നത് കണ്ടത്. ഇരുട്ടിന്റെ മറവിലൂടെയെങ്കിലും ചെറിയ വെട്ടത്ത്, ഒരു വശം പൊങ്ങിയും താണുമുള്ള നടപ്പിന്റെ രീതി കണ്ടപ്പോഴെ തോന്നിയിരുന്നു, അത് രാഘവനായിരിക്കുമെന്ന്.

പിന്നെ കൂടുതൽ നേരം അവിടെ നിന്നില്ല. വീടിന്റെ പുറകുവശത്തെ റബ്ബർ തോട്ടത്തിലൂടെ ഓടി രക്ഷപെട്ടു. ആരോ വീടിന്റെ ഓരം ചേർന്ന് ഓടുന്നതു കണ്ടതുകൊണ്ടായിരിക്കാം രാഘവന് സംശയം തോന്നിയത്. ആ രാത്രിയിൽ രമണിയെ പൊതിരെ തല്ലി. ആ ഒരു സംഭവത്തിനുശേഷം രമണിയെ പിന്നെ പുറത്തു കണ്ടതേയില്ല. വൈകുന്നേരങ്ങളിൽ പാറക്കുളത്തിന്റെ അരികിലേക്ക് ഗോവിന്ദൻ പോയി തുണിയലക്കാൻ വരുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ തിരയും. കുറെ നേരം അവിടൊക്കെ ഇരുന്ന ശേഷം തിരികെ പോകും. ഒരിക്കൽ ചന്തേൽ പോയി തിരികെ വന്നപ്പോൾ രമണിയെ കണ്ടു. ഗോവിന്ദനുമായി പ്രശ്നമുണ്ടായതിന് ശേഷം ആദ്യമായാണ് രമണിയെ കണ്ടത്... “എനിക്കെങ്ങനെങ്കിലും ഗോവിന്ദേട്ടനെ കാണണം.” എന്നോട് അങ്ങനെ പറയുകയും ചെയ്തു. 

പുറത്തേയ്ക്കൊന്നും പോകാത്ത നേരങ്ങളിൽ രമണി തോട്ടുവക്കിലെ ഓലിക്കരികിൽ വെറുതെയിരുന്ന് ചിന്തകളിൽ മുഴുകും. ഒരു ദിവസം രമണി ഓർത്തു. എന്തു സംഭവിച്ചാലും ഇന്ന് ചാത്തൻ പാറയിലേക്ക് പോകണം, ഗോവിന്ദേട്ടനെ കാണണം. രണ്ടു ദിവസമായി അപ്പൻ വീട്ടിൽ തന്നെയുള്ളതുകൊണ്ട് പുറത്തിറങ്ങാനെ കഴിഞ്ഞില്ല. പിന്നീടൊരിക്കൽ അപ്പനില്ലാത്ത നേരം കരുതിവെച്ചു. കവലയിലേക്ക് പോകാനായി കൈലി ഉടുത്തോണ്ടിരുന്നപ്പോഴാണ് ഓമനക്കുട്ടൻ ഓടി കയറി വീട്ടിലേക്ക് വന്നത്. അവന്റെ മട്ടുംഭാവവും കണ്ടപ്പോൾ എന്തോ പന്തികേടുള്ളതായി എനിക്കു തോന്നി. “ഓമനക്കുട്ടാ എന്തുപറ്റി...” അവനെ നന്നായി അണയ്ക്കുന്നുണ്ടായിരുന്നു. “നീ ഇവിടെ ഇരിക്ക്, എന്നിട്ട് കാര്യം പറ…” “എടാ ശശിയെ, നീ അറിഞ്ഞോ...” “എന്നതാടാ... “ “ചാത്തൻ പാറയുടെ അടിവാരത്തെ പാടത്തേക്ക് വീണ് രമണി മരിച്ചു.” “ങേഹേ...! “എപ്പോഴായിരുന്നു.? എങ്ങനെ സംഭവിച്ചതാ…? “അതൊന്നും അറിയില്ല, ചോരയിൽ കുളിച്ച മൃതദേഹത്തിനു ചുറ്റിനും ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ട്. നീ വാ നമ്മുക്ക് അങ്ങോട്ടേക്ക് പോകാം.” “ഗോവിന്ദനിതറിഞ്ഞോ...” “എനിക്കൊന്നും അറിയത്തില്ല ഓമനക്കുട്ടാ, ഏതായാലും നമ്മുക്ക് അവിടെ വരെ പോകാം.”

ഞങ്ങൾ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പെണ്ണുങ്ങളുടെ അലമുറയിട്ടുള്ള കരച്ചിൽ സഹിക്കാൻ പറ്റാത്തതിലും അപ്പുറമായിരുന്നു. വിധിയെ ഓർത്ത് സമാധാനിക്കാനെ ഗോവിന്ദന് കഴിഞ്ഞുള്ളൂ. ആ സംഭവത്തിന് ശേഷം ഗോവിന്ദൻ ഏറെനാൾ പുറത്തേക്കിറങ്ങിയതേയില്ല. മന്ത്രവാദ ക്രിയകൾക്ക് വരുന്ന ആളുകളെ തിരികെ പറഞ്ഞയച്ചു. പതിയെപ്പതിയെ മന്ത്രവാദ ക്രിയകൾക്ക് ആരും തന്നെ വരാതെയായി. തന്നിക്കുണ്ടായ ദുരന്തങ്ങൾക്ക് കാരണം പാരമ്പര്യമായി കൈവന്ന ദുർമന്ത്രവാദമാണന്നുള്ള വിശ്വാസത്തിൽ ആ തൊഴിൽ എന്നന്നേക്കുമായി ഉപേക്ഷിച്ചു. ഗോവിന്ദന്‍ മുമ്പ് പറഞ്ഞിരുന്ന കാര്യം ഞാൻ ഓർത്തു. എന്തെങ്കിലും പണിയെടുത്ത് ജീവിക്കണമെന്ന ആഗ്രഹം ഗോവിന്ദന് മുമ്പു തന്നെയുണ്ടായിരുന്നു. രമണിയുടെ ശവസംസ്കാരവും അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളും കഴിഞ്ഞശേഷം ഞാൻ തനിയെ പാറകുളത്തിന്റെ അരികിലേക്ക് പോയി. എത്രയോ തവണ രമണി ചാത്തൻ പാറയിലേക്ക് പോയിട്ടുണ്ട്, ആ പ്രദേശത്തെ മുക്കും മൂലയും വരെ രമണിക്ക് സുപരിചിതമല്ലേ. പിന്നെയെങ്ങനിത് സംഭവിച്ചു. രമണിയുടെ മരണത്തിൽ എന്റെ മനസ്സിലൂടെ സംശയങ്ങൾ കൊടുമുടി കയറി. അങ്ങനെയാണെങ്കിൽ അതിന്റെ സത്യം അറിയണം ഞാൻ തീരുമാനിച്ചു.

പള്ളിപെരുന്നാളിന് രാഘവൻ തല്ലിയ പിള്ളേര് ചാത്തൻപാറ വഴി ഒരു പോക്കുള്ളതാ. ഒരുപക്ഷേ രമണി മരിച്ച ദിവസവും അവരവിടെ വന്നിരിക്കണം. അവരെ കണ്ട് പേടിച്ചോടിയ രമണി കരിമ്പാറക്കുന്നിലേക്ക് ഓടിയതായിരിക്കാം. എന്റെ നിഗമനങ്ങൾ ഒരു പക്ഷേ ശരിയായി കൊള്ളണമെന്നില്ല. പക്ഷേ മനസ്സ് പറയുന്നത് അങ്ങനെ തന്നെയായിരിക്കുമെന്നാണ്. ഒരു വർഷം കഴിഞ്ഞു. ആ സംഭവത്തിന് ശേഷം പിന്നീടൊരിക്കൽ പോലും എല്ലാവരും ഒരുമിച്ച് പാറക്കുളത്തിന്റെ അരികിൽ കൂടിയിട്ടില്ല. എത്ര നാളുകൾക്ക് ശേഷമാണ് ഞാൻ തന്നെ ഇങ്ങോട്ടേക്ക് വരുന്നത്. പഴയതുപോലെ ഇനി ഒന്നും ആകില്ലയെന്നറിയാം. എങ്കിലും ഈ നിശബ്ദതയിൽ അൽപനേരം ഇരിക്കാൻ തോന്നുന്നു. വിജനമായ തോട്ടത്തിലെ ഇലകൾ കൊഴിഞ്ഞ മരചില്ലകൾ നോക്കി ഞാൻ നിശ്ചലമായി നിന്നു.

English Summary:

Malayalam Short Story ' Chathan Para ' Written by Cecil Kudilil

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com