ഒന്നുമാകാതെയാവുക ഒരനുഗ്രഹമാണോ; ശൂന്യത വേരുകൾ പടർത്തി ആഴ്ന്നിറങ്ങുന്നു

Mail This Article
ഒന്നുമാകാതെയാവുക ഒരനുഗ്രഹമാണോ? എന്തോ ആയതിന്റെ അനാവശ്യ ചിന്തകളും തലക്കനവും അതിലുപരി ആ സ്ഥാനം നിലനിർത്താൻ നിരന്തരമായി പൊരുതുന്നതിന്റെ, മത്സരിക്കുന്നതിന്റെ, യുദ്ധം ചെയ്യുന്നതിന്റെ ആകെത്തുകയാണോ ജീവിതം? ശൂന്യത തന്നിലേക്ക് വേരുകൾ പടർത്തി ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നത് അയാൾ അറിയാറുണ്ട്. എന്ത് തന്നിലേക്ക് ഇറങ്ങിവന്നാലും, കയറി വന്നാലും അയാൾ അതിനെ ഗാഢമായി പഠിക്കും, താനറിയാതെയാണ് ഇത് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നയാൾ പറയാറില്ല. നിങ്ങൾ അനുവദിക്കാതെ മറ്റാരും നിങ്ങളുടെ മനസ്സിലേക്കോ, ജീവിതത്തിലേക്കോ കയറിവരാൻ കഴിയില്ല.
നിങ്ങൾക്ക് യാദൃശ്ചികം എന്ന് കരുതി അനുവദിക്കുന്ന ബന്ധങ്ങൾ ക്രമേണ നിങ്ങളുടെ ആവശ്യമായി മാറുന്നു. അവിടെയാണ് ഒരാൾ എങ്ങനെയാണ് നിങ്ങളിലേക്ക് അധിനിവേശങ്ങൾ നടത്തുക എന്ന് തിരിച്ചറിയേണ്ടത്. എന്നാൽ ആ അധിനിവേശങ്ങളുടെ ആനന്ദങ്ങളിൽ ആറാടാനായിരിക്കും അപ്പോൾ നിങ്ങളുടെ ഇഷ്ടം. കാലക്രമേണ ആ ആനന്ദങ്ങളിൽ ഉത്സാഹം കുറയും, ഇതെനിക്ക് ആവശ്യമുള്ളതാണോ എന്ന് നിങ്ങളുടെ മനസ്സ് ചോദിക്കാൻ തുടങ്ങും. അപ്പോൾ നിങ്ങൾ സ്വയം തിരഞ്ഞെടുത്ത ആ അധിനിവേശം നിങ്ങൾത്തന്നെ തിരസ്കരിക്കാൻ തുടങ്ങും. അവിടെ രണ്ട് മനുഷ്യരിൽ അന്തച്ഛിദ്രങ്ങൾ ആരംഭിക്കുന്നു.
തനിയെയുള്ള ഒരു ലോകത്തിലാണെങ്കിലും നമ്മൾ സൃഷ്ടിച്ച ചിത്രവധങ്ങൾ നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും. അവനവൻ സ്വയം നിർമ്മിച്ച് സ്വന്തം തലച്ചോറ് പുകച്ചു അഗ്നിപർവ്വതങ്ങൾ ശിരസ്സിൽ ഏറ്റി നടക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും. നഷ്ടപ്പെട്ടവന്റെയും നഷ്ട്ടപ്പെടുത്തിയവന്റെയും വേദനകൾ സമാനമാണ്. നിർഭാഗ്യവശാൽ ഈ വേദനകൾ നാം തന്നെ സൃഷ്ടിക്കുന്നതാണ്. ചിലപ്പോൾ എനിക്ക് തോന്നും ശൂന്യതയാണ് ഏറ്റവും നല്ലതെന്ന്. ഒന്നിനെ കുറിച്ചും ഓർമ്മിക്കാതിരിക്കുക. ഒരുപക്ഷെ നിങ്ങളും ഞാനും അതിനായി വേണ്ടിയായിരിക്കും കൂടുതൽ കൊതിക്കുന്നുണ്ടാവുക. അത്രയധികം ചിന്തകളും ജീവിത പ്രയാണങ്ങളും നമ്മുടെ രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്നുണ്ട്.
നിന്നെ, നിങ്ങളെ തിരിച്ചറിയാൻ എനിക്ക് പലപ്പോഴും കഴിയാറില്ല. കാരണം ഞാൻ ഒരു പരാജയമാണ്. എന്റെ പരാജയങ്ങൾ നിങ്ങളിൽ വിളക്കി ചേർത്ത് ഞാൻ ജയിക്കുവാൻ ശ്രമിക്കുന്നതാണോ ജീവിതവിജയം. ഞാൻ മാത്രം ശരി, നിങ്ങളെല്ലാം തെറ്റ്. വളരെ സുഗമമായി എടുക്കാവുന്ന ഒരു നിലപാട് അല്ലെ? അതിൽനിന്നു മാറി, എന്നിൽ ഒരുപാട് തെറ്റുകൾ ഉണ്ട്, ഞാൻ ആത്മാർഥമായി ശ്രമിക്കാതിരുന്നിട്ടാണ് ജീവിതത്തിലെ ചില നല്ല അവസരങ്ങൾ എനിക്ക് നഷ്ടമായത്. എന്നിലെ പരാജയങ്ങളിൽ നിന്ന്, തെറ്റുകളിൽ നിന്ന് പഠിച്ചു ഞാൻ ജീവിതത്തിന്റെ ഉന്നത ശ്രേണികളിലേക്ക് വീണ്ടും കുതിക്കാൻ ശ്രമിക്കും, എന്ന് നമുക്ക് ഓരോരുത്തർക്കും പറയാൻ, അല്ലെങ്കിൽ പ്രാവർത്തികമാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അലസത, വിമുഖത, മടി, അധ്വാനിക്കാൻ മനസ്സില്ലാത്ത അവസ്ഥ, എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം അല്ലെ?
നിങ്ങൾക്ക് എന്നെക്കുറിച്ചു നിങ്ങൾ പഠിച്ച ശാസ്ത്രസിദ്ധാന്തങ്ങളിലൂടെ അപഗ്രഥിച്ചു ഒരു ചിത്രവും വരച്ചുണ്ടാക്കാൻ കഴിയില്ല. ഞാൻ എന്താണെന്ന് എനിക്കും, നിങ്ങൾ എന്താണെന്ന് നിങ്ങൾക്കും മാത്രമേ നിർവചിക്കാൻ കഴിയൂ. ബാക്കിയുള്ള അഭ്യാസങ്ങളെല്ലാം എനിക്കെല്ലാമറിയാം എന്ന ജീവിതാഭ്യാസത്തിന്റെ ഭാഗം മാത്രമാണ്. നിങ്ങൾ അതിനെ മനഃശാസ്ത്രജ്ഞൻ, ജീവിതോപദേശകൻ തുടങ്ങിയ ഓമനപ്പേരുകൾ ഇട്ടു വിളിക്കും. നിങ്ങളിൽ, നന്നായി പഠിച്ചു ഉന്നത വിജയം നേടിയവരല്ല, മറിച്ചു, കുറച്ചു പഠിച്ച്, ജീവിതത്തിൽ അതെങ്ങനെ പ്രാവർത്തികമാക്കാം എന്ന് അപഗ്രഥിച്ചു, അതിനൊപ്പം വളരെ നന്നായി സംസാരിച്ചു മനുഷ്യരെ തന്റെ വാക്കുകൾ വിശ്വസിപ്പിച്ചു താനാണ് അവരുടെ രക്ഷകൻ എന്ന് അവരെ ബോധിപ്പിക്കാനാകുന്നവർ വിജയിക്കുന്നു. അവനവന്റെ അവനവനിൽ ഉള്ള ദൃഢവിശ്വാസം, അതാണ് മനുഷ്യരെ വിജയത്തിലേക്ക് നയിക്കുന്നത്.
പറയൂ, നിങ്ങൾ എന്താണ് എന്നിൽ കണ്ടെത്തിയത്? എന്ത് മരുന്നുകളാണ് നിങ്ങൾ എനിക്കായി കുറിക്കാൻ പോകുന്നത്. മരുന്നുകൾ നൽകി എന്നെ ശാന്തനാക്കാൻ കഴിയുമെന്ന് ഡോക്ടർക്ക് തോന്നുന്നുണ്ടോ? എതിരെ ഇരിക്കുന്നയാൾ പറഞ്ഞു. നിങ്ങളിൽ ഞാൻ എന്തെങ്കിലും കണ്ടെത്താനില്ല, നിങ്ങൾത്തന്നെ നിങ്ങളെ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ ആ കണ്ടെത്തലുകൾ ആസ്വദിച്ചാൽ മാത്രം മതി. ജീവിതം അതിമനോഹരമാണ്, അതിനെ നമുക്കിണങ്ങും വിധം ആസ്വദിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം. ലാളിത്യം എന്നും നിലനിൽക്കും, എന്തിനെയും അതിജീവിക്കും.