‘എആർഎം’ റിലീസിന് ആവശ്യമായി വന്നത് കോടികൾ, ഒറ്റ കോളിൽ സഹായിച്ചത് പൃഥ്വിരാജ്: ലിസ്റ്റിൻ പറയുന്നു

Mail This Article
‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ റിലീസ് സമയത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ കോടികൾ തന്നു തന്നെ സഹായിച്ചത് നടൻ പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദിമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ‘എആർഎം’ സിനിമയുടെ വിജയാഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. ഒരുപാട് പേരുടെ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഇൻഡസ്ട്രിയിൽ തങ്ങളെപ്പോലുള്ളവർക്ക് മുമ്പോട്ടുവരാൻ സാധിക്കൂ. ഒരു ലിസ്റ്റിൻ സ്റ്റീഫൻ ഇന്നിവിടെ നിൽക്കണമെങ്കിൽ അയാളുടെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ടാകുമെന്നും ലിസ്റ്റിന്‍ പറയുകയുണ്ടായി.
‘‘ഞാൻ ഈ സിനിമയിൽ എത്തിച്ചേരുന്നത്, ഈ ചിത്രം തുടങ്ങുന്നതിനും ഒരു ഇരുപത്തിയഞ്ച് ദിവസം മുമ്പാണ്. ഇതിന്റെ പ്രി പ്രൊഡക്‌ഷൻ അപ്പോൾ തുടങ്ങി കഴിഞ്ഞിരുന്നു. ഡോക്ടർ സക്കറിയ തോമസ് ആയിരുന്നു ഈ സിനിമയിൽ എന്റെ നിർമാണ പങ്കാളി. എല്ലാ സിനിമകൾ ആരംഭിക്കുമ്പോഴും നമ്മൾ നിശ്ചിതമായ ബജറ്റിലാകും തുടങ്ങുക. ഇതൊരു വലിയ സിനിമയായി മാറണമെന്ന ആഗ്രഹം ഞങ്ങൾക്കെല്ലാവർക്കും തുടക്കം മുതലേ ഉണ്ടായിരുന്നു.
എആര്‍എം എന്ന പാൻ ഇന്ത്യൻ ടൈറ്റിൽ ഉണ്ടാക്കിയതു തന്നെ അങ്ങനാണ്. ഈ സിനിമ പദ്ധതിയിട്ട സമയത്ത് മലയാളത്തിൽ വലിയ ബിസിനസ് സാധ്യതകൾ ഉളള സമയമായിരുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഫൈനൽ ഔട്ട് കാണിച്ച ശേഷം ബിസിനസ്സ് ചെയ്യാം എന്നതായിരുന്നു തീരുമാനം. മുമ്പും ഇതിലും ചെറിയ സിനിമകൾ നല്ല രീതിയിൽ ബിസിനസ് ചെയ്തിട്ടുണ്ട്. ടൊവിനോയുടെ സിനിമയായതുകൊണ്ടും കൂടുതൽ പൈസ ചോദിക്കാം എന്നും തീരുമാനിച്ചു. ഒരു ടൊവിനോ ചിത്രത്തിന് അന്ന് നൽകാവുന്നതിൽവച്ച് ഏറ്റവും കൂടുതൽ തുക വേണമെന്നായിരുന്നു ആഗ്രഹം. കാരണം ഈ സിനിമയ്ക്ക് അത്രയും വലുപ്പമുണ്ടായിരുന്നു. വലിയ ഗ്രാഫിക്സ് ഉള്ള സിനിമയായിരുന്നു. സിജി ഒക്കെ അവസാന നിമിഷമാണ് റെഡിയായത്. മറ്റ് ഭാഷകളിൽ രണ്ട് ദിവസത്തിനു ശേഷമാണ് തിയറ്ററിൽ പോലും റിലീസ് ചെയ്യാൻ സാധിച്ചത്.
എന്നാൽ ഈ ചിത്രത്തിന്റെ ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല, പക്ഷേ ഇത് റിലീസ് ചെയ്യുന്ന സമയത്ത് ഒരു ബിസിനസ്സും നടന്നില്ല. റിലീസ് ചെയ്തതിനു ശേഷമാണ് എല്ലാ ബിസിനസ്സും നടന്നത്. ഞാൻ ഇപ്പോൾ മൂന്നാല് സിനിമകൾ ഒരുമിച്ചു ചെയ്യുന്നുണ്ട്. ആ 4 സിനിമകൾ ചേർത്തുവച്ചാൽ പോലും അജയന്റെ രണ്ടാം മോഷണത്തിന്റെ ബജറ്റ് ആകുന്നില്ല.
എനിക്കിത്രയും ധൈര്യമുണ്ടാക്കി തന്നതും ഈ സിനിമ തന്നെയാണ്. വലിയ സിനിമകൾ റിലീസ് ചെയ്യുന്ന സമയത്ത് അത് റിലീസ് ആകുന്നതിനു മുമ്പേ ഫിനാൻസ് എടുത്ത തുകകൾ തിരിച്ചു കൊടുത്തിരിക്കണം. ഈ സിനിമ ബിസിനസ് ആകാതിരുന്ന സമയത്ത്, അല്ലെങ്കിൽ ഞങ്ങൾ പറഞ്ഞ തുകയ്ക്ക് ഓക്കെ ആകാതിരുന്നപ്പോൾ ഇതിന്റെ ഫൈനൽ സെറ്റിൽമെന്റിന് കോടികളാണ് എനിക്ക് ആവശ്യമായി വന്നത്.
അന്ന് എന്റെ ഒരു കോളിൽ സഹായിച്ച പൃഥ്വിരാജ് സുകുമാരന് ഇന്ന് ഇപ്പോൾ നന്ദി പറയുകയാണ്. പിന്നീട് കുറച്ച് കൂടി പൈസ വേണ്ട സമയത്ത് ആ തുക അക്കൗണ്ടിൽ ഇട്ടു സഹായിച്ച അൻവർ റഷീദിനോടും നന്ദി രേഖപ്പെടുത്തുന്നു. ഒരുപാട് പേരുടെ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നമ്മളെപ്പോലുള്ളവർക്ക് മുമ്പോട്ടുവരാൻ സാധിക്കൂ.ഒരു ലിസ്റ്റിൻ സ്റ്റീൻ ഇന്നിവിടെ നിൽക്കണമെങ്കിൽ അയാളുടെ പിന്നിൽ ഒരുപാട് പേരുണ്ടാകും. എനിക്ക് തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് നൂറ് ശതമാനം ബോധ്യമുള്ള ആളാണ് ഞാൻ.
ഇത്രയും സിനിമകൾ നിർമിച്ചിട്ടും ഒരു നൂറ് കോടി ക്ലബ്ബ് കിട്ടിയിരുന്നില്ല. എന്റെയൊരു സിനിമ നൂറ് കോടി കടന്നതിന് ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനും നന്ദി പറയുന്നു. ഇതിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ, ഓഡിയോ എന്നീ തുകകൾ ഇനിയും കിട്ടാനുണ്ട്. ഒരു മാരുതി 800 ആയിട്ടെങ്കിലും നിങ്ങളുടെ (സംവിധായകനോടും തിരക്കഥാകൃത്തിനോടും) വീടിനു മുന്നിൽ വരും..’’–ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ.