ഒൻപതു മാസം സെമിനാരിയിൽ പഠിച്ചു; വിജയ് സിനിമയിൽ നിന്നും വിളി വന്നിരുന്നു: പെപ്പെ അഭിമുഖം

Mail This Article
മികച്ച സിനിമകളുടെ കൂട്ടുകാരനാണ് ആന്റണി വർഗീസ്. മലയാളികളുടെ സ്വന്തം ‘പെപ്പേ’. ‘ദാവീദ്’ സിനിമയിൽ ബോക്സിങ് താരമാകാൻ 24 കിലോയോളം തടികുറച്ച്, മസിൽ കൂട്ടി, ശരീരം ക്രമീകരിച്ചാണ് ആന്റണി എത്തിയത്.
മുന്നൊരുക്കം
സിനിമയുടെ ആദ്യചർച്ചയിൽത്തന്നെ സംവിധായകൻ ഗോവിന്ദ് വിഷ്ണു ‘ആഷിഖ് അബു’വെന്ന കഥാപാത്രത്തെക്കുറിച്ചു വ്യക്തമായ ചിത്രം നൽകിയിരുന്നു. ഭാര്യയും കുട്ടിയുമുള്ള, ജോലിക്കു പോകാൻ താൽപര്യമില്ലാത്ത, മടിയനായ ഒരാൾ. അത്തരമൊരു സാധാരണക്കാരൻ ബോക്സിങ് താരമായി മാറുന്നതാണ് സിനിമ. ആറു മാസം മുൻപു തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഭക്ഷണം നിയന്ത്രിച്ചു. വർക്കൗട്ട് തുടങ്ങി. രണ്ടു നേരം ജിമ്മിൽ പരിശീലനം. ഒരു നേരം ബോക്സിങ് പരിശീലനം. അങ്ങനെയാണ് മുന്നോട്ടുപോയത്.
ആദ്യമൊക്കെ വല്യ കുഴപ്പമില്ലാത്ത ഡയറ്റ് ആയിരുന്നു. ചോറും പച്ചക്കറിയുമൊക്കെ കൃത്യമായി അളന്നാണ് കഴിച്ചത്. പക്ഷേ പരിശീലനം അവസാനഘട്ടമെത്തിയപ്പോഴേക്ക് ഡയറ്റും ടൈറ്റായി. ചോറൊഴിവാക്കി. ചിത്രത്തിലെ ബോക്സിങ് രംഗങ്ങൾ ചിത്രീകരിച്ചത് ഏറ്റവും അവസാനമാണ്. ഇതിനായി ഭാരം കുറച്ചു കുറച്ച് 74 കിലോ വരെ എത്തിച്ചു. അതിനുവേണ്ടി നന്നായി കഷ്ടപ്പെടേണ്ടിവന്നു.
അതിരാവിലെ ജിമ്മിൽ പോകും. അവിടെനിന്ന് ഷൂട്ടിങ്ങിന്. അതിനുശേഷം ലൊക്കേഷനിൽ പരിശീലകനെത്തി ബോക്സിങ് പരിശീലനം. പിന്നീട് വീണ്ടും ഷൂട്ട് നടത്തും. അതുകഴിഞ്ഞ് വീണ്ടും ജിമ്മിലേക്ക്. ഇത്രയും കഴിഞ്ഞാണ് വിശ്രമം. ആർഡിഎക്സ് ചെയ്യുമ്പോൾ 94 കിലോ ആയിരുന്നു എന്റെ ശരീരഭാരം. അവിടെനിന്നാണ് 74ലേക്ക് എത്തിയത്.
പുത്തലത്ത് രാഘവനെന്ന റിയൽലൈഫ് ഹീറോ
കോഴിക്കോട്ടെ പൂളാടിക്കുന്ന് എന്ന ഗ്രാമം ബോക്സിങ് വില്ലേജ് എന്നാണ് അറിയപ്പെടുന്നതെന്നും സംസ്ഥാനത്തെ ബോക്സിങ് പരിശീലകരുടെ ആശാനാണ് പുത്തലത്ത് രാഘവനെന്നും സംവിധായകൻ ഗോവിന്ദ് എന്നോടു പറഞ്ഞിരുന്നു. സിനിമയുടെ നട്ടെല്ലാണ് ആ കഥാപാത്രം. ഇതോടെ രാഘവൻ മാഷിനെക്കുറിച്ചു കൂടുതൽ അറിയണമെന്നു തോന്നി. വിവരങ്ങൾ ശേഖരിച്ചു. ഡോക്യുമെന്ററികൾ കണ്ടു. സിനിമയുടെ റിലീസിനുമുൻപു പൂളാടിക്കുന്നിൽ പോയി. കുടുംബത്തെ കണ്ടു. രാഘവന്റെ മാഷിന്റെ ശിഷ്യന്മാരെ കണ്ടു. ശിഷ്യന്മാരുടെ ശിഷ്യന്മാരെ കണ്ടു. വലിയ കാര്യങ്ങളാണ് അദ്ദേഹം തുടങ്ങിവച്ചത്. അതെല്ലാം ഇന്നും അതുപോലെ തുടരുന്നു. അദ്ദേഹത്തോടുള്ള ആരാധന എല്ലാക്കാലത്തും ഉള്ളിലുണ്ടാവും.
ചോര വീണ പരിശീലനം
ബോക്സിങ് പരിശീലിപ്പിച്ചത് ദേശീയ ചാംപ്യൻമാരായ ജിതിനും ടിൻസനുമൊക്കെ ചേർന്നാണ്. ആദ്യമൊക്കെ ശരീരചലനം ബുദ്ധിമുട്ടായിരുന്നു. ലോകചാംപ്യനാണ് എതിരെയുള്ളത്. അതിനെ മറികടക്കുന്നത് വേഗത്തിലുള്ള ചലനത്തിലൂടെയായിരുന്നു. ഇടയ്ക്ക് പ്രതിരോധം പാളും. അപ്പോൾ നല്ല ഇടികിട്ടിയിട്ടുണ്ട്. ഷൂട്ടിന്റെ സമയത്തുപോലും ഇടികിട്ടി കിളി പോയിട്ടുണ്ട്.
പാൻ ഇന്ത്യൻ
മറ്റു ഭാഷകളിൽനിന്ന് വിളി വരുന്നുണ്ട്. പക്ഷേ മലയാളത്തിൽ ഇപ്പോൾ ചെയ്യുന്നതെല്ലാം കൂടുതൽ സമയം ആവശ്യമുള്ള സിനിമകളാണ്. ‘ദാവീദും’ ‘കൊണ്ടലു’മൊക്കെ വളരെയധികം സമയമെടുത്ത് ചെയ്ത സിനിമയാണ്. ഇവിടെ ചെയ്യുന്ന സിനിമകളോട് നമുക്കൊരു കമ്മിറ്റ്മെന്റുണ്ട്. ‘അജഗജാന്തരം’ ചെയ്യുന്ന സമയത്താണ് ‘മാസ്റ്ററി’ലേക്ക് വിളി വന്നത്. ആ സിനിമയിൽനിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നില്ല. വേറെ ഷൂട്ട് ഇല്ലാത്ത സമയമാണെങ്കിൽ അന്യഭാഷാ സിനിമ ചെയ്തിരിക്കും. ഈ വർഷം നല്ലൊരു ലൈനപ്പുണ്ട്. ആക്‌ഷനുണ്ട്. പല ജോണറുകളിലുള്ള സിനിമകളുമുണ്ട്. എല്ലാം നന്നാവുമെന്നാണ് പ്രതീക്ഷ.
സെമിനാരിക്കാലം
സെമിനാരിയിൽ പോയി വൈദികൻ ആവുകയെന്നത് ചെറുപ്പക്കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. മൈസൂരുവിനടുത്ത് ഒരു സെമിനാരിയിൽ പഠിക്കാൻ പോയി. ഒൻപതു മാസത്തോളം പഠിച്ചു. എനിക്ക് പറ്റിയ പരിപാടി അല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. അങ്ങനെയാണ് നിർത്തിയത്. ജീവിതത്തിൽ ഇതുവരെയെടുത്ത തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇപ്പോൾ മനോരമയോട് സംസാരിക്കുന്നതുപോലും അന്നെടുത്ത തീരുമാനം കാരണമാണ്.