ADVERTISEMENT

രേഖാചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി ലാലുവിനെക്കുറിച്ച് ആസിഫ് അലി പറഞ്ഞൊരു കമന്റ് ഇങ്ങനെയായിരുന്നു: "പലരും ഉണ്ണിയെ പരിചയപ്പെടുത്തുന്നത് ഷോർട്ട്ഫിലിമുകളിൽ അഭിനയിച്ച താരം എന്നാണ്. ഞാനൊരു വാക്കു തരാം. രേഖാചിത്രത്തിനു ശേഷം ഉണ്ണിക്ക് ഒരു ഷോർട്ട്ഫിലിമിന്റെ അഡ്രസ് ആവശ്യം ഉണ്ടാകില്ല. ഉണ്ണി ലാലു എന്ന ആർടിസ്റ്റിനെ രേഖാചിത്രത്തിന്റെ പേരിലാകും ഇനിയെല്ലാവരും അറിയാൻ പോകുന്നത്." സിനിമയുടെ റിലീസിനു മുൻപെ ആസിഫ് അലി പറഞ്ഞ ആ വാക്കുകൾ സത്യമായി. സിനിമ എന്ന മാധ്യമത്തെ ശക്തമായൊരു ടൂൾ ആയി ഉപയോഗിക്കുന്ന സംവിധായകൻ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിലെ പ്ര.തൂ.മു, രേഖ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തന്റെ റേഞ്ച് മുൻപെ അടയാളപ്പെടുത്തിയിട്ടുണ്ട് ഉണ്ണി ലാലു. ആ കഥാപാത്രങ്ങളുടെ തുടർച്ചയായി രേഖപ്പെടുത്താവുന്ന പ്രകടനമാണ് രേഖാചിത്രത്തിൽ ഉണ്ണി ലാലു കാഴ്ച വച്ചിരിക്കുന്നത്. വക്കച്ചൻ എന്ന കഥാപാത്രം കൊണ്ടുവന്ന സന്തോഷങ്ങളെക്കുറിച്ചും സിനിമയിലെ സ്വപ്നങ്ങളെക്കുറിച്ചും മനസ്സു തുറന്ന് ഉണ്ണി ലാലു മനോരമ ഓൺലൈനിൽ. 

ആസിഫ് ഇക്ക പറഞ്ഞത് സത്യമായി

സിനിമ ഇറങ്ങിയതിനുശേഷം എല്ലാവരും എന്നോട് രേഖാചിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ആസിഫ് അലി പറഞ്ഞതു പോലെ എന്റെ അഡ്രസ് മാറി. ഇപ്പോൾ ആളുകൾ എന്നെ കാണുമ്പോൾ സംസാരിക്കുന്നത് രേഖാചിത്രത്തെക്കുറിച്ചാണ്. വക്കച്ചൻ കൊള്ളായിരുന്നു എന്നാണ് പറയുന്നത്. ഇതിനു മുൻപ് ഫ്രീഡം ഫൈറ്റിലും രേഖയിലുമെല്ലാം നല്ല വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. എന്നിട്ടും പലരും എന്നെ സ്ഥിരം പരിചയപ്പെടുത്താറുള്ളത് ഷോർട്ട്ഫിലിംസിന്റെ പേരിലാണ്. അതെല്ലാം ഞാൻ 100 ശതമാനം ഇഷ്ടത്തോടെ ചെയ്തവയുമാണ്. പക്ഷേ, അതു മാത്രമെ ചെയ്തിട്ടുള്ളൂ എന്നു കരുതുന്നവർ പോലുമുണ്ട്. മുഖ്യധാരാ സിനിമയിൽ പ്രേക്ഷകർ അങ്ങനെ എന്നെ ശ്രദ്ധിച്ചിട്ടില്ല. രേഖാചിത്രത്തോടെ ആ കാര്യത്തിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്.  

സിനിമയ്ക്കു വേണ്ടി ലുക്ക് മാറ്റി

സിനിമയുടെ അസോഷ്യേറ്റ് സുമേഷാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. പിന്നീട് സംവിധായകൻ ജോഫിനുമായി സംസാരിച്ചു. നല്ല പരിപാടിയാണ്, ഞാൻ ചെയ്താൽ നന്നാകും എന്നു പറഞ്ഞു. താടിയും മീശയും കളയണം എന്നു കൂടി പറഞ്ഞു. ആ സമയത്ത് ഞാൻ വേറൊരു പടം ചെയ്യുകയായിരുന്നു. ചാക്കോച്ചന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമ. അതിൽ ഞാൻ പൊലീസായിട്ടാണ് ചെയ്യുന്നത്. അതിൽ മീശ വേണം, ഇതിൽ പറ്റില്ല. അവസാനം ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ ടീം പറഞ്ഞു, മീശയില്ലാത്ത പൊലീസ് ആയി ചെയ്യാം എന്ന്! അങ്ങനെ ഞാൻ മീശയും താടിയും എടുത്തു. ആദ്യം താടിയും മീശയും ഇല്ലാത്ത എന്റെ ലുക്ക് എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ, ഒരു വർഷത്തോളം ആ ലുക്കിൽ തന്നെ തുടരേണ്ടി വന്നു. ‘ഓഫിസർ ഓൺ ഡ്യൂട്ടി’, രേഖാചിത്രം, മീശ– ഈ സിനിമകളിലെല്ലാം ഈ ലുക്കിലാണ് വരുന്നത്. ആദ്യം ഇഷ്ടമായിരുന്നില്ലെങ്കിലും ഇപ്പോൾ കണ്ടു കണ്ട് ‘ഇതു കൊള്ളാലോ’ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഈയടുത്ത് ആസിഫ് ഇക്കയും പറഞ്ഞു, താടിയില്ലാത്തതാണ് കുറച്ചൂടെ ലുക്ക് എന്ന്!  

അറിയാതെ വന്ന സാമ്യത  

സത്യം പറഞ്ഞാൽ മനോജ് കെ ജയന്റെ ചെറുപ്പകാലം ആണെന്നൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സിനിമ കണ്ടവർ പറഞ്ഞു, ശരിക്കും മനോജേട്ടന്റെ ചെറുപ്പകാലം പോലെ തോന്നിയെന്ന്! താടി വടിച്ചപ്പോൾ എല്ലാവരും പറഞ്ഞു, എവിടെയൊക്കെയോ മനോജേട്ടന്റെ ഒരു ലുക്കും ഫീച്ചേഴ്സും ഉണ്ടെന്ന്! യാദൃച്ഛികമായാണ് അതു ഞാൻ തിരിച്ചറിഞ്ഞത്. ദീർഘകാലമായി ഈ താടി ലുക്കിലാണ് എന്നെ എല്ലാവരും കണ്ടിട്ടുള്ളത്. താടിയും മീശയും ഇല്ലാത്ത ലുക്ക് എനിക്കു തന്നെ ഓർമയില്ല. എന്തായാലും ആ ലുക്ക് എന്നെ ഒരുപാട് സഹായിച്ചു. കൂടെ അഭിനയിക്കുന്നവർ കിടിലനായി ചെയ്യുമ്പോൾ നമുക്കും അതുപോലെ ചെയ്യാനുള്ള ഊർജം കിട്ടും. നല്ല റിയാക്ഷൻസ് കൊടുക്കാൻ പറ്റും. സറിൻ ഷിഹാബ് ഗംഭീര ആർടിസ്റ്റാണ്. അത് ആ സീനിൽ വളരെയധികം സഹായിച്ചു. 

സിനിമ തന്നത് സൗഹൃദങ്ങൾ

ഞാനിടയ്ക്ക് ആലോചിക്കാറുണ്ട്, എങ്ങനെയാണ് ഞാനിത്ര കാലം അഭിനയരംഗത്ത് പിടിച്ചു നിന്നത് എന്ന്! അഭിനയത്തോടുള്ള പാഷൻ ഉള്ളിൽ കിടക്കുന്നതു കൊണ്ടു മാത്രമാണ് അതു സാധ്യമായത്. ഉള്ളിലെ ആഗ്രഹം അത്രയും സത്യമായതുകൊണ്ടായിരിക്കും കാലം കൂടെ നിന്നത്. ചുരുങ്ങിയത് 15 വർഷമായിട്ടുണ്ടാകും ഞാൻ സിനിമയ്ക്കു പിന്നാലെയുള്ള അലച്ചിൽ തുടങ്ങിയിട്ട്! സിനിമയിൽ അവസരങ്ങൾ കിട്ടിയത് സൗഹൃദങ്ങളിലൂടെയാണ്. ആദ്യമായി എനിക്കൊരു ഡയലോഗ് കിട്ടിയത് തരംഗം എന്ന സിനിമയിലാണ്. ഇവിടെ ഞാനുണ്ടാക്കിയിട്ടുള്ളതും സൗഹൃദങ്ങൾ മാത്രമാണ്. രേഖാചിത്രത്തിന്റെ സംവിധായകൻ ജോഫിനും അസോഷ്യേറ്റ് സുമേഷുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. 

സിനിമയ്ക്കു വേണ്ടിയെടുത്ത റിസ്ക്

കോഴിക്കോടാണ് നാട്. ഡിഗ്രിക്കു ശേഷം ജോലിക്കു കേറി. ഒരു മൊബൈൽ ഷോപ്പിലായിരുന്നു ആദ്യം. സെയിൽസിലായിരുന്നു. അവിടെ നിന്ന് ഞാൻ ടീം ലീഡ് ആയി. പിന്നെ ട്രെയിനർ ആയി. ശേഷം റീജണൽ മാനേജർ ആയി. അതിനുശേഷമാണ് ജോലി രാജി വയ്ക്കുന്നത്. ഇഷ്ടപ്പെടാത്ത ജോലിയിൽ അധികകാലം തുടരാൻ ആർക്കും കഴിയില്ലല്ലോ. ശമ്പളമുണ്ട്, കാര്യങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, തൃപ്തിയില്ല. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ തോന്നി, ഇനിയും ശ്രമിച്ചില്ലെങ്കിൽ നടക്കില്ല. കാരണം, പ്രായം കൂടിക്കൂടി വരാണല്ലോ. ഇത്രയും ഇഷ്ടപ്പെട്ടിട്ട് എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന് ഞാൻ എന്നോടു തന്നെ ചോദിക്കേണ്ട അവസ്ഥ വരരുത് എന്നുണ്ടായിരുന്നു. അങ്ങനെ റിസ്ക് എടുത്ത് ജോലി കളഞ്ഞതാണ്. ജോലി കളഞ്ഞിട്ട് എട്ടു വർഷമായി. അതിനിടയിൽ ഷോർട്ട്ഫിലിംസ് ചെയ്തു. ചെറിയ വർക്കുകൾ ചെയ്തു. എങ്ങനെയൊക്കെയോ സർവൈവ് ചെയ്തു എന്നു മാത്രമെ എനിക്ക് അറിയൂ.

രേഖ മുതൽ രേഖാചിത്രം വരെ

സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ പേര് ഇട്ടിട്ടില്ല. പടം പ്രഖ്യാപിച്ചപ്പോഴാണ് സിനിമയുടെ പേര് രേഖാചിത്രം എന്നാണെന്ന് അറിയുന്നത്. രേഖ എന്ന സിനിമ ഏറെ പ്രതീക്ഷയുള്ള ഒരു വർക്ക് ആയിരുന്നു. ആ സിനിമയിലെ അഭിനയത്തിനാണ് വിൻസി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. എനിക്കു കിട്ടിയിട്ടുള്ള ഏറ്റവും കിടിലൻ പടം രേഖയാണ്. പക്ഷേ, തിയറ്ററിൽ ആ സിനിമ വർക്ക് ആയില്ല. ഒടിടിയിലാണ് രേഖ ചർച്ച ആയത്. വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടം തോന്നിയ ചിത്രം കൂടിയായിരുന്നു അത്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലെ പ്ര.തൂ.മു എന്ന ഭാഗത്തിലെ എന്റെ കഥാപാത്രവും ശക്തമായ ഒന്നായിരുന്നു. പക്ഷേ, അതും ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിലെ കഥാപാത്രത്തെക്കുറിച്ചും നല്ല കമന്റുകളാണ് ലഭിച്ചത്. പക്ഷേ, അതിനു ശേഷവും കരിയറിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. രേഖാചിത്രത്തിൽ ഇന്ദ്രൻസ് പറയുന്നൊരു ഡയലോഗുണ്ട്, സിനിമ ഓരോരുത്തർക്കും ഓരോന്നു കാത്തുവച്ചു കാണും എന്ന്. അതുപോലെ രേഖാചിത്രം എന്ന സിനിമ എനിക്ക് എന്തെങ്കിലുമൊക്കെ കാത്തുവച്ചു കാണുമെന്നാണ് പ്രതീക്ഷ.

English Summary:

Actor Unni Lalu interview

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com