ലൂസിഫറിലെ ഡ്രാക്കുള പള്ളി; 8 ലക്ഷം മുടക്കി നവീകരിച്ച് ആശിർവാദ്; എമ്പുരാന്റെ തുടക്കമോ?
Mail This Article
ലൂസിഫർ ചിത്രത്തിന്റെ കഥാഗതി തന്നെ മാറ്റുന്ന കൂടിക്കാഴ്ച. അതിനായി തിരഞ്ഞെടുത്ത സ്ഥലവും മലയാളിക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. ഇടിഞ്ഞു വീഴാറായ ഒരു പള്ളിക്ക് സമീപമുള്ള കല്ലറയിലിരുന്ന് സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം പ്രിയദർശിനിയോട് കഥ പറയുന്നു. മോഹൻലാലിന്റെ അഭിനയത്തിനൊപ്പം മലയാളി ശ്രദ്ധിച്ചത് ആ സ്ഥലം കൂടിയാണ്. തേയിലത്തോട്ടത്തിനു നടുവിൽ ഇലകൊഴിഞ്ഞ് നിൽക്കുന്ന മരത്തിനു സമീപം തകർന്നു വീഴാറായ പള്ളിയും കുറേ കല്ലറകളും.
ഇത് സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതാണെന്ന് കരുതിയെങ്കിൽ തെറ്റി. കട്ടപ്പനയ്ക്കു സമീപം ഉപ്പുതറ പഞ്ചായത്തിലെ ലോൺട്രി രണ്ടാം ഡിവിഷനിലാണ് ഡ്രാക്കുള പള്ളി എന്ന് വിളിപ്പേരുള്ള സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളി. ഇവിടെ വച്ചായിരുന്നു പൃഥ്വി കഥയുടെ ട്വിസ്റ്റായ മനോഹരമായ കൂടിക്കാഴ്ച ചിത്രീകരിച്ചത്. സിനിമ വമ്പൻ വിജയമായതിന് പിന്നാലെ ആ പള്ളിയും ഇപ്പോൾ മുഖം മിനുക്കുകയാണ്.
ലൂസിഫറിന്റെ അണിയറ പ്രവർത്തകർ ചിത്രീകരണത്തിനായി പള്ളി കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ച് കാലപ്പഴക്കം തോന്നിക്കുന്ന രീതിയിൽ ആക്കിയതാണ് സ്ക്രീനിൽ നമ്മൾ കണ്ടത്. അതിനുശേഷം ആശിർവാദ് സിനിമാസിന്റെ മേൽനോട്ടത്തിൽ 8 ലക്ഷം രൂപ മുടക്കി പള്ളി കെട്ടിടം നവീകരിച്ചു. മേൽക്കൂര നിർമിച്ച് കെട്ടിടം പൂർണമായി പെയിന്റ് ചെയ്തു. ജെ.എം.വിൽക്കി എന്ന ബ്രിട്ടീഷുകാരനാണ് ഈ പള്ളി സ്ഥാപിച്ചത്. സിഎസ്‌ഐ, ഓർത്തഡോക്‌സ്, മാർത്തോമ, യാക്കോബായ സഭകളിലെ വൈദികർക്ക് കുർബാന അർപ്പിക്കാൻ കഴിയുന്ന യൂണിയൻ ചർച്ച് ആയി പിന്നീട് ഇതു മാറി.
ഓരോ സഭകൾക്കും മേഖലയിൽ പ്രത്യേകം പള്ളികൾ നിർമിക്കപ്പെട്ടതോടെ പിൽക്കാലത്ത് ഈ പള്ളി അവഗണിക്കപ്പെട്ടു. കാടു കയറി മൂടിയതോടെ ഡ്രാക്കുള പള്ളി എന്ന വിളിപ്പേരുമായി. സിനിമയിൽ നിർണായക കൂടിക്കാഴ്ചയ്ക്കു വേദിയായ പള്ളി തേടി സഞ്ചാരികളുടെ വരവായി. ഇപ്പോൾ ഭൂരിഭാഗം സമയത്തും സഞ്ചാരികൾ ഉണ്ട്. നിലവിൽ മാസത്തിൽ 3 ആഴ്ച കുർബാന നടക്കുന്ന പള്ളി ഇപ്പോഴത്തെ സ്ഥിതിയിൽ നിലനിർത്താനാണ് പള്ളി കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം.
അതേസമയം, ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാനിലും ഈ പള്ളി പ്രധാനഭാഗമാകുമെന്ന് റിപ്പോർട്ട് ഉണ്ട്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തവർഷം തുടങ്ങും. ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ലെന്നുള്ളതും ആകാംക്ഷ വർധിപ്പിക്കുന്നു.