സംഗീതസാന്ദ്രമായി ശ്യാമരാഗം ട്രെയിലർ
Mail This Article
സംഗീതത്തിന് പ്രധാന്യം നൽകി സേതു ഇയ്യാല്‍ സംവിധാനം ചെയ്യുന്ന സിനിമ ശ്യാമരാഗത്തിന്റെ ട്രെയിലർ എത്തി. മലയാളി നെഞ്ചേറ്റി ലാളിക്കുന്ന ഗാനഗന്ധർവൻ യേശുദാസിന്റെ നാലാം തലമുറയും പാട്ടിന്റെ വഴിയിലേക്കെത്തുന്ന ചിത്രം കൂടിയാണ് ശ്യാമരാഗം. ദക്ഷിണാമൂര്‍ത്തി സ്വാമി അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച സിനിമയെന്ന പ്രത്യേകതയും ശ്യാമരാഗത്തിനുണ്ട്.
ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് ശ്യാമരാഗം. രചന മാടമ്പ് കുഞ്ഞുകുട്ടന്‍. വൈ.ജി. മഹേന്ദ്രന്‍, ശാന്തികൃഷ്ണ, ശാന്തകുമാരി, പുതുമുഖങ്ങളായ പ്രണവ്, പ്രസീത എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. നൃത്തപ്രധാനമായ ഒരു വേഷത്തിലേക്ക് ശാന്തി കൃഷ്ണയുടെ തിരിച്ചുവരവു കൂടിയാണ് ഇതിലെ കഥാപാത്രം. ചിത്രത്തിലെ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രതിഭകളായ ധനഞ്ജയന്‍-ശാന്താ ധനഞ്ജയന്‍ ദമ്പതികളാണ്. മധു മാടശ്ശേരിയാണ് ക്യാമറ.
എൻ. വിജയമുരളി, കെ. വിജയലക്ഷ്മി, ലീല ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ ചെന്നൈയില്‍ ചിത്രത്തിന്റെ സ്പെഷല്‍ പ്രിവ്യൂ നടത്തിയിരുന്നു. ഒരുപാടു പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ രജനികാന്ത് കുടുംബസമേതമെത്തി ചിത്രം കണ്ടിരുന്നു. അണിയറ പ്രവർത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.