ADVERTISEMENT

‘കുരുതി’ സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചത് മാമുക്കോയയാണ്. സിനിമയോട് ഇത്രയേറെ പാഷനുള്ള, കൃത്യമായി ഡയലോഗ് ഡെലിവറി ചെയ്യുന്ന, ചെറിയ കുട്ടിയുടെ ഉത്സാഹത്തോടെ അഭിനയിച്ചു കസറിയ മാമുക്കോയയെ കണ്ട് അദ്ഭുതപ്പെട്ടുപോയി എന്നാണ് പൃഥ്വിരാജ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘കുരുതി’യുടെ സബ്ജക്റ്റ് വളരെ മികച്ചതായിരുന്നെന്നും അതിലെ വേഷം വളരെ സംതൃപ്തി തന്നെന്നും മാമുക്കോയ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും നല്ല വേഷം?

കുരുതി മികച്ച സിനിമയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോടു ചേർന്നുപോകുന്ന കഥ. എന്റെ കഥാപാത്രവും എനിക്കു വളരെയേറെ ഇഷ്ടപ്പെട്ടു. എന്നുകരുതി എനിക്കു കിട്ടിയതിൽ വച്ച് ഏറ്റവും മികച്ചത് എന്നു പറയാൻ പറ്റില്ല. എനിക്കു കിട്ടിയ മികച്ച വേഷങ്ങളിൽ ഒന്നാണ് ഇത്. പെരുമഴക്കാലത്തിലെ കഥാപാത്രം മികച്ചതായിരുന്നു. അതാണോ ഇതാണോ നല്ലത് എന്ന് പറയാൻ പറ്റില്ല. ഓരോന്നും ഓരോ രീതിയിൽ മെച്ചപ്പെട്ടതാണ്. നന്നായി ചെയ്തു എന്ന് ജനങ്ങൾ പറയുമ്പോഴാണ് നമുക്കു സംതൃപ്തി കിട്ടുന്നത്. കുരുതി കണ്ടിട്ട് ഒരുപാടുപേർ വിളിക്കുന്നുണ്ട് നല്ല അഭിപ്രായം പറയുന്നുണ്ട്. അത് കേൾക്കുമ്പോൾ സന്തോഷം. വളരെ ഇഷ്ടപ്പെട്ടു ചെയ്ത കഥാപാത്രമാണ് മൂസ ഖാദർ.

kuruthi-movie-2

കാടും മലയുമുള്ള ലൊക്കേഷൻ ആയിരുന്നല്ലോ, ബുദ്ധിമുട്ടിയോ?

ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സിനിമാ ലൊക്കേഷൻ അങ്ങനെ തന്നെയല്ലേ. ജോലി ചെയ്യാനാണല്ലോ പോകുന്നത്. ബുദ്ധിമുട്ടുണ്ടെങ്കിൽ ജോലി ചെയ്യാൻ കഴിയില്ലല്ലോ.

സിനിമ പുതിയ തലമുറയിലേക്ക് കൈമാറിയപ്പോൾ അവസരങ്ങൾ കുറഞ്ഞോ?

എനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടില്ല. കൊറോണ തുടങ്ങിയപ്പോൾ വന്ന ഇടവേളയേ ഉണ്ടായുള്ളൂ. ഇഷ്ടംപോലെ പടങ്ങൾ പെട്ടിയിൽ കിടക്കുന്നുണ്ട്. പുതിയ തലമുറയോടൊപ്പം ഞാനുമുണ്ട്. ഇനി വരാനുള്ള പടങ്ങളെല്ലാം പുതിയ കുട്ടികളുടേതാണ്.

മൂസ ഖാദർ ആയി മാറാനുള്ള തയാറെടുപ്പുകൾ?

തയാറെടുക്കുന്നതെന്തിനാ? ഞാൻ ഒരു വേഷം ചെയ്യാനും തയാറെടുക്കലില്ല. കഥാപാത്രത്തെപ്പറ്റി പറഞ്ഞു തരും, സ്ക്രിപ്റ്റ് വായിക്കും, അങ്ങ് ചെയ്യും. ശാരീരികമായി വ്യത്യാസം വേണ്ട കഥാപാത്രമാണെങ്കിൽ മെലിയുകയോ തടി വയ്ക്കുകയോ ഒക്കെ വേണമല്ലോ, അതുപോലെ മുടിയുടെ കാര്യവും ശ്രദ്ധിക്കണം. അല്ലാതെ മറ്റു തയാറെടുപ്പുകൾ ഒന്നുമില്ല.

kuruthi

പൃഥ്വിരാജ് എന്ന നടൻ?

നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്റെ തന്നെയാണ്. ഞങ്ങളൊക്കെ ചെന്ന് ഓരോ വേഷം ചെയ്യുന്നു എന്നല്ലാതെ വിജയത്തിന്റെ മുഴുവൻ അവകാശി അദ്ദേഹം തന്നെയാണ്. മനുഷ്യരെ അറിയുന്ന, അഭിനയം അറിയുന്ന, സിനിമ നന്നായി അറിയുന്ന ഒരു നല്ല വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നും ചർച്ച ചെയ്യേണ്ട കാര്യംപോലും ഇല്ല. നമ്മൾ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന് അറിയാം. നന്നായി പഠിച്ചിട്ടാണ് ഓരോന്നും ചെയ്യുന്നത്. വെറുതെ ചാടിക്കേറി ഒന്നും ചെയ്യുന്ന ആളല്ല പൃഥ്വിരാജ്.

സിനിമയുടെ കഥയും ഇന്നത്തെ സമൂഹവും

ഇന്നത്തെ സമൂഹം അങ്ങനത്തേത് ആണല്ലോ. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയായി വരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. അതിന് ഇറങ്ങിത്തിരിക്കുന്നവർ ഇല്ലാതെയാവും. ജാതിമതരാഷ്ട്രീയം ബിസിനസ് ആക്കി കളിക്കാൻ പുറപ്പെട്ടാൽ ഒരു രക്ഷയുമില്ല. ചിലർ കൊല്ലാൻ നടക്കുന്നു, ചിലർ മരിക്കാൻ നടക്കുന്നു. നിങ്ങൾ ചെയ്യുന്നത് ശരിയല്ല എന്നു പറഞ്ഞാൽ ഏൽക്കില്ല. ആളുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

പക്ഷേ വളർന്നുവരുന്ന പുതിയ തലമുറ മതരാഷ്ട്രീയത്തിനു പോകുമെന്ന് കരുതുന്നില്ല. നെറ്റ്‌വർക്കിന്റെ ലോകത്താണ് പുതിയ കുട്ടികൾ. പുറമേ നടക്കുന്ന കാര്യങ്ങൾ അവർ ശ്രദ്ധിക്കുന്നേയില്ല. കുടുംബ ബന്ധങ്ങൾക്കുപോലും വില കൽപിക്കാത്ത ഒരു ലോകം, നമ്മളൊന്നും ചിന്തിക്കാത്ത തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. പടം ഇന്നത്തെ സാമൂഹികസ്ഥിതിയാണ് കാണിക്കുന്നത്. വളരെ നല്ല അഭിപ്രായമാണ് വരുന്നത്. ഒരുപാടുപേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.

പുതിയ ചിത്രങ്ങൾ

പുതിയ ചിത്രങ്ങൾ അനവധിയുണ്ട്. കുഞ്ഞാലി മരയ്ക്കാർ, തീർപ്പ്, മെമ്പർ രമേശൻ, തുടങ്ങി പത്തുപന്ത്രണ്ടു ചിത്രങ്ങൾ റിലീസ് ആകാനുണ്ട്. കൊറോണ സിനിമാമേഖലയെ തകർത്തു കളഞ്ഞില്ലേ. എത്ര കോടിയാണ് നഷ്ടം എന്ന് വല്ല നിശ്ചയവുമുണ്ടോ. സിനിമ തിയറ്ററിൽ കാണാൻ ഉള്ള കലയാണ്. കുരുതി തിയറ്ററിൽ കണ്ടെങ്കിൽ അത് മറ്റൊരു അനുഭവം ആകുമായിരുന്നു. കുഞ്ഞാലി മരയ്ക്കാർ ഒക്കെ തിയറ്ററിൽ റിലീസ് ആകേണ്ടതാണ്. ആ സിനിമയൊന്നും ചെറിയ ഫ്രെയിമിൽ കണ്ടിട്ട് കാര്യമില്ല. തിയറ്ററുകൾ തുറന്ന് സിനിമകളെല്ലാം റിലീസ് ചെയ്യാൻ കഴിയുന്ന കാലം വരുമെന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com