എന്തുകൊണ്ട് ബറോസിൽ മലയാളി താരങ്ങൾ ഇല്ല? മോഹൻലാൽ പറയുന്നു
Mail This Article
നിധികാക്കുന്ന ഭൂതം പോലെ മലയാളികൾ സ്നേഹലാളനകൾ കൊണ്ടു കാത്തുസൂക്ഷിച്ച സ്വത്താണ് മോഹൻലാൽ. നടനായും ചലച്ചിത്രങ്ങൾ നിർമിച്ചും ആ സ്നേഹം ലാൽ മടക്കിനൽകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ സംവിധായകന്റെ റോളിലും. മോഹൻലാലിനെ മലയാളി സ്വീകരിച്ച മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത അതേ ക്രിസ്മസ് ദിനത്തിൽ ത്രീഡിയിൽ വിരിഞ്ഞ മറ്റൊരു പൂവുമായി ലാലെത്തുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രമായ ബറോസിലൂടെ വിസ്മയത്തിന്റെ ഒരിതൾ കൂടി പ്രേക്ഷകരിലേക്ക്. പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് ഗോവയിലേക്ക് കടൽപടയോട്ടങ്ങളുടെ തിരയിളക്കങ്ങൾക്കൊപ്പം നടത്തിയ യാത്ര പോലെ.. മോഹൻലാൽ നിധിയുടെ രഹസ്യങ്ങൾ പറയുന്നു.
47 വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന തീരുമാനം സുപ്രധാനമാണ്. ബറോസിലൂടെ ഇതാണ് ഞാൻ ചെയ്യേണ്ട സിനിമ എന്ന തീരുമാനത്തിലെത്തിയത് എങ്ങനെയാണ്?
വേണമെങ്കിൽ ഒരു ആക്‌ഷൻ സിനിമ ചെയ്യാമായിരുന്നു. എന്നാൽ, ആരും ചെയ്യാത്തത് ചെയ്യുമ്പോഴാണ് ഒരു ത്രിൽ. 40 വർഷമായി ഇന്ത്യയിൽ ഒരു ത്രീഡി സിനിമ വന്നിട്ട്. മൈഡിയർ കുട്ടിച്ചാത്തനു ശേഷം പല ആലോചനകൾ നടന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. ഈ സിനിമയിൽ പ്രവർത്തിച്ചവരിൽ ടി.കെ.രാജീവ് കുമാർ ഒഴികെ ആർക്കും ഒരു ത്രീഡി സിനിമയിൽ പ്രവർത്തിച്ച് മുൻപരിചയവും ഇല്ലായിരുന്നു. എല്ലാവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ഇത് കുട്ടികൾക്കു വേണ്ടിമാത്രമുള്ള സിനിമയല്ല. എല്ലാവരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ഇത് അവർക്കും കൂടി വേണ്ടിയുള്ള സിനിമയാണ്. ഇപ്പോഴും ബോബനും മോളിയും ബാലരമയും ആളുകൾ കണ്ടാൽ ആളുകൾ വായിക്കും. അത് അവരുടെ ഉള്ളിൽ ഒരു കുട്ടി ഒളിഞ്ഞിരിക്കുന്നതു കൊണ്ടാണ്. ഹാരിപോട്ടർ, ലയൺ കിങ് പോലുള്ള അനിമേഷൻ സിനിമകൾ പുതിയ കാലത്തെ കുട്ടികൾക്ക് ഇഷ്ടമാണ്. എന്നാൽ അതിൽ നിന്നു മാറി നിൽക്കുന്ന ഒരു സിനിമയാണ് ബറോസ്. ശബ്ദവും വിഷ്വലും സംഗീതവും ചേർന്ന ഒരു സിനിമയാണ് ഇത്. നിങ്ങൾ ഇതുവരെ കണ്ട സിനിമകളുടെ പാറ്റേണിലേ അല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. ആ മനസ്സോടെ വേണം ഇതിനെ സമീപിക്കാൻ.
ത്രീഡിയുടെ വെല്ലുവിളികൾ എന്തൊക്കെയാണ്?
വിദേശത്ത് ത്രീഡി സിനിമ എളുപ്പത്തിൽ ചെയ്യാം. എന്നാൽ അതുപോലെ ഇവിടെ പറ്റില്ല. ഇവിടെ ത്രീഡിയിൽ ഒരു സിനിമ ഷൂട്ട് ചെയ്യാൻ ഒരുപാട് പ്രയാസങ്ങളുണ്ട്. നല്ല പണച്ചെലവും ക്ഷമയും ആവശ്യമാണ്. എവിടെയെങ്കിലും പാളിയാൽ മുഴുവനും താളം തെറ്റും. 1600 ദിവസമാണ് ഈ സിനിമ തീർക്കാൻ എടുത്തത്. പ്രീ പ്രൊഡക്‌ഷന് തന്നെ ഒരുപാട് സമയം ചെലവഴിച്ചു. അതുപോലെ ക്യാമറ ഒരു പ്രധാന ഘടകമാണ്. രണ്ടു ലെൻസിലാണ് ത്രീഡി സിനിമ ഷൂട്ട് ചെയ്യുന്നത്. നമ്മുടെ രണ്ടു കണ്ണുകൾ പോലെയാണ്. എടുക്കുന്ന ഷോട്ടുകൾ കൃത്യമല്ലെങ്കിൽ സിനിമ കാണുമ്പോൾ തലവേദന വരും. എല്ലാം ഭംഗിയായാലും സിനിമ കണ്ടാൽ തലവേദന വന്നാൽ തീർന്നില്ലേ. അതുകൊണ്ട് അതീവശ്രദ്ധയോടെയാണ് മുന്നോട്ടു പോയത്. പ്രേക്ഷകനെ മനസ്സിൽ കണ്ടു വേണം ഷൂട്ട് ചെയ്യാൻ. മറ്റു സിനിമകളിൽ കാണുന്ന പോലുള്ള ഷോട്ട് ഡിവിഷനുകൾ ത്രീഡി സിനിമയ്ക്ക് പറ്റില്ല. ഈ സിനിമ 2 ഡിയിലേക്ക് മാറ്റുകയാണെങ്കിൽ വീണ്ടും എഡിറ്റ് ചെയ്യേണ്ടി വരും.
ആർട്ടിലെ ഗവേഷണം?
വളരെ സമയമെടുത്താണ് ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്. ജിജോയുടെ ഒരുപാടു കാലത്തെ റിസർച്ച് ഇതിന്റെ പുറകിലുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ സ്കെച്ച് വരെ ജിജോ തയാറാക്കിയിരുന്നു. ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ സൂക്ഷിച്ചാണ് ചെയ്തിരിക്കുന്നത്. പഴയ കാലത്തെ പുനരാവിഷ്കരിക്കുക അത്ര എളുപ്പമായിരുന്നില്ല.
പോർച്ചുഗൽ ചരിത്രം താങ്കളെ ഏതുരീതിയിലാണ് ആകർഷിച്ചത്?
അന്നത്തെ കാലത്ത് ഗോവയെ ‘ഗോൾഡൻ ഗോവ’ എന്നാണ് പറഞ്ഞിരുന്നത്. ലിസ്ബണിൽ കിട്ടാവുന്ന എല്ലാ സൗകര്യങ്ങളും അന്ന് ഗോവയിലും ലഭിച്ചിരുന്നു. പോർച്ചുഗീസ് പാരമ്പര്യത്തിന്റെ ഒരു വലിയ ചരിത്രം തന്നെയുണ്ട് ഗോവയ്ക്ക്. ലിസ്ബണിൽ കടലിൽ കിടക്കുന്ന ഒരു കപ്പൽ കാറ്റിൽ തനിയെ ഗോവയിൽ വന്നു ചേരുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. വാസ്കോഡ ഗാമ ഇന്ത്യയിൽ വച്ചാണ് മരിച്ചത്. പിന്നീട് അങ്ങോട്ട് കൊണ്ടുപോകുകയായിരുന്നു. ഇന്നും പോർച്ചുഗലിൽ ചെല്ലുമ്പോൾ അവിടത്തെ ആളുകൾ പറയും–നിങ്ങളുടെ നാട്ടിലെ കുരുമുളകിന്റെ പണം കൊണ്ടാണ് ഇവിടെ ഇന്ന് കാണുന്ന പലതും ഉണ്ടാക്കിയിരിക്കുന്നതെന്ന്. 120 വർഷമാണ് പോർച്ചുഗീസുകാർ ഇവിടെ ഭരിച്ചത്. അവരുടെ തനതുസംഗീതമായ ഫാദോ ഫെസ്റ്റിവൽ വളരെ പ്രശസ്തമാണ്. അതുകൊണ്ടാണ് ഫാദോ പോർച്ചുഗൽ പാട്ടിൽ സിനിമ തുടങ്ങിയത്.
ബറോസിൽ നിറഞ്ഞു നിൽക്കുകയാണല്ലോ വൂഡു?
ആദ്യമായിട്ടാണ് ഒരു മുഴുനീള അനിമേറ്റഡ് ക്യാരക്ടർ കേന്ദ്രകഥാപാത്രത്തിനൊപ്പം സിനിമയിൽ വരുന്നത്. വൂഡു എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു കഥാപാത്രം ഇല്ല. അദൃശ്യനായ ഒരാളെ മനസ്സിൽ കണ്ടുവേണം അഭിനയിക്കാൻ. പിന്നീട് പോസ്റ്റ് പ്രൊഡക്‌ഷൻ സമയത്ത് ഈ അനിമേറ്റഡ് കഥാപാത്രത്തെ സിനിമയിൽ പ്ലേസ് ചെയ്യുകയായിരുന്നു. വലിയ ഒരു ടീം തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഏറെ ശ്രമകരമായിരുന്നു അണ്ടർ വാട്ടർ സോങ് െചയ്യാൻ. ആറാഴ്ച കൊണ്ടാണ് ആ പാട്ട് ചെയ്തിരിക്കുന്നത്. 2000–3000 മെഷീനുകളാണ് ഉപയോഗിച്ചത്.
ലിഡിയൻ നാദസ്വരത്തെപ്പോലെ യുവസംഗീതജ്‍ഞൻ എങ്ങനെ ചിത്രത്തിന്റെ ഭാഗമായി?
വിഷ്വലിനൊപ്പം തന്നെ സംഗീതം ഈ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും കഥ പറയാനായി സംഗീതം ഉപയോഗിച്ചിട്ടുണ്ട്. മ്യൂസിക് വച്ചാണ് പല ഷോട്ടുകളും ചെയ്തിരിക്കുന്നത്. പലതും നീളമുള്ള ഷോട്ടുകളാണ്. ലിഡിയൻ നാദസ്വരത്തെ ആദ്യമായി ബന്ധപ്പെടുമ്പോൾ 13 വയസ്സായിരുന്നു. കുട്ടികളുടെ മനസ്സുള്ള ഒരാൾ വേണമെന്ന ആലോചനയാണ് ലിഡിയനിലെത്തിച്ചത്. 6 വർഷത്തോളമാണ് ലിഡിയിൻ ഈ സിനിമയ്ക്കൊപ്പം ഉണ്ടായിരുന്നത്. മാസിഡോണിയയിലാണ് മ്യൂസിക് ചെയ്തത്. ലൈവ് റിക്കോർഡിങ്ങായിരുന്നു. ഹോളിവുഡിലുള്ള മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം.
സംവിധായകന്റെ ഏറ്റവും കരുതലോടെയുള്ള തിരഞ്ഞെടുപ്പാണല്ലോ ക്യാമറാമാൻ. സന്തോഷ് ശിവനിലേക്ക് എങ്ങനെയെത്തി?
സന്തോഷുമായി ഒന്നിച്ചപ്പോഴൊക്കെ എപ്പോഴും മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. ക്യാമറയിലെ ഒരു മജീഷ്യനാണ് സന്തോഷ്. ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാമാൻമാരുടെ പൊസിഷനിലേക്ക് സന്തോഷ് എത്തിയത് അതുകൊണ്ട് തന്നെയാണ്. എത്ര റിസ്കിയായ ഷോട്ടും പകർത്താൻ അസാമാന്യമായ കഴിവാണ് സന്തോഷിനുള്ളത്. ത്രീഡി സന്തോഷിനും ആദ്യ അനുഭവമായിരുന്നു. സ്റ്റോറി ടെല്ലിങ്ങും ഇമോഷനും ചോർന്നു പോകാതെ സന്തോഷ് അത് നന്നായി തന്നെ പകർത്തിയിട്ടുണ്ട്. എപ്പോഴും ചാലഞ്ചും അഡ്വഞ്ചറും ഇഷ്ടപ്പെടുന്നയാളാണ് സന്തോഷ്. വാനപ്രസ്ഥം ഷൂട്ട് ചെയ്തത് പ്ലാറ്റിനം പാനാവിഷൻ ക്യാമറയിലാണ്. അന്ന് അത് ആദ്യമായി പരീക്ഷിക്കുകയായിരുന്നു. വളരെ പ്രയാസമായിരുന്നു അതിൽ ഷൂട്ട് െചയ്യാൻ. പക്ഷേ, സന്തോഷ് വളരെ എളുപ്പത്തിൽ തന്നെ അത് പഠിച്ചെടുക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്തു. സന്തോഷ് പലപ്പോഴും തമാശയായി പറയും– അണ്ണാ ഞാൻ ഓട്ടോറിക്ഷയിലാണ് പഠിച്ചത്. ബെൻസ് കിട്ടിയാലും ഓടിക്കും. അതാണ് സന്തോഷ്.
മോഹൻലാൽ വിളിച്ചാൽ ആരും ഈ ചിത്രത്തിൽ അഭിനയിക്കും. എന്നിട്ടും മലയാളത്തിൽ നിന്ന് താരങ്ങളില്ല?
എല്ലാ കഥാപാത്രങ്ങൾക്കും കണ്ടു പരിചിതമല്ലാത്ത മുഖങ്ങൾ വേണമെന്ന് തോന്നിയിരുന്നു. ഒരു മലയാള സിനിമയാണെന്ന് കാണുന്നവർക്ക് തോന്നരുത്. അതുകൊണ്ടാണ് പരിചിതമായ മുഖങ്ങളെ എല്ലാം ഒഴിവാക്കിയത്. കഥാപാത്രങ്ങളുടെ ശബ്ദത്തിന് പോലും മുൻപ് കേട്ട വോയിസ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. മിക്ക കഥാപാത്രങ്ങളെയും ഓഡിഷനിലൂടെയാണ് കണ്ടെത്തിയത്. ഇസബെല്ലയായി ആദ്യം മറ്റൊരു കുട്ടിയെയാണ് ഫിക്സ് ചെയ്തിരുന്നത്. എന്നാൽ കോവിഡ് കാരണം അവർക്ക് വരാൻ പറ്റാതായി. അങ്ങനെയാണ് മായയെ കണ്ടത്തുന്നത്. സുനിതാ റാവു എന്ന ഗായികയുടെ മകളാണ് മായ.
നഷ്ടപ്പെട്ട ഒരു നിധി തിരിച്ചുപിടിക്കാനായാൽ മോഹൻലാൽ എന്ത് തിരഞ്ഞെടുക്കും?
നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതാണ്. അതിനെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കരുത്. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുകയാണ് വേണ്ടത്.