‘മുത്താരം കുന്നി’ലേക്ക് ധാരാസിങിനെ കൊണ്ടുവന്നത് 25000 രൂപയ്ക്ക്: ജഗദീഷ് പറയുന്നു

Mail This Article
മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് കഥയെഴുതുന്ന കെ.പി അമ്മിണിക്കുട്ടി എന്ന കഥാപാത്രം ശ്രീനിവാസന്റെ സംഭാവനയായിരുന്നുവെന്ന് വെളിപ്പെടുത്തി ജഗദീഷ്. ശ്രീനിവാസൻ തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒയുടെ രസകരമായ ഓർമകൾ പങ്കു വയ്ക്കുകയായിരുന്നു താരം. സിനിമയുടെ കഥ ജഗദീഷിന്റേതായിരുന്നു. രേഖാചിത്രത്തിൽ മുത്താരംകുന്ന് പി.ഓയുടെ പരാമർശം വന്ന പശ്ചാത്തലത്തിലാണ് സിനിമയുടെ പിന്നണിക്കഥകൾ ജഗദീഷ് പങ്കുവച്ചത്.
ജഗദീഷിന്റെ വാക്കുകൾ: കെ.പി. അമ്മിണിക്കുട്ടി ശ്രീനിവാസന്റെ കോൺട്രിബ്യൂഷൻ ആണ്. എന്റെ കഥയിലെ നായികയുടെ പേര് വേറെ ആയിരുന്നു. അതിൽ രസകരമായിട്ടുള്ള ഒരു കാര്യം പറയാം. ഇതിൽ മുകേഷിന് കൊടുത്തിരിക്കുന്ന പേര് ദിലീപ് കുമാർ എന്നാണ്. ശ്രീനിവാസന് കൊടുത്തിരിക്കുന്ന പേര് ദേവാനന്ദ് എന്നാണ്. ഏറ്റവും ടോപ്പ് ആയിട്ടുള്ള രണ്ട് ഹീറോസിന്റെ പേരാണ് ഇതിൽ അവരുടെ കഥാപാത്രങ്ങൾക്ക് കൊടുത്തിരിക്കുന്നത്. ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് സന്തോഷം ഉള്ള ഒരു കാര്യമുണ്ട്. അവർക്ക് വലിയ വലിയ നടന്മാരുടെ പേരുകളാണ് കൊടുത്തത്. പക്ഷേ, എന്റെ കഥാപാത്രത്തിന് ശ്രീനി തന്ന പേര് എനിക്കിന്ന് ഇഷ്ടമാണ്, വാസു. മലയാളത്തിന്റെ മണമുള്ള പേരാണ്. ഹിന്ദി നടന്മാരുടെ പിന്നിൽ പോയിട്ടില്ല. ഞാൻ സൈക്കിൾ ഷോപ്പുകാരൻ വാസുവാണ്. എന്റെ കഥയിൽ ധാരാസിങ് എന്ന കഥാപാത്രം ഇല്ലായിരുന്നു. ശ്രീനിവാസന്റെ കോൺട്രിബ്യൂഷൻ ആണ് അത്. ധാരാസിങ്ങിനെ പോലുള്ള ഒരാളെ കീഴ്പ്പെടുത്തിയാൽ മാത്രമെ മകളെ വിവാഹം കഴിച്ചു കൊടുക്കൂ എന്ന് ആക്കിയാൽ അത് കൂടുതൽ ഗ്രിപ്പിങ് ആകുമെന്നു ശ്രീനിവാസൻ പറഞ്ഞു.
നമ്മൾ എല്ലാവരും ചോദിച്ചു എവിടുന്ന് ധാരാസിങ്ങിനെ കിട്ടും? എങ്ങനെ ധാരാസിങ്ങുമായിട്ട് ബന്ധപ്പെടും? എനിക്ക് അത്യാവശ്യം ഹിന്ദി അറിയാം എന്നുള്ളത് കൊണ്ട് ഫോൺ ചെയ്യിച്ചു. അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ. ഫോൺ ചെയ്ത് ധാരാസിങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി സംസാരിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെ ആയിട്ട് പറഞ്ഞു. സിങ് സാബുമായിട്ട് ഒരു മീറ്റിങ് അറേഞ്ച് ചെയ്യണം. അവർ മീറ്റിങ് അറേഞ്ച് ചെയ്യാൻ സമ്മതിച്ചു. വന്നു കണ്ടോളൂ, കഥ പറഞ്ഞോളൂ എന്ന് സമ്മതിച്ചു. അടുത്ത ചോദ്യം, ആരു പോകും? ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. സിബി ഫുൾ ബിസിയാണ്. ശ്രീനിവാസൻ സീൻസ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആര് പോകും? അപ്പോൾ ശ്രീനിവാസൻ പറഞ്ഞു, ‘നീ തന്നെ പോകണം’. ഞാൻ അന്ന് ഫ്ലൈറ്റിൽ കയറിയിട്ടില്ല. ഫ്ലൈറ്റ് എന്താണെന്ന് പോലും എനിക്കറിയില്ല. ഞാൻ ചോദിച്ചു, ‘ഞാൻ തനിച്ചോ?’ അന്ന് ഇത്ര ബജറ്റ് എന്ന് ആദ്യമെ പറഞ്ഞിട്ടുണ്ട്, സിബി അതിൽ തീർത്തു കൊടുക്കാം എന്നും പറഞ്ഞു.
അങ്ങനെ ഞാൻ ഒറ്റയ്ക്ക് പോയി. അവിടെ ചെന്ന് സിങ് സാബിനെ കണ്ടു. അദ്ദേഹം അന്ന് പഞ്ചാബി സിനിമകൾ സംവിധാനം ചെയ്യുന്നുണ്ട്. പഞ്ചാബി സിനിമയിൽ വളരെ ബിസിയാണ്, ഹിന്ദി സിനിമകളിലൊക്കെ ഗംഭീര വേഷം ചെയ്ത ആളാണ്. എന്നോടു പറഞ്ഞിരിക്കുന്നത്, രണ്ടു ലക്ഷം രൂപ വരെയാണെങ്കിൽ ജഗദീഷ് കമ്മിറ്റ് ചെയ്തിട്ട് വരണം എന്നാണ്. ഇവിടുന്നുള്ളവർ പലരും പറഞ്ഞു 10 ലക്ഷം ചോദിക്കും, 15 ലക്ഷം ചോദിക്കും എന്നൊക്കെ. ഞാൻ അവിടെ പോയി സിങ് സാബിന്റെ അടുത്ത് കഥ പറഞ്ഞു. കഥയൊക്കെ ഇഷ്ടപ്പെട്ടു. അവസാനം പ്രതിഫലത്തിന്റെ കാര്യം പറഞ്ഞപ്പോൾ, ‘എന്താണ് നിങ്ങൾക്ക് തരാൻ പറ്റുക’ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു, സർ ഇത് പ്രതിഫലം ആയിട്ട് കണക്കാക്കരുത്. മലയാള സിനിമ എന്ന് പറഞ്ഞാൽ പഞ്ചാബി സിനിമയുടെയും വളരെ താഴെയാണ്. റവന്യു എന്ന് പറഞ്ഞാൽ വളരെ കുറവാണ്. നമ്മൾ നല്ല സിനിമകൾ എടുക്കുന്ന ആൾക്കാരാണ്. സർ വേറെ ഒന്നും വിചാരിക്കരുത്. എന്നെ ഒന്നും ചെയ്യരുത്. ‘എന്നെ ഒന്നും ചെയ്യരുത്’ എന്ന് 10 പ്രാവശ്യം പറഞ്ഞിട്ട് ഞാൻ പറഞ്ഞു, ‘സർ... 25000 രൂപ തരാം.’
നിങ്ങൾ വിശ്വസിക്കില്ല, 25000 രൂപയ്ക്കാണ് ആണ് ഞാൻ അദ്ദേഹത്തെ ബുക്ക് ചെയ്തിട്ട് വരുന്നത്. ശ്രീനിവാസനും സിബിയും ഞെട്ടി. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നിങ്ങളതൊന്നും അറിയണ്ട. അത് അദ്ദേഹത്തിന്റെ വലിയ മനസ്സ്. എന്റെ വാചകത്തിന്റെ മിടുക്കിനെക്കാൾ അദ്ദേഹത്തിന്റെ വലിയ മനസ്സായിട്ടാണ് ഞാൻ അതിനെ കാണുന്നത്. ഇവിടെ വന്നപ്പോൾ ഒരുപാട് തയാറെടുപ്പുകൾ! ധാരാസിങ്ങിന് വേണ്ടി എത്ര കോഴി അറേഞ്ച് ചെയ്യണം, എത്ര മുട്ട അറേഞ്ച് ചെയ്യണം എത്ര പാൽ അറേഞ്ച് ചെയ്യണം എന്നൊക്കെ സംശയം. പക്ഷേ, അദ്ദേഹം സാധാരണ മനുഷ്യർ കഴിക്കുന്ന ഫുഡിനെക്കാളും അല്പം ഒരു വേറൊരു രീതിയിലുള്ള ഡയറ്റ് ആണ് പറഞ്ഞത്. വേറെ ഒന്നും വേണ്ട. വേറെ ഒരു നിബന്ധനകളും ഇല്ല. നമ്മുടെ കൂടെ നമ്മളിൽ ഒരാളായി തന്നെ അവിടെ ഷൂട്ട് ചെയ്ത് ഏറ്റവും സ്നേഹത്തോടെയാണ് പിരിഞ്ഞത്. അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്, ഭാസി സാറിന്റെ സഹോദരനായ ചന്ദ്രാജി സർ ആണ്.
മുത്താരംകുന്ന് പിഓയുടെ ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ട്. അന്നത്തെ പ്രേമത്തിന് ഒരു പുതുമകൊണ്ടുവരാൻ വേണ്ടിയാണ് ശ്രീനിവാസൻ ശ്രമിച്ചത്. ഈ നായകന്റെ പ്രേമത്തിന് ഒരു പുതുമ വേണം. എങ്കിലേ വർക്ക് ആവൂ എന്ന് പറഞ്ഞിട്ടാണ് മമ്മൂട്ടി ഫാൻ ആക്കി അമ്മിണിക്കുട്ടിയെ അവതരിപ്പിച്ചത്. എന്നിട്ട് അമ്മിണിക്കുട്ടി കത്തെഴുതുമ്പോൾ ആ കത്ത് പൊട്ടിച്ചു വായിച്ചു, അതിനു മറുപടി മുകേഷ് തന്നെ എഴുതുന്നു. ഈ ദിലീപ് കുമാർ തന്നെ എഴുതി, അതു മമ്മൂക്കയുടെ ശബ്ദത്തിൽ തന്നെ നമ്മൾ കേൾപ്പിച്ചു. അങ്ങനെ അമ്മിണിക്കുട്ടി കേട്ടിട്ട് ഈ പോസ്റ്റ് മാസ്റ്ററെ കാണാൻ പോകുന്നു. അങ്ങനെയാണ് ആ കഥ കൂടുതൽ വികസിച്ചത്.
ആ പടത്തിന് ഇത്രയും ഒരു അംഗീകാരം കിട്ടുമ്പോൾ പോലും ഒരു കാര്യം മനസ്സിലാക്കണം, അത് വളരെ ലിമിറ്റഡ് ബജറ്റിൽ, നിശ്ചിത ദിവസത്തിനുള്ളിൽ തീർത്ത പടമാണ്. ക്യാമറമാൻ കുമാറിനെയും സിബിയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കാരണം, സീനുകളുടെ ഭംഗി ഒട്ടും ചോരാത്ത രീതിയിൽ അത് ഷൂട്ട് ചെയ്തിട്ടുണ്ട്, ജഗദീഷ് പറഞ്ഞു.