സെയിൽസ്മാനിൽനിന്നും നടനിലേക്ക്; കഷ്ടപ്പാടിന് ശേഷം കിട്ടിയ മധുരം; ഉണ്ണി ലാലു അഭിമുഖം

Mail This Article
കോഴിക്കോട് മാവൂർ റോഡിലെ മൊബൈൽ ഷോറൂം സെയിൽസ്മാന്റെ വേഷത്തിൽനിന്ന് 15 വർഷത്തെ ദൂരമുണ്ട് രേഖാചിത്രത്തിലെ വക്കച്ചനിലേക്ക്! ഒരു സാധാരണക്കാരൻ സിനിമ സ്വപ്നം കണ്ടു നടന്ന 15 വർഷങ്ങൾ. ഇന്നു ഹിറ്റ് സിനിമകളുടെ ഭാഗമായ ആ നടന്റെ പേര് ഉണ്ണി ലാലു. ഡിഗ്രി പഠനകാലം മുതൽ തന്നെ പാർട്ട് ടൈം ജോലിക്കു പോയ ഉണ്ണി സെയിൽസ്മാനായാണ് ‘കരിയർ’ ആരംഭിച്ചത്. പിന്നീട് ട്രെയിനറായും ടീം ലീഡറായും റീജനൽ മാനേജരായും വളർന്നു. പക്ഷേ, മനസ്സിലെ സിനിമാ മോഹം അതിനൊപ്പം വളരാനാകാതെ കിടന്നു. ഒടുവിൽ ജോലി വിട്ടു.
രേഖ മുതൽ രേഖാചിത്രം വരെ
ജോലി രാജിവച്ചതോടെ സിനിമയിൽ വേഷം തേടിയുള്ള യാത്രയായിരുന്നു. അതിനിടെ കുറെ ഷോർട്ട് ഫിലിമുകൾ. പലതും ശ്രദ്ധിക്കപ്പെട്ടു. തരംഗം എന്ന സിനിമയിൽ ടൊവിനൊയ്ക്കൊപ്പം ചെറിയ വേഷം കിട്ടി. അതിനു ശേഷം ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിൽ പ്ര.തൂ.മു എന്ന ഭാഗത്തിലെ ശക്തമായ കഥാപാത്രം. പക്ഷേ, ഉണ്ണിയിലെ നടനെ അടയാളപ്പെടുത്തിയത് ‘ രേഖ’ എന്ന സിനിമയാണ്. തിയറ്ററിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായിക വിൻസി അലോഷ്യസിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയതോടെ പലരും തേടിപ്പിടിച്ച് ആ സിനിമ കണ്ടു. വിൻസിക്കൊപ്പം തകർപ്പൻ പ്രകടനം കാഴ്ചവച്ച ഉണ്ണിയുടെ ചിത്രം അവിടെ തെളിയുകയായിരുന്നു. അങ്ങനെ രേഖയിൽനിന്നു രേഖാചിത്രത്തിലേക്കുള്ള വളർച്ച. ഇക്കാലയളവിൽ നിലനിൽപിനുള്ള പോരാട്ടമായിരുന്നെന്നു തുറന്നു പറയാൻ ഉണ്ണിക്ക് ഒരു മടിയുമില്ല. ജീവിക്കാനായി കേറ്ററിങ് ജോലിയും ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിയും ഒക്കെ ചെയ്തു, സിനിമയിലല്ല ജീവിതത്തിൽ.
ആസിഫിന്റെ പ്രവചനം
രേഖാചിത്രം ഇറങ്ങുന്നതിനു മുൻപ് ഒരു പ്രമോഷൻ പരിപാടിയിൽ അവതാരക ഷോർട്ട് ഫിലിം ആക്ടർ എന്ന് ഉണ്ണിയെ പരിചയപ്പെടുത്തിയപ്പോൾ നടൻ ആസിഫ് അലി ഇടപെട്ടു. ‘‘പലരും ഉണ്ണിയെ പരിചയപ്പെടുത്തുന്നത് ഷോർട്ട് ഫിലിം താരം എന്നാണ്, എന്നാൽ ഞാൻ വാക്ക് തരാം, രേഖാചിത്രത്തിനു ശേഷം ഉണ്ണിക്ക് ഷോർട്ട് ഫിലിമിന്റെ അഡ്രസ് ആവശ്യമുണ്ടാകില്ല’’ – ആസിഫ് പറഞ്ഞത് ഇന്നു സത്യമായ സന്തോഷത്തിലാണ് ഉണ്ണി.
മനോജ് കെ.ജയന്റെ വിളി
മനോജ് കെ.ജയന്റെ ചെറുപ്പകാലമാണ് രേഖാചിത്രത്തിൽ ഉണ്ണി അവതരിപ്പിച്ചത്. ഷൂട്ടിങ്ങിനിടെ ഒരിക്കൽ പോലും നേരിട്ടു കണ്ടിരുന്നില്ല. സിനിമ ഇറങ്ങിയ ശേഷം അദ്ദേഹം ഉണ്ണിയെ ഫോൺ വിളിച്ചു പറഞ്ഞത് ഇങ്ങനെ– ‘‘നീ തകർത്തല്ലോ, എന്റെ മകൾ പറഞ്ഞപ്പോഴാണ് നമ്മൾ തമ്മിലുള്ള സാമ്യം ഞാൻ ശ്രദ്ധിച്ചത്’’. യാദൃച്ഛികമായി സംഭവിച്ച ഈ സാമ്യം മറ്റു പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതെല്ലാം തനിക്കു കിട്ടിയ അവാർഡുകളാണെന്ന് ഉണ്ണി പറയുന്നു.
കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലെ മീശയില്ലാ പൊലീസിനും അഭിനന്ദന പ്രവാഹമാണ്. ഇനിയും കൂടുതൽ മികച്ച വേഷങ്ങൾ കാത്തിരിക്കുന്ന ഉണ്ണി രേഖാചിത്രത്തിലെ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം പറഞ്ഞ ഒരു ഡയലോഗ് മനസ്സിൽ കൊണ്ടു നടക്കുകയാണ്. ‘‘സിനിമ ഓരോരുത്തർക്കും ഓരോന്ന് കാത്തുവച്ചു കാണും’’