ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത ഗീത
Mail This Article
മലയാളിക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റൊരു ഭാഷക്കാരിലും കാണാത്ത സവിശേഷമായ ഒരു പ്രത്യേകതയാണത്. സിനിമ എന്ന കലാരൂപത്തിൽ ജാതിയോ മതമോ ഭാഷയോ ഒന്നും മലയാളി നോക്കാറില്ല. ഭാഷയിലൂടെയല്ല, ദൃശ്യങ്ങളിലൂടെയാണ് സിനിമ ജനമനസ്സിലേക്ക് എത്തുകയുള്ളൂഎന്ന തികഞ്ഞ കലാ ബോധമുള്ളവരാണ് മലയാളികൾ.
എന്നാൽ തമിഴ്, തെലുങ്ക്, കന്നടക്കാരൊക്കെ മലയാള സിനിമയെ അവരുടെ തിയ്യറ്ററിന്റെ ഏഴയലത്തു പോലും കയറ്റാതെ അയിത്തം കൽപിച്ചിരുന്ന ഒരു കാലം പണ്ട് ഉണ്ടായിട്ടുണ്ടെന്ന് പലരും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.
വർഷങ്ങൾ കഴിഞ്ഞ് 1980 ൽ ഞാൻ തിരക്കഥാകാരനായി മദ്രാസിൽ ചെല്ലുമ്പോൾ മലയാള സിനിമ മദ്രാസ് സിറ്റിയിൽ മോണിങ് ഷോ വരെ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. നമ്മുടെ സിനിമ കാണാൻ മറ്റൊരു ദേശക്കാരനെ കാണണമെങ്കിൽ മഷിയിട്ടു നോക്കിയാൽ പോലും തിയറ്ററിന്റെ ഏഴയലത്തു പോലും അന്ന് കാണാനുണ്ടായിരുന്നില്ല. അത് പിന്നെ നൂൺഷോയും റെഗുലർ ഷോയുമൊക്കെയായി മാറിയത് എൺപതിന്റെ പാതി കഴിഞ്ഞപ്പോഴാണ്. എന്നാൽ നമുക്കാണെങ്കിൽ അന്ന് തമിഴ് സിനിമകളോടായിരുന്നു കൂടുതൽ താൽപര്യം. കേരളത്തിൽ വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമേ അന്ന് മലയാള സിനിമകൾ റിലീസ് ചെയ്തിരുന്നുള്ളൂ. അതും മെയിൻ സ്റ്റേഷനിൽ മാത്രം. അതുകൊണ്ട് കേരളത്തിൽ തമിഴ് സിനിമകളാണ് അന്ന് കൂടുതലും ഓടിയിരുന്നത്.
തമിഴിലെ താരരാജാക്കന്മാരായ എം.ജി.ആർ, ശിവാജി ഗണേശൻ, ജമിനി തുടങ്ങിയവരുടെ ചിത്രങ്ങൾ അമ്പതും നൂറും ദിവസങ്ങൾ ഇവിടെ ഓടിയിട്ടുണ്ട്. മറ്റു ഭാഷക്കാരെപ്പോലെ ദേശവും ഭാഷയും ജാതിയുമൊന്നും നോക്കാതെ നല്ല സിനിമകളെയും അഭിനയ പ്രതിഭകളെയും സഹർഷം സ്വാഗതം ചെയ്തവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടാണ് അന്യഭാഷക്കാരായ ശാരദയും സുഹാസിനിയും സരിതയും സ്വപ്നയും രോഹിണിയും ചിത്രയും ഗീതയുമൊക്കെ മലയാള സിനിമയിലെ നായികാ സജീവസാന്നിധ്യമായി മാറിയത്. അന്നുവരെയുണ്ടായിരുന്ന നായികാസങ്കൽപത്തിന് ശാരദയുടെ വരവോടെയാണ് ഒരു മാറ്റമുണ്ടായത്. ശാരദയെന്നാൽ ശാലീനതയെന്നാണ് അന്ന് മലയാളി മനസ്സുകൾ മന്ത്രിച്ചിരുന്നത്.
ഈ അഭിനേത്രികൾ എല്ലാവരരെയും തന്നെ എന്റെ സിനിമകളിൽ അഭിനയിപ്പിക്കാനുള്ള അവസരവും അന്ന് എനിക്കു വന്നു ചേർന്നിട്ടുണ്ട്. ശാരദ ഞാൻ എഴുതിയ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ, 'അകലങ്ങളിൽ അഭയം', സരിത എന്റെ സന്ദർഭം, മിനിമോൾ വത്തിക്കാനിൽ, മുഹൂർത്തം പതിനൊന്നു മുപ്പത് തുടങ്ങിയ ചിത്രങ്ങളിൽ വളരെ അഭിനയപ്രാധാന്യമുള്ള നായികാ കഥാപാത്രങ്ങളായാണ് വേഷമിട്ടത്. ഗീതയാണ് എന്റെ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നാട്യസ്വരൂപം. ശാരദയോടും ഗീതയോടുമാണ് എനിക്കു കൂടുതൽ സൗഹൃദം ഉണ്ടായിരുന്നത്. ഇപ്പോൾ ഗീതയുമായുള്ള എന്റെ സിനിമാക്കാഴ്ചകൾക്കും വാമൊഴികൾക്കും അവധിയാണെങ്കിലും ഞങ്ങളുടെ ആ സിനിമാക്കാലം നല്ലൊരു ഓർമയായി ഇന്നും എന്റെ മനസ്സിലുണ്ട്.
ഞാൻ തിരക്കഥ എഴുതിയ ‘ക്ഷമിച്ചു എന്നൊരു വാക്കിൽ’ അഭിനയിക്കാൻ എത്തുമ്പോഴാണ് ഞാൻ ഗീതയെ ആദ്യമായി പരിചയപ്പെടുന്നത്. അതിനു മുമ്പ് ഞാൻ എഴുതിയ ഒരു ചിത്രത്തിൽ നായികയാക്കാൻ വേണ്ടി ഞാനും കൊച്ചിൻ ഹനീഫയും പ്രൊഡക്‌ഷൻ കൺട്രോളർ ഷൺമുഖവും കൂടി അവർ അഭിനയിക്കുന്ന ഒരു തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പക്ഷേ അന്ന് അത് നടന്നില്ല അതിന്റെ നേർകാഴ്ചകൾ പുറകെ പറയാം.
ഹരിഹരന്റെ ‘പഞ്ചാഗ്നി’ക്കു ശേഷം മറ്റൊരു ചിത്രവും കഴിഞ്ഞാണ് ഗീത ‘ക്ഷമിച്ചു എന്നൊരു വാക്കി'ലേക്ക് വരുന്നത്. മലയാളത്തിൽ ഗീത അഭിനയിച്ച ആദ്യ ചിത്രമായിരുന്നു പഞ്ചാഗ്നി. ‘ക്ഷമിച്ചു എന്നൊരു വാക്കിൽ’ മമ്മൂട്ടി, ശോഭന, ഉർവശി, മുകേഷ്, ശ്രീവിദ്യ, ജഗതി, മാള തുടങ്ങിയ പ്രഗത്ഭ താരങ്ങളാണ് അഭിനയിക്കുന്നത്. അവരുടെ കളരിയിലേക്കാണ് ഗീത എന്ന താരസുന്ദരി കടന്നു വരുന്നത്. ജോഷിയാണ് സംവിധായകൻ.
മമ്മൂട്ടിയും മുകേഷുമായുള്ള കോമ്പിനേഷൻ സീനാണ് ആദ്യ ദിവസം എടുത്തത്. മമ്മൂട്ടി വലിയ ചൂടനാണെന്നൊക്കെ പറഞ്ഞ് ആരൊക്കെയോ പേടിപ്പിച്ചതിന്റെ ടെൻഷനും അങ്കലാപ്പുമൊക്കെ ഗീതയുടെ മുഖത്ത് നിഴൽ പടർത്തിയിട്ടുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ ആദ്യത്തെ ടേക്കിൽ തന്നെ ഗീത തന്റെ നാട്യമികവ് പ്രകടമാക്കുകയും ചെയ്തു. ക്ഷമിച്ചു എന്നൊരു വാക്ക് വലിയ വിജയമായി മാറി. പഞ്ചാഗ്നിയും കൂടി വന്നതോടെ ഏതു കഥാപാത്രങ്ങളും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന അപൂർവം ചില നായികമാരിൽ ഒരാളായി ഗീത മാറുകയായിരുന്നു.
ഞാൻ എഴുതിയ മമ്മൂട്ടി നായകനായ അതിനുമപ്പുറം, നിറഭേദങ്ങൾ, ഇരിക്കൂ എം.ഡി. അകത്തുണ്ട്, സ്ത്രീധനം, സിറ്റി പൊലീസ്, വെൽക്കം ടു കൊടൈക്കനാൽ, സ്ട്രീറ്റ്, ഉപ്പുകണ്ടം ബ്രദേഴ്സ്, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിലാണ് ഗീത അഭിനയിച്ചത്.
തുടർന്ന് വന്ന ആവനാഴി, വൈശാലി, അമൃതംഗമയ, ഒരു വടക്കൻ വീരഗാഥ, ലാൽ സലാം, അയ്യർ ദി ഗ്രേറ്റ്, ഇൻസ്പെക്ടർ ബൽറാം, സുഖമോദേവി, സായംസന്ധ്യ, ഋതുഭേദങ്ങൾ, നായർ സാബ്, അതിരാത്രം, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, വാത്സല്യം തുടങ്ങിയ നൂറോളം മലയാള ചിത്രങ്ങളിലും തെലുങ്ക് തമിഴ് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷാകളിലുമായി നൂറിൽപരം ചിത്രങ്ങളിൽ ഗീത വേഷമിട്ടിട്ടുണ്ട്. ഭൂരിഭാഗവും അതാത് ഭാഷകളിലെ ഏറ്റവും മികച്ച സംവിധായകരുടെ ചിത്രങ്ങളുമായിരുന്നു.
‘ക്ഷമിച്ചു എന്നൊരു വാക്കി'നു മുമ്പ് ഞങ്ങളുടെ ചിത്രത്തിലാണ് ആദ്യം ഗീത അഭിനയിക്കേണ്ടിയിരുന്നതെന്നു ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതിന്റെ നാൾവഴിയിലേക്ക് വരാം. 1983 നവംബറിലാണെന്നാണ് എന്റെ ഓർമ. ‘ആ രാത്രി’ക്കു ശേഷം ജൂബിലിക്കു വേണ്ടി ഞാനും ജോഷിയും കൂടി ചെയ്യാൻ പോകുന്ന ‘സന്ദർഭ’ത്തിന്റെ ഷൂട്ടിംഗിനുള്ള ഒരുക്കങ്ങളുമായി ഓടി നടക്കുന്ന സമയമാണത്. മമ്മൂട്ടി തന്നെയാണ് ഇതിലും നായകൻ. കൂടാതെ സുകുമാരൻ സീമ, ബേബി ശാലിനി, സുകുമാരി, പ്രതാപ ചന്ദ്രൻ തുടങ്ങിയ എല്ലാ ആര്‍ട്ടിസ്റ്റിന്റെയും കാൾ ഷീറ്റ് വാങ്ങിയിരുന്നെങ്കിലും നായികാ കഥാപാത്രം ചെയ്യാനുള്ള നടിയെ മാത്രം കിട്ടിയില്ല. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ്. മലയാളത്തിൽ നിലവിലുള്ള ഒന്നു രണ്ടു നായികമാരെ ആലോചിച്ചെങ്കിലും ഞങ്ങളുടെ മനസ്സിലെ കഥാപാത്രമായി അവർ ചേര്‍ന്നു വന്നില്ല.
തമിഴിലെയും തെലുങ്കിലെയും നായികമാരായാലും നോക്കാമെന്നുള്ള തീരുമാനത്തിലായിരുന്നു ഞങ്ങൾ. ഹനീഫയുടേതായിരുന്നു സന്ദർഭത്തിന്റെ കഥ. നായികയെ കിട്ടാതെ ഞാനും ഹനീഫയും കൂടി ജോഷിയുടെ മദ്രാസിലെ ഫ്ലാറ്റിൽ ടെൻഷനടിച്ചിരിക്കുമ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളറായ ഷൺമുഖം അങ്ങോട്ട് കയറി വന്നത്. മദ്രാസിലെ അന്നത്തെ പേരുകേട്ട ഫിലിം ജേർണലിസ്റ്റായ ടി.എച്ച്. കോടമ്പുഴ ഒരു നായികയുടെ കാര്യം പറഞ്ഞിരുന്നതു കൊണ്ട് അയാളെ പോയി കണ്ടിട്ട് വന്നിരിക്കുകയാണ് ഷൺമുഖം.
ഷൺമുഖത്തെ കണ്ടപാടെ ഞാൻ ചോദിച്ചു "കോടമ്പുഴ പറഞ്ഞ നടിയെ കണ്ടോ?".
"ഇല്ല. തെലുങ്കിലെ സംവിധായകൻ കെ. വിശ്വനാഥൻ സാർ തമിഴിലും തെലുങ്കിലുമായി ചെയ്യുന്ന സാഗര സംഗമത്തിൽ കമലഹാസന്റെ കൂടെ ഡാൻസ് രംഗത്തിൽ അഭിനയിക്കുന്ന ഒരു നടിയുണ്ട്, ഗീത. നല്ല ഉയരവും ഗ്ലാമറുമൊക്കെയുണ്ടെന്നാണ് കോടമ്പുഴ പറയുന്നത്. ഇവിടെ എഗ്മൂറ് അതിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്. നമുക്ക് പോയി ഒന്നു കണ്ടു നോക്കിയാലോ?"
കമല്‍ഹാസന്റെ കൂടെ അഭിനയിക്കുന്ന നടിയാണെന്ന് കേട്ടപ്പോൾ മോശം വരാൻ വഴിയില്ലെന്ന് ഞങ്ങൾക്ക് തോന്നി. മദ്രാസിലെ എവർഷൈൻ ഓഫിസിൽ പോയിരിക്കുന്ന ജോഷിയെ വിളിച്ച് ഹനീഫ വിവരം പറഞ്ഞപ്പോൾ ഞങ്ങളോട് പോയി കാണാൻ ജോഷി പറഞ്ഞു.
അപ്പോൾ തന്നെ ഞങ്ങൾ എഗ്മൂറിലേക്ക് പുറപ്പെട്ടു. അവിടെ ഒരു വലിയ ബംഗ്ലാവിലാണ് ഷൂട്ടിങ് നടക്കുന്നത്.
ഞങ്ങൾ തുറന്നു കിടക്കുന്ന ഗേറ്റിലൂടെ പതുക്കെ അകത്തേക്കു കയറി. കമലാഹാസനോടും നായികയായ ജയപ്രദയോടുമൊപ്പം ജീൻസും കളർ ബനിയനും ധരിച്ച് നൃത്തം ചെയ്യുന്ന ടോളായ പെൺകുട്ടിയാണ് ഗീതയെന്ന് എനിക്ക് മനസ്സിലായി. ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങളുടെ കഥാപാത്രത്തിന് പറ്റിയ കക്ഷിയല്ല ഗീതയെന്ന് എനിക്കു തോന്നി. ശാലീനതയും പക്വതമതിയുമായ ഒരു കഥാപാത്രമാണ് ഞങ്ങളുടേത്. ഞാനിത് ഹനീഫയോടു പറഞ്ഞപ്പോൾ അവനും എന്റെ അഭിപ്രായം തന്നെയായിരുന്നു.
"ഏതായാലും ഇവിടം വരെ വന്നില്ലേ. നമുക്ക് ഒന്നു കണ്ട് സംസാരിച്ചിട്ടു പോകാം. ഒന്നും ഫലിച്ചില്ലെങ്കിൽ കാളൻ നെല്ലായി എന്നു കേട്ടിട്ടില്ലേ? മേക്കപ്പിലും ഡ്രസിലുമൊക്കെ മാറ്റം വരുത്തി ശരിയാക്കി എടുക്കാൻ പറ്റുമോ എന്ന് നോക്കാമല്ലോ".
ഹനീഫ പൊസിറ്റീവായിട്ടാണ് ചിന്തിച്ചതെങ്കിലും എന്റെ മനസ്സിലെ നെഗറ്റീവ് എനർജി മാറിയിരുന്നില്ല.
"നിങ്ങൾ പോയി സംസാരിച്ചിട്ടു വാ, എല്ലാവരും കൂടി പോകണ്ട കാര്യമില്ലല്ലോ, ഞാനിവിടെ നിൽക്കാം. "
"ഹാ, നീയും കൂടെ വാടാ" ഹനീഫ നിർബന്ധിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു നിന്നു.
കമല്‍ഹാസനെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു ആശയം കടന്നുകൂടിയിരുന്നു അതുകൊണ്ടു കൂടിയാണ് ഞാൻ പോകാതിരുന്നത്. കമലുമായി ചിത്രപൗർണമിക്ക് വേണ്ടി ചെറിയ ഒരു ഇന്റർവ്യൂ എടുക്കണം. അന്ന് ഞങ്ങൾ ചിത്രപൗർണമി നടത്തുന്നുണ്ടായിരുന്നു.
തെല്ലു നേരം കഴിഞ്ഞപ്പോൾ ഷൂട്ടിങ് ബ്രേക്കായി. കമൽഹാസനും ജയപ്രദയും കൂടി ബംഗ്ലാവിനകത്തേക്ക് പോയി. ഗീത അവിടെ തണൽ മരത്തിനു താഴെ കസേരയിൽ ഇരിക്കുകയായിരുന്നു.
ഹനീഫയും ഷൺമുഖവും ഗീതയുടെ അടുത്തേക്ക് ചെന്നു. ആ സമയം ഞാൻ കമല്‍ഹാസനെ കാണാൻ ബംഗ്ലാവിനടുത്തേക്ക് കയറി. ആദ്യം കാണുന്ന മുറിയിൽ തന്നെയാണ് കമൽ ഉണ്ടായിരുന്നത്. ഞാൻ കമലിന്റെ അടുത്തേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി.
ചിത്രപൗർണമി വാരികയെന്നു കേട്ടപ്പോൾ കമലിന് പെട്ടെന്ന് നോ പറയാൻ കഴിഞ്ഞില്ല. വെറും അഞ്ചു മിനിറ്റ് സമയം മാത്രമുള്ള ഒരു ന്യൂജെൻ ഇന്റർവ്യൂ ആയിരുന്നത്. അടുത്ത ലക്കം ചിത്രപൗർണമിയുടെ ഫ്രണ്ട് പേജിൽ അതു പ്രിൻറ് ചെയ്തു വരികയും ചെയ്തു.
അന്ന് ഇന്റർവ്യൂവിൽ കമലാഹാസൻ പറഞ്ഞ വാചകം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.
‘‘ഞാൻ മുതൽ മുതലാ നടിച്ച പടം ജമിനി മാമ നായകനായ ‘കളത്തൂർ കണ്ണമ്മയാണ്’. മൂന്നര വയസ്സിലാണ് എനക്ക് അതിൽ നടിക്കാൻ ചാൻസ് കിട്ടിയത്. ശിവാജി സർ നടിച്ച വീരപാണ്ഡ്യ കട്ടബൊമ്മനിലെ ‘എങ്കൾ പെൺകളുക്ക് മഞ്ചളരക്ക വന്തായാ' എന്ന നെടുനീളൻ ഡയലോഗ് എവിഎം ചെട്ടിയാർക്ക് മുന്നാലെ നടിച്ച് കാട്ടിയത് കൊണ്ടാണ് എനക്ക് അന്ത പടത്തിൽ ചാൻസ് കിട്ടിയത്"
മൂന്നര വയസ്സു പ്രായമുള്ള പയ്യനാണോ അഞ്ചുമിനിറ്റ് നീളമുള്ള ഈ ഡയലോഗ് ഒറ്റശ്വാസത്തിൽ പറഞ്ഞതെന്ന് ഓർത്ത് ഞാൻ അദ്ഭുതം കൂറി നിന്നുപോയി.
ഞാൻ കമലിനോട് യാത്ര പറഞ്ഞു പുറത്തേക്കു വന്നപ്പോൾ ഹനീഫയും ഷൺമുഖവും എന്നെകാത്തു കാറിനരികിൽ നിൽക്കുകയായിരുന്നു.
‘‘എന്തായി? ഗീതയെ ഫിക്സ് ചെയ്തോ?" ഞാൻ ചോദിച്ചു.
"നീ ഗീതയെ വേണ്ടെന്ന് പറഞ്ഞതു കൊണ്ട് കണ്ടപ്പോൾ ഞങ്ങൾക്കും താൽപര്യം തോന്നിയില്ല. "
"നന്നായി" എന്നു ഞാൻ പറഞ്ഞപ്പോൾ ഹനീഫ പുച്ഛത്തോടെ പറഞ്ഞു.
"നന്നായി, നീ അങ്ങോട്ടു ചെല്ല് അവർക്ക് ഡേറ്റൊന്നും ഇല്ല. സാഗര സംഗമം കഴിയുമ്പോൾ ഒരുമാസം കഴിയുമത്രേ. നമുക്ക് അതിനു മുൻപ് പടം തുടങ്ങേണ്ടതല്ലേ."
ഞങ്ങൾക്ക് പിന്നെയും ടെൻഷനായി. ഇനി ഏതു നായികയെ കണ്ടുപിടിക്കും. അങ്ങനെയാണ് ഞങ്ങൾ സരിതയിലേക്ക് എത്തുന്നത്. ഞാനും ഹനീഫയും കൂടി പോയാണ് സരിതയോടു കഥ പറഞ്ഞത്. ഹനീഫ കഥ പറയുന്നതു കേട്ടാൽ ആരും വീണു പോകും. 1984 ജനുവരിയിൽ ആണ് സന്ദർഭത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മേയിൽ റിലീസ് ചെയ്ത 'സന്ദർഭം' മെഗാ ഹിറ്റായി മാറുകയായിരുന്നു. 150 ദിവസമാണ് സന്ദർഭം ഓടിയത്.
പിന്നെ ഒരു വർഷം കഴിഞ്ഞാണ് ഹരിഹരൻ സാറിന്റെ പഞ്ചാഗ്നിയിലൂടെ ഗീത കടന്നു വരുന്നത്. അതിലെ നായിക ഗീതയാണെന്ന് കേട്ടപ്പോൾ ഞാൻ ഒരു നിമിഷം അദ്ഭുതം കൂറി. അദ്ഭുതങ്ങളുടെ പെരുമഴയുമായി പോയി അന്ന് തന്നെ ഞാൻ പഞ്ചാഗ്നി കണ്ടു. ഞങ്ങൾ കമലാഹാസന്റെ ലൊക്കേഷനിൽ വച്ചു കണ്ട ഗീതയാണോ തിരശ്ശീലയിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന നടനസ്വരൂപം. ആളാകെ മാറിയിരിക്കുന്നു. ഗീതയെ ഇങ്ങനെ രൂപപരിണാമം ചെയ്തെടുത്തതിന് ബിഗ് സല്യൂട്ട് നല്‍കേണ്ടത് ഹരിഹരൻ സാറിനാണ്.
‘പഞ്ചാഗ്നി’ കണ്ടപ്പോൾ മുതൽ ഗീതയെ വച്ച് ഒരു സിനിമ എടുക്കണമെന്ന ആഗ്രഹം എന്നിൽ വളരാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ‘ക്ഷമിച്ചു എന്നൊരു വാക്കിൽ’ ശ്രീദേവി എന്ന കഥാപാത്രമായി ഗീത അഭിനയിക്കാനെക്കിയത്. ആ ചിത്രവും വൻ വിജയമായിരുന്നു.
ഗീത ഇപ്പോൾ നമ്മുടെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും ഞാൻ അവരിൽ കാണുന്നൊരു പ്രത്യേക സ്വഭാവ വിശേഷമുണ്ട്, മലയാളത്തിൽ വന്നു നന്നായി അഭിനയിക്കാൻ പഠിച്ചിട്ടും ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത, ഏറെ എളിമയും വിനയവും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ ആ നറുപുഞ്ചിരി .
(തുടരും..)