ഇരുവർക്കും ഭാഗ്യവും ശ്രേയസ്സും വർധിക്കട്ടെ: ഗുരുവായൂർ അനുഭവം പങ്കുവച്ച് രചന നാരായണൻകുട്ടി
Mail This Article
അവിസ്മരണീയമായ അനുഭവങ്ങളാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം തനിക്കു സമ്മാനിച്ചതെന്ന് നടി രചന നാരായണൻകുട്ടി. കലാകാരന്മാരെയെല്ലാം പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തുന്നതിൽ സുരേഷ് ഗോപി കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യ മര്യാദയും പ്രകടമാക്കുന്നതായിരുന്നുവെന്നും രചന പറഞ്ഞു.
‘‘ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയിൽ സുരേഷേട്ടന്റെ മകൾ ഭാഗ്യയുടെയും ശ്രേയസ്സിന്റെയും വിവാഹ ചടങ്ങ് ഭംഗിയായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢി പകർന്നു. ഓരോ കലാകാരനെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുന്നതിൽ സുരേഷേട്ടൻ കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യ മര്യാദയും പ്രകടമാക്കുന്ന ഒന്നായിരുന്നു.
ഒരു പൊതു വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം മാത്രമല്ല, കലാസമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥമായ വിലമതിപ്പും ഇതിൽ പ്രകടമായിരുന്നു. അത്തരം വ്യക്തിപരമായ ഇടപെടലുകൾ ആഘോഷത്തെ കൂടുതൽ ഹൃദ്യവും അവിസ്മരണീയവുമാക്കി.
“അയോധ്യയിൽ നിന്നുള്ള അക്ഷതം’’ എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂർവമായ സമ്മാനം, ശുഭകരമായ സംഭവത്തിന് ഒരു ദൈവിക സ്പർശം നൽകുന്നതായിരുന്നു. അദ്ദേഹം ആ പ്രസാദം ഞാനുൾപ്പടെ അവിടെനിന്ന എല്ലാ കലാകാരന്മാർക്കും, ഇന്ന് വിവാഹിതരായ മറ്റു ദമ്പതികൾക്കും കൈമാറിയത് ദൈവിക അനുഭൂതിയായി മാറി. ഇത്രയും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചോർക്കുമ്പോൾ, ഇതൊരു അനുഗ്രഹമാണ്, എന്റെ കണ്ണൻ, ഭഗവാൻ കൃഷ്ണൻ, അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം! സത്സംഗം! ഞാൻ എന്നും വിലമതിക്കുന്ന സത്സംഗം.
ഗുരുവായൂരുമായുള്ള ദൈവിക ബന്ധവും ഈ സത്സംഗത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങളും ഭൗതിക ആഘോഷങ്ങളെ മറികടക്കുന്ന ആത്മീയ പ്രാധാന്യത്തിന്റെ ഒരു ബോധം എന്നിൽ സൃഷ്ടിച്ചു. വീണ്ടും അമൃത് നുകരുന്ന അനുഭൂതി ഭഗവാൻ സമ്മാനിച്ചു. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ നയിക്കപ്പെടുന്ന സ്നേഹവും വിവേകവും ദൈവിക കൃപയും നിറഞ്ഞ ഒരു യാത്ര ഭാഗ്യയ്ക്കും ശ്രേയസ്സിനും ഉണ്ടാകട്ടെ. ഭാഗ്യവും ശ്രേയസ്സും വർധിക്കട്ടെ. പ്രാർഥന. പ്രിയ സുരേഷേട്ടാ... ഈ സത്സംഗത്തിൽ എന്നേയും ചേർത്തു നിർത്തിയതിനു സുരേഷേട്ടനോട് ഒരുപാട് സ്നേഹം ഒരുപാട് ബഹുമാനം....സ്നേഹം.’’–രചന നാരായണൻകുട്ടി പറയുന്നു.