‘അച്ഛൻ കാൻസർ സർവൈവർ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല’; നിരഞ്ജ് മണിയൻപിള്ള രാജു

Mail This Article
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മറുപടിയുമായി മകൻ നിരഞ്ജ്. അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും അർബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ് മനോരമ ഓൺലൈനോടു വെളിപ്പെടുത്തി. ഈയടുത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. താരത്തിന്റെ ശബ്ദം പോലും നഷ്‌ടമായെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ, താരം മെലിഞ്ഞു പോയതിന്റെ യഥാർഥ കാരണം വ്യക്തമാക്കുകയാണ് മകൻ നിരഞ്ജ് മണിയൻപിള്ള രാജു.
നിരഞ്ജിന്റെ വാക്കുകൾ: ''അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്."
"പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ആറു മാസം എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും," നിരഞ്ജ് പറഞ്ഞു.
മോഹൻലാൽ ചിത്രം ‘തുടരും’ ആണ് മണിയൻപിള്ളയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആരോഗ്യം വീണ്ടെടുത്ത താരം ഷൂട്ടുകൾക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നും നിരഞ്ജ് പറയുന്നു. "അച്ഛന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ സിനിമ ‘തുടരും’ ആണ്. അതൊരു ഗംഭീര തിരിച്ചുവരവായിരിക്കും. ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നെ മോഹൻലാൽ സിനിമയുടെ നിർമാണവും അടുത്തുതന്നെ ഉണ്ടാകും. ഇപ്പോൾ അച്ഛൻ ഷൂട്ടിനൊക്കെ പോകാൻ തയ്യാറെടുത്തു തുടങ്ങി. അതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞങ്ങൾ," നിരഞ്ജ് കൂട്ടിച്ചേർത്തു.
നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മണിയൻപിള്ള രാജു. പ്രായം 69 ആയെങ്കിലും ചുറുചുറുക്കുള്ള കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ മാനേജർ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയിരുന്നു. പതിവിൽ നിന്നും മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.