ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും ഒരുമിക്കുന്ന ഇരട്ട പുതുവർഷം തിയറ്ററുകളിൽ

Mail This Article
അപ്പു പാത്തു പ്രൊഡക്‌ഷൻ ഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും കൈകോർക്കുന്ന ജോജു ജോർജ് നായകനായെത്തുന്ന ഇരട്ട പുതുവർഷ സമ്മാനമായി പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ സിനിമകളിലെ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം.

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകൾക്കു ശേഷം രോഹിത് എം.ജി. കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ടിലെ അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നതും.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച അപ്പു പാത്തു ഫിലിംസിന്റെയും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ് ഇരട്ട. പിആർഓ : പ്രതീഷ് ശേഖർ.