ADVERTISEMENT

ഫിപ്രെസ്കി (ഇന്റർനാഷനൽ ഫെഡെറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഇന്ത്യയുടെ 2023-ലെ മികച്ച പത്ത് സിനിമകളുടെ പട്ടികയിൽ ഒന്നാമതായി വിനയ് ഫോർട്ട്–ആനന്ദ് ഏകർഷി ചിത്രം ‘ആട്ടം’. മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ഗ്രാൻഡ് പ്രീ പുരസ്കാരം ‘ആട്ടം’ സ്വന്തമാക്കി. ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനത്ത്. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ അഞ്ചാം സ്ഥാനവും, പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ശ്രീലങ്കൻ- മലയാള ചിത്രം ‘പാരഡൈസ്’ എട്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡൊമിനിക് സങ്കമയുടെ ‘റാപ്ചർ’, ദേവാശിഷ് മാക്കിജയുടെ ‘ജോറാം’, സുംനാഥ് ഭട്ട് സംവിധാനം ചെയ്ത ‘മിഥ്യ’, കനു ഭേൽ സംവിധാനം ചെയ്ത ‘ആഗ്ര’, ശ്രീമോയീ സിംഗിന്റെ ‘ആന്റ് ടുവേർഡ്ഡ് ഹാപ്പി അല്ലൈസ്, കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ എന്നിവയാണ് മികച്ച പത്ത് സിനിമകളുടെ ലിസ്റ്റിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തിയ രണ്ട് സിനിമകളാണ് ഫിപ്രസ്കിയുടെ ഈ വർഷത്തെ മികച്ച പത്ത് സിനിമകളിൽ ഇടംപിടിച്ചത്. ആട്ടത്തിലും ഫാമിലിയിലും നടന്റെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ പ്രഥമ പരിഗണന കിട്ടിയ ചിത്രമാണ്. തിരുവനന്തരപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. മൂന്നു ഷോകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. അത് മൂന്നും ഹൗസ് ഫുള്‍. 2022-ൽ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിനു’ ലഭിച്ച സമാനമായ സ്വീകരണമാണ് മേളയിൽ ആട്ടത്തിനു ലഭിച്ചത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നത്. 

കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് തുടങ്ങി ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും തകർത്താടിയിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾ നന്നേ കുറവുള്ള ചിത്രത്തിലെ നായിക സെറിൻ ഷിഹാബ് അഞ്ജലിയെന്ന കേന്ദ്രകഥാപാത്രത്തിലേക്കുള്ള പകർന്നാട്ടം മനോഹരമാക്കുന്നു. 

ആൺനോട്ടങ്ങളെയും ആൺകാമനകളെയും വിമർശന വിധേയമാക്കുന്ന ചിത്രം സമീപകാലത്ത് ഇറങ്ങിയ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നു  കൂടിയാണ്. ‘തിയറ്റർ’ എന്ന സാങ്കേതത്തെ ഫലപ്രദമായി ഉപയോഗിചിട്ടുള്ള സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് ചിത്രത്തെ വ്യത്യസ്ത ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സ്പേസ് നൽകിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം പൊളിറ്റിക്കലും ത്രില്ലറുമാണ് ചിത്രം. പൂണൈ രാജ്യന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രവും ആട്ടമായിരുന്നു. മുംബൈ ജിയോ മാമി മേളയിലും ലൊസാഞ്ചലസ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

English Summary:

FIPRESCI-India Grand Prix: Malayalam movie Aattam is the best 2023 Indian film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com