ഞാനും മമ്മൂട്ടിയും സമപ്രായക്കാർ; ‘പാച്ചു’വിലെ ഉമ്മച്ചി, ‘ഡൊമിനിക്കി’ലെ ‘മിസിസ് മാധുരി’: അഭിമുഖം

Mail This Article
മൂന്നര പതിറ്റാണ്ടിലെറെയായി കാൻസർ കെയർ രംഗത്ത് പ്രവർത്തിച്ചു വരുന്ന വിജി വെങ്കിടേശിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും സിനിമയുണ്ടായിരുന്നില്ല. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയിലൂടെ അവിചാരിതമായി സിനിമയിലെത്തുമ്പോഴും രണ്ടാമാതൊരിക്കൽ കൂടി ക്യാമറയ്ക്കു മുന്നിൽ നിൽക്കേണ്ടി വരുമെന്നു വിജി കരുതിയിരുന്നുമില്ല. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെ വിജി വെങ്കിടേശിനെ തേടിയെത്തുന്നത് കൈനിറയെ വേഷങ്ങൾ.
മമ്മൂട്ടി - ഗൗതം മേനോൻ ചിത്രം ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സാണ് ഏറ്റവും പുതിയ റിലീസ്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ മിസിസ് മാധുരി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ജയരാജ് സംവിധാനം ചെയ്ത ‘ശാന്തമീ രാത്രിയിൽ’ റിലീസിനു തയാറെടുക്കുന്നു. ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുന്നു.

മാക്സ് ഫൗണ്ടേഷന്റെ ഏഷ്യൻ റീജിയൻ ഹെഡാണ് കേരളത്തിൽ വേരുകളുള്ള മഹാരാഷ്ട്രയിൽ സ്ഥിര താമസമാക്കിയ വിജി വെങ്കിടേശ്. ജോലി തിരക്കുകൾക്കിടയിലും തന്റെ ഏറ്റവും പുതിയ പാഷനായ സിനിമയ്ക്കായും സമയം കണ്ടെത്തുകയാണ് വിജി വെങ്കിടേശ്.
മിസിസ് മാധുരി ഞാൻ തന്നെയാണ്
കഴിഞ്ഞ വർഷം ജൂൺ പത്തൊൻപതിനോ ഇരുപതിനോ ആണ് എനിക്ക് ഒരു ടെക്സ്റ്റ് മെസേജ് വന്നു. എന്റെ പേര് ഗൗതം വാസുദേവ് മേനോൻ. തമിഴ് സംവിധായകനാണ്. ഞാൻ മലയാളത്തിൽ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ്. മമ്മൂട്ടിയാണ് നായകൻ. അദ്ദേഹത്തിന്റെ തന്നെ നിർമ്മാണ കമ്പനിയാണ് പ്രൊഡക്ഷൻ. അദ്ദേഹത്തിന്റെ സിനിമകളിൽ കാസ്റ്റിങ്ങിൽ അദ്ദേഹം അഭിപ്രായം പറയാറുണ്ട്. അങ്ങനെ മമ്മൂട്ടിയാണ് താങ്കളുടെ പേര് നിർദ്ദേശിക്കുന്നത്. ഈ സിനിമയുടെ ഭാഗാമാകാൻ താൽപ്പര്യമുണ്ടോ എന്നായിരുന്നു ആ മെസേജ്. ഞാൻ അപ്പോൾ ഒരു മീറ്റിങ്ങിലായിരുന്നു. ആറു മണിക്കു ശേഷം തിരിച്ചു വിളിക്കാമെന്നു മറുപടി കൊടുത്തു. തിരിച്ചു വിളിച്ചു ഓകെ പറഞ്ഞു ജൂലൈ മാസം തന്നെ ഷൂട്ടിങ്ങും തുടങ്ങി.
പാച്ചുവും അദ്ഭുതവിളക്കും കണ്ടിട്ടാണ് എനിക്ക് മൂന്നു സിനിമകളിൽ കൂടി അഭിനയിക്കാൻ അവസരം ലഭിച്ചത്. ഈ മൂന്നു സിനിമകളിലും സ്ക്രീൻ ടെസ്റ്റോ ഓഡിഷനോ ഒന്നും ഉണ്ടായിരുന്നില്ല. പാച്ചുവിലെ അഭിനയം കണ്ടാണ് എല്ലാരും സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. അതിന്റെ ഫുൾ ക്രെഡിറ്റും അഖിൽ സത്യന് അവകാശപ്പെട്ടതാണ്.

ഗൗതം മേനോനെ ആദ്യം കാണുമ്പോൾ ഞാൻ ഒരു ഷർട്ടും ജീൻസുമാണ് ധരിച്ചിരുന്നത്. ഇതാണോ സ്ഥിരം വേഷമെന്നു അദ്ദേഹം ചോദിച്ചു. സാരിയും ക്വാഷൽസും ഒരുപോലെ ഉപയോഗിക്കാറുണ്ടെന്നു ഞാൻ പറഞ്ഞു. മിസിസ് മാധുരിയും റിയൽ ലൈഫിലെ എനിക്കും ഒരുപാട് സാമ്യങ്ങൾ. കൊസ്റ്റ്യൂം ഒഴികെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്റെ കമ്മലും വളകളും മൂക്കുത്തിയും ചെരുപ്പുകളുമാണ്.
പാച്ചുവിലെ ഉമ്മച്ചി ബോൾഡാണെങ്കിലും കുറച്ചൊക്കെ മകനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ്. മിസിസ് മാധുരി എല്ലാ അർത്ഥത്തിലും സ്വതന്ത്രയായ ഒരു സ്ത്രീയാണ്. ഒറ്റയ്ക്കു വളരെ ബോൾഡായി ജീവിക്കുന്ന സ്ത്രീയാണ് മാധുരി. എന്റെ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഒറ്റയ്ക്കു ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ മിസിസ് മാധുരിയെ മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം. ഉമ്മച്ചിക്കും മാധുരിക്കും പൊതുവായിട്ടുള്ള രണ്ടു പ്രത്യേകത ആളുകളോടുള്ള സഹാനുഭൂതിയും മാതൃത്വവുമാണ്.
മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ സീനിൽ ടെൻഷൻ
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലായിരുന്നെങ്കിലും ആദ്യത്തെ ദിവസം എനിക്ക് നല്ല ടെൻഷനായിരുന്നു. ഗൗതം വളരെ ഫ്രണ്ട്‌ലിയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ടെൻഷടിക്കേണ്ടാ, നിങ്ങളെകൊണ്ടു ആവശ്യമുള്ളത് അഭിനയിപ്പിച്ചെടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അത് ഞാൻ ചെയ്തുകൊള്ളാം എന്നാണ്. ഇതു തന്നെയാണ് അഖിൽ സത്യനും എന്നോട് പറഞ്ഞുകൊണ്ടിരുന്നത്.

മമ്മൂട്ടി ഷൂട്ടിങ് സമയത്ത് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. സെറ്റിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ മുതൽ അസിസ്റ്റന്റ് ഡയറക്ടർമാർ വരെ എല്ലാവരെയും അദ്ദേഹത്തിനു വ്യക്തമായി അറിയാം. ഒരു സീനെടുക്കുമ്പോൾ അദ്ദേഹത്തിന്റേതായ ക്രിയാത്മകമായ നിർദ്ദേശങ്ങളും പറയും. ഞാൻ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത് അറിഞ്ഞപ്പോൾ ഏറ്റവും സന്തോഷം ഉണ്ടായിരുന്നത് അമ്മയ്ക്കാണ്. കടുത്ത മമ്മൂട്ടി ആരാധികയാണ് അമ്മ. 97 വയസ്സുണ്ട് അമ്മയ്ക്ക്. ഞാൻ അമ്മയുടെ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾ തന്നെ ഞങ്ങൾ ഒരുമിച്ചുള്ള ഒരു സെൽഫിയെടുത്ത് അമ്മയ്ക്കു അയച്ചു കൊടുക്കാൻ പറഞ്ഞു. സെറ്റിൽ അദ്ദേഹം കൂടുതലും എന്റെ ജോലി സംബന്ധമായ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. ഞാനും മമ്മൂട്ടിയും ഏകദേശം ഒരേ പ്രായക്കാരാണ്. അദ്ദേഹം 1951 സെപ്റ്റംബറും ഞാൻ 1952 ജൂലൈയുമാണ്. ഞങ്ങൾ രണ്ടാൾക്കാരും ഞങ്ങളുടെ പ്രായം മറച്ചുവയ്ക്കുന്നവരല്ല അതേസമയം വളരെ യൂത്ത്ഫുളായി ജീവിതത്തെ കാണുന്നവരുമാണ്. അങ്ങനെയൊരു പോസിറ്റീവ് വൈബും ഞങ്ങൾക്കിടയിലുണ്ട്.
വിനീതും ഞാനും തമ്മിൽ സിനിമയിൽ കോംബിനേഷൻ രംഗങ്ങൾ ഇല്ല. എന്നാലും വിനീതും ഈ സിനിമയുടെ ഭാഗമാകുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വിനീത് എന്നെ ദീദി എന്നാണ് വിളിക്കുന്നത്. എനിക്കും അദ്ദേഹം എന്റെ സ്വന്തം സഹോദരനെ പോലെയാണ്.
ശാന്തമീ രാത്രിയിൽ ജയരാജിനൊപ്പം
ജയരാജിന്റെ ശാന്തമീ രാത്രിയിലും എനിക്ക് മികച്ച വേഷമാണ് ലഭിച്ചത്. ഉമ്മച്ചിയുടെയും മാധുരിയുടെയും കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു വേഷമാണ് ചിത്രത്തിലേത്. ഈ വർഷം പ്രദർശനത്തിനു എത്തുന്ന ചിത്രത്തിൽ ഒരു റൊമന്റിക് വേഷത്തിലാണ് ഞാൻ എത്തുന്നത്. അഖിൽ സത്യനെയും വിനീതിനെയും വിളിച്ചതിനു ശേഷമാണ് അദ്ദേഹം എന്നെ ബന്ധപ്പെടുന്നത്. വളരെ സീനിയറായ ഡയറക്ടറാണ് ജയരാജ്. തന്റെ സിനിമയെക്കുറിച്ചു കൃത്യമായ ധാരണയും ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്.

എന്റെ ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുന്നു. പാ. രജിത്തിന്റെ അസോസിയേറ്റായിരുന്ന തേൻപതിയനാണ് സംവിധായകൻ. ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ പുറത്ത് പറയാറായിട്ടില്ല.
സർപ്രൈസ് ആയെത്തിയ ഭാഗ്യം
എന്റെ എഴുപതുകളിൽ എന്നെ തേടിയെത്തിയ ഭാഗ്യമാണ് സിനിമ. തികച്ചും അപ്രതീക്ഷിതമായി സിനിമയിൽ വന്ന വ്യക്തിയാണ് ഞാൻ. ജോലിക്കൊപ്പം ഞാൻ ഇപ്പോൾ സിനിമയും ആസ്വദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിക്കു ഷൂട്ടിങ് ആരംഭിച്ചതിനു ശേഷം രാത്രി ഏഴു മണിക്കാണ് അവസാനിച്ചത്. എനിക്ക് ഒട്ടും മടുപ്പ് അനുഭവപ്പെട്ടില്ല. കാരണം ഞാൻ ഈ പ്രോസസ്സ് ആസ്വദിക്കുന്നുണ്ട്. അത്യാവശ്യം തിരക്കുള്ള ഒരു ജോലിയാണ് എന്റേത്. എല്ലാവരും എന്റെ ജോലിയ്ക്കു വലിയ ബഹുമാനം നൽകുന്നുണ്ട്. എന്റെ ഷൂട്ടിങ് ഡേറ്റ്സ് പോലും ജോലിയെ ബാധിക്കാത്ത രീതിയിൽ ക്രമപ്പെടുത്താൻ എല്ലാ സംവിധായകരും ശ്രദ്ധിച്ചിട്ടുണ്ട്.
23നു ചെന്നൈയിൽ രാത്രി 10.30-നാണ് ഞാൻ സിനിമ കാണുന്നത്. ഹൗസ്ഫുളായിരുന്നു. മമ്മൂട്ടി വരുമ്പോൾ വലിയ കയ്യടിയാണ്. ഗൗതം ചിത്രത്തിലൊരു കാമിയോ റോൾ ചെയ്യുന്നുണ്ട്. ഗൗതത്തിന്റെ സീനിനും വലിയ കയ്യടിയാണ്. അദ്ദേഹത്തിനു ചെന്നൈയിലൊരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്.
സിനിമ കണ്ടതിനു ശേഷം എനിക്ക് സിംഗപ്പൂരിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമൊക്കെ ആശംസകൾ ലഭിക്കുന്നുണ്ട്. തൊഴിൽ മേഖലയുമായി ഞാൻ ബന്ധപ്പെട്ടു നിൽക്കുന്ന ആളുകൾ കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എല്ലാവരും വളരെ ഹാപ്പിയാണ്. എന്റെ ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക അദ്ദേഹമായിരുന്നു. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.