മോഹൻലാലിന്റെ ഇൻട്രോ സീൻ ഷൂട്ട് ചെയ്തത് ലഡാക്കിൽ, ആ ഹെലികോപ്റ്ററുകൾ ആന്റണി ചേട്ടന്റെ ഗോഡൗണിൽ കിടപ്പുണ്ട്’

Mail This Article
എമ്പുരാൻ സിനിമയെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും നിറയുമ്പോഴും ആർക്കും എതിരഭിപ്രായമില്ലാത്തത് സിനിമയുടെ മേക്കിങ്ങിനെക്കുറിച്ചാണ്. ഫ്രെയിമുകളും ഷോട്ടുകളും ലൊക്കേഷനുകളും അത്തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എമ്പുന്റെ പിന്നിലുള്ള കഥകളുമായി സിനിമയുടെ ആർട്ട് ഡയറക്ടർ മോഹൻദാസ് മനോരമ ഓൺലൈനിനൊപ്പം.
ലൊക്കേഷൻ ഹണ്ട്!
ഞാൻ 2018 സിനിമയിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് രാജുവേട്ടൻ എനിക്ക് മെസ്സേജ് അയക്കുന്നത്. എവിടെയാണ് എന്നു ചോദിച്ച്, ഞാൻ ഷൂട്ടിലാണ് എന്നു പറഞ്ഞു. ഒന്നു കാണണമല്ലോ എന്ന് രാജുവേട്ടൻ പറഞ്ഞു, എവിടെയാണെന്നു ചോദിച്ചപ്പോൾ ആടുജീവിതത്തിന്റെ ഷൂട്ടിനു പത്തനംതിട്ടയിലാണെന്ന് പറഞ്ഞു. അങ്ങനെ അവിടെ പോയി കണ്ടു. കാരവനിൽ കയറി, ഒരു പത്ത് മിനിറ്റ് കൊണ്ട് നമ്മുടെ കുഞ്ഞു സിനിമയുടെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാൻ നോക്കാമെന്നു പറഞ്ഞു, സ്ക്രിപ്റ്റ് അയയ്ക്കാനുള്ള പരിപാടി ചെയ്യാമെന്ന് രാജുവേട്ടനും പറഞ്ഞു. 2018 സിനിമ കഴിഞ്ഞിട്ട് ലൊക്കേഷൻ നോക്കാൻ പോകാമെന്നും പറഞ്ഞു. അങ്ങനെ സ്ക്രിപ്റ്റ് കിട്ടി, ഒരു ഏഴെട്ട് മാസത്തമെടുത്തു ഇന്ത്യയിലെ ലൊക്കേഷൻ നോക്കാൻ. അതുകഴിഞ്ഞ് ഇന്ത്യയ്ക്കു പുറത്ത്. പല പല രാജ്യങ്ങളിലാണ് നമ്മൾ ഷൂട്ട് ചെയ്തിരിക്കുന്നത്; യുഎസിലും യുകെയിലുമൊക്കെ. യുകെ യുകെ ആയിത്തന്നെയാണ് സിനിമയിൽ കാണിക്കുന്നത്. പക്ഷേ അമേരിക്കയിൽ ഷൂട്ട് ചെയ്തിരിക്കുന്നത് പല രാജ്യങ്ങളായാണ് കാണിക്കുന്നത്. സെനഗൽ ഒക്കെ. പിന്നെ ഇറാഖ് സെറ്റിട്ടത് ചെന്നൈയിലാണ്.
സ്ക്രിപ്റ്റ് കിട്ടിയ ഉടനെ ലൊക്കേഷൻ നോക്കാൻ അസോസിയേറ്റ് ഡയറക്ടറും ഞാനും കൂടെയാണ് പോയത്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ, ലഡാക്ക് – ഇവിടെയൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരുപാട് സമയമെടുത്താണ് ഓരോ ലൊക്കേഷനും കണ്ടെത്തിയത്. സെനഗലിൽ ലാൽ സാറിന്റെ ഹെലികോപ്റ്ററിലുള്ള ഇൻട്രോ സീൻ ഷൂട്ട് ചെയ്തത് ലഡാക്കിലാണ്. ഗുജറാത്തിൽ ലൊക്കേഷൻ കണ്ടു പിടിക്കാനാണ് നമ്മൾ കൂടുതൽ സമയമെടുത്തത്. ഗുജറാത്തിലെ മൂളിയിൽ അംബികാനഗർ പാലസിലാണ് ഷൂട്ട് ചെയ്തത്. നമ്മൾ സിനിമയിൽ കാണുന്നതുപോലെയേ അല്ല ആ സ്ഥലമിരിക്കുന്നത്. ബിൽഡിങ് അതുതന്നെയാണ്. സറൗണ്ടിങ് മുഴുവൻ നമ്മൾ സെറ്റിട്ടതാണ്. കോമ്പൗണ്ടും ആ ഗേറ്റ് ഇടിച്ചുപൊളിക്കുന്നതുമെല്ലാം സെറ്റ് ഇട്ടതാണ്. ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാൻ പറ്റും, അമ്പികാനഗർ പാലസ് എന്നു പറയുന്നത് മുഴുവൻ ഗാർഡനൊക്കെയായിട്ട് തൊണ്ണൂറ് വർഷത്തെ ചരിത്രമുള്ള ഒരു പാലസാണ്. അതു മൊത്തം മാറ്റിയാണ് നമ്മൾ സെറ്റിട്ടത്. അങ്ങനെയൊരു സ്ഥലം കിട്ടുമോ എന്നുതന്നെ സംശയമായിരുന്നു. പാലസിനു മുന്നിൽ അഞ്ച് ഏക്കറോളം സ്ഥലത്താണ് ആ ഗ്രൗണ്ട് കിടക്കുന്നത്. നമുക്ക് അത് പ്ലെയിൻ ലാൻഡ് ആയിട്ട് കിട്ടണം, പിന്നെ ഗേറ്റ് വേണം, അതു കഴിഞ്ഞ് ആ വണ്ടിയൊക്കെ സറൗണ്ട് ചെയ്ത് കിടക്കണം, അത്രയും സ്ഥലം പ്ലെയിൻ ആയിട്ട് എവിടെയും കിടക്കില്ലല്ലോ അങ്ങനെ. കൃഷിക്കോ മറ്റോ ആൾക്കാർ ഉപയോഗിക്കുമല്ലോ അത്തരം സ്ഥലങ്ങൾ. അങ്ങനെ ഈ സ്ഥലം കിട്ടി. അവിടെ മുപ്പത്തിരണ്ടോളം മരങ്ങളുണ്ടായിരുന്നു. പ്രൊഡക്ഷനിലുള്ള ആളുകൾ അവരോട് സംസാരിച്ച് ജെസിബി കൊണ്ടുവന്ന് ആ മരങ്ങളൊക്കെ ക്രെയിൻ വച്ച് പിഴുതെടുത്ത് മറ്റൊരിടത്ത് കൊണ്ടുപോയി പ്ലാന്റ് ചെയ്തു. എന്നിട്ട് ഷൂട്ട് കഴിഞ്ഞിട്ട് തിരിച്ച് നമ്മൾ തന്നെ അവിടെ പ്ലാന്റ് ചെയ്തു.
പൃഥ്വിരാജിന്റെ വിഷൻ
ഭീകര വിഷനാണ്. മുരളിച്ചേട്ടൻ എഴുതിയ ആ സ്ക്രിപ്റ്റിനകത്ത് എല്ലാം വ്യക്തമായിട്ടുണ്ട്. നമ്മൾ ആ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ എങ്ങനെയാണോ ലൊക്കേഷൻ വേണ്ടത് എന്ന ചിത്രം നമ്മുടെ മനസ്സിൽ വരും. അങ്ങനെ മനസ്സിൽ വന്ന ലൊക്കേഷനാണ് നമ്മൾ തിരയുന്നത്. ആ ലൊക്കേഷൻ ഇങ്ങനെയായിരിക്കണം എന്ന് കൃത്യമായ സ്കെച്ചിലൂടെ നമ്മളെ രാജുവേട്ടൻ കാണിക്കും. അതിൽ പുള്ളിയുടെ വിഷൻ കൃത്യമായി നമ്മുടെ മനസ്സിൽ തെളിയും, കമ്മ്യൂണിക്കേഷൻ അത്ര ക്ലിയർ ആണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും പുള്ളിയുടെ പടങ്ങളിൽ വർക്ക് ചെയ്യാൻ പറ്റുന്നത്.
ഏതാണ് സെറ്റ്, ഏതാണ് വിഎഫ്എക്സ്
ഖർഘോഷ് സ്ട്രീറ്റിൽ വണ്ടികൾ വരുന്ന റോഡുൾപ്പെടെ സൈഡിലെ ബിൽഡിങ്ങൊക്കെ നമ്മൾ ചെയ്തതാണ്. അതിന്റെ വൈഡ് വരുന്ന എക്സ്റ്റൻഷൻ ഗ്രാഫിക്സിൽ ചെയ്തു. ചർച്ചിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും മുഴുവൻ നമ്മൾ തന്നെ ചെയ്തതാണ്.
ഹെലികോപ്റ്റർ ഫ്രം പെരുമ്പാവൂർ ടു ലഡാക്ക്
രണ്ട് ഹെലികോപ്റ്റർ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്. ആന്റണി ചേട്ടന്റെ പെരുമ്പാവൂരുള്ള ഗോഡൗണിലാണ് അത് ചെയ്തത്. ഇപ്പോഴും ആ ഹെലികോപ്റ്റർ അവിടെ തന്നെ ഇരിപ്പുണ്ട്. ഇവിടുന്ന് നമ്മൾ ഉണ്ടാക്കിയിട്ട് ലഡാക്കിലേക്ക് കൊണ്ടുപോയി. രണ്ട് ലോറിയിലായിട്ടാണ് ഇവിടുന്ന് കൊണ്ടുപോയത്. ആ ലോറി സിനിമയിൽ അഭിനയിക്കുകയും ചെയ്തു, ആ ട്രക്ക് ബ്ലാസ്റ്റ് ചെയ്യുന്ന സീനിൽ ആ ലോറിയാണ് ഉപയോഗിച്ചത്. എന്നിട്ട് ഷൂട്ട് കഴിഞ്ഞിട്ട് നമ്മൾ ആ ലോറി ഒന്ന് മെയിന്റയിൻ ചെയ്തെടുത്തിട്ട് ഹെലികോപ്റ്റർ തിരിച്ചിങ്ങ് കൊണ്ടുപോന്നു.