ഇരുളർക്കൊപ്പം 2 മാസം താമസം; ലിജോമോളുടെ ത്യാഗവുമായി ജയ് ഭീം മേക്കിങ് വിഡിയോ
Mail This Article
തമിഴിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ജയ് ഭീമിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് വിഡിയോ റിലീസ് െചയ്തത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ രാജാകണ്ണും സെൻഗണിയുമായി മാറാൻ മണികണ്ഠനും ലിജോമോളും എടുത്ത ത്യാഗവും ആത്മസമർപ്പണവും വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
സംവിധായകനായ ടി.ജി. ഞ്ജാനവേൽ, സഹ നിർമാതാവ് നിർമാതാവ്, ഛായാഗ്രാഹകൻ എസ്‍.ആർ. കതിർ എന്നിവർ ഈ വിഡിയോയിലുടനീളം ഇവരെ പുകഴ്ത്തി സംസാരിക്കുന്നു. ചിത്രത്തിലെ ഈ രണ്ട് കഥാപാത്രങ്ങൾക്കായി നിരവധിപ്പേരെ ഓഡിഷൻ ചെയ്തിരുന്നു. അവസാനം മണികണ്ഠനിലേക്കും ലിജോമോളിലേക്കും എത്തുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.
ഇരുളർ വിഭാഗത്തിൽപെടുന്ന ആദിവാസി പെൺകുട്ടിയുടെ വേഷത്തിലാണ് ലിജോമോൾ അഭിനയിച്ചത്. ഇതിനായി രണ്ട് മാസത്തോളം ഇരുളർക്കൊപ്പം അവരിൽ ഒരാളായി ലിജോയും മണികണ്ഠനും അവർക്കൊപ്പമായിരുന്നു താമസം. അവർ എങ്ങനെ താമസിക്കുന്നോ അതുപോലെ തന്നെയാണ് ഇവരും താമസിച്ചത്.
ഇരുളരുടെ പല വീടുകളിലും ലിജോ പാചകം ചെയ്തുവെന്നും അവരുടെ തുണി കഴുകി കൊടുത്തിരുന്നുവെന്നും മണികണ്ഠൻ പറയുന്നു. ഇഷ്ടിക ചൂളയിൽ പോയി കല്ലെടുക്കുന്ന ജോലി വരെ ലിജോ സിനിമയ്ക്കു മുമ്പുള്ള തയാറെടുപ്പിൽ െചയ്യുകയുണ്ടായി.
Read more at: ഇരുളർക്കൊപ്പം താമസിച്ച് ഭാഷയും രീതികളും പഠിച്ചു: ലിജോമോൾ അഭിമുഖം
പിന്നീട് ചിത്രീകരണത്തിനു വേണ്ടി പ്രൊഡക്‌ഷൻ ഡിസൈനര്‍ കെ. കതിറും ഛായാഗ്രഹകനും സെറ്റിലെത്തിയപ്പോൾ സംവിധായകൻ ഇരുളരുടെ വിഭാഗത്തിലുള്ളവരെ പരിചയപ്പെടുത്തി. എന്നാല്‍ അക്കൂട്ടത്തിൽ ഒരാളായി മാറിയ ലിജോമോളെ ഇവർ രണ്ട് പേർക്കും മനസ്സിലായില്ല. കാരണം അവൾ സെൻഗണിയായി മാറിക്കഴിഞ്ഞിരുന്നു.