എനിക്കു മാത്രമായി ഷൂട്ടിങ് സ്ക്രിപ്റ്റ് ഉണ്ട്, ‘എമ്പുരാന്റെ’ ഫസ്റ്റ് കട്ട് 3 മണിക്കൂർ ഒരു മിനിറ്റ്: പൃഥ്വിരാജ് പറയുന്നു

Mail This Article
‘എമ്പുരാൻ’ സിനിമയുടെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറും ഒരു മിനിറ്റുമായിരുന്നുവെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. തിരക്കഥയ്ക്കു പുറമെ തനിക്കു മാത്രമായി ഒരു ഷൂട്ടിങ് സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും സ്റ്റോറി ബോർഡോ റഫറൻസോ താന്‍ ഉപയോഗിക്കാറില്ലെന്നും ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ പൃഥ്വി വെളിപ്പെടുത്തി.
‘‘മുരളി ഗോപി എഴുതിയ തിരക്കഥ ഉണ്ടെങ്കിലും ചിത്രീകരണത്തിനായി ഞാനൊരു ഷൂട്ടിങ് സ്ക്രിപ്റ്റ് തയാറാക്കിയിരുന്നു. അത് ഞാൻ സ്വയം എഴുതിയതാണ്. എന്റെ തിരക്കഥാകൃത്തിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കിയതിനു ശേഷം തിരക്കഥയിൽ ഇടതുവശത്തും വലതു വശത്തും എഴുതിയിരിക്കുന്ന കാര്യങ്ങൾ മനഃപാഠം പോലെ എനിക്കു വിവരിക്കാൻ കഴിയുന്ന ഒരു പോയിന്റിലെത്തും. എന്റെ സിനിമകളുടെ തിരക്കഥകൾ എനിക്ക് മനഃപാഠമാണ്. ആ പോയിന്റിലെത്തുമ്പോൾ ഞാനിരുന്ന് എഴുതും. ഞാൻ മനഃപാഠമാക്കിയതും ഏതു രീതിയിലാണ് ഞാൻ അത് ദൃശ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നതും തമ്മിലൊരു സംവാദം നടക്കും. ചിലപ്പോൾ ഞാൻ സീൻ ഓർഡർ മാറ്റും. ചില സീനുകൾ വീണ്ടുമെഴുതും. തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തും. ചില സീനുകൾ നടക്കുന്ന സ്ഥലം മാറ്റും. അങ്ങനെ പല മാറ്റങ്ങൾ വരുത്തി ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കും. അതിനുശേഷം ആ ഡ്രാഫ്റ്റ് ഞാനെന്റെ തിരക്കഥാകൃത്തിനെ കേൾപ്പിക്കും.
ആ സമയത്ത് പല വിയോജിപ്പുകൾ ഉണ്ടാകും. പല അടികളും നടക്കും. ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയൊക്കെ ഇങ്ങനെ പോകും. അതിനുശേഷം ഞാനും തിരക്കഥാകൃത്തും സമവായത്തിലെത്തും. ആ തിരക്കഥ ഞാൻ വീണ്ടും എന്റെ പ്രധാന താരത്തെയും നിർമാതാവിനെയും വീണ്ടും കേൾപ്പിക്കും. ഇത്രയും പ്രക്രിയയിലൂടെ കടന്നാണ് ഞാൻ ഷൂട്ടിനെത്തുന്നത്. അപ്പോഴേക്കും എന്റെ അബോധമനസ്സിൽ തന്നെ ഷോട്ട് ഡിവിഷനൊക്കെ സ്വാഭാവികമായും നടന്നു കഴിഞ്ഞിരിക്കും. അതുകൊണ്ട് എനിക്ക് സിനിമയ്ക്കായി ഒരു മൂഡ് ബോർഡോ ഛായാഗ്രഹകന് കാണിച്ചുകൊടുക്കാൻ റഫറൻസോ ആവശ്യമായി വരാറില്ല.
എന്റെ വിഎഫ്എക്സ് സൂപ്പർവൈസർമാർക്ക് ഞാനൊരു പേടിസ്വപ്നമാണ്. കാരണം, അവർക്ക് എന്തെങ്കിലും നോക്കാനൊരു റഫറൻസ് ഞാൻ കൊടുക്കാറില്ല. കൃത്യമായി കാര്യങ്ങൾ വിവരിച്ചു കൊടുക്കാൻ എനിക്കു കഴിയാറുണ്ട്. പലപ്പോഴും അധികമായി എനിക്കൊരു ഷോട്ട് എടുത്തു വയ്ക്കേണ്ടി വരാറില്ല. എമ്പുരാന്റെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറും ഒരു മിനിറ്റുമായിരുന്നു. ഫൈനൽ സിനിമയുടെ ദൈർഘ്യം മൂന്നു മണിക്കൂറും. അതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണ്.
ചില ദിവസങ്ങളിൽ അറുന്നൂറോളം ആളുകൾ സെറ്റിലുണ്ടാകും. അപ്പോൾ എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് പറയാൻ കഴിയില്ല. സെറ്റിന്റെ ഒരു ഭാഗത്ത് നമ്മൾ ചിലപ്പോൾ ഒരു സീൻ എടുക്കുകയാകും. സെറ്റിന്റെ മറുവശത്ത് എന്താണ് ശരിക്കും സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് ഒരുപക്ഷേ, യാതൊരു ഊഹവും ഉണ്ടാകില്ല. അതെല്ലാം നിയന്ത്രിക്കാൻ ബോധ്യവും വിശ്വാസവും ഉള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഒരു സിനിമ പ്രത്യേകിച്ചും വലിയ ക്യാൻവാസിലുള്ള സിനിമ തീർച്ചയായും സംവിധായകന്റെ ഭാവനാപരമായ ഉൾക്കാഴ്ചയാണ്. പക്ഷേ, അതു സഫലീകരിക്കണമെങ്കിൽ അതു മനസ്സിലാക്കുകയും അതുപോലെ സാക്ഷാത്ക്കരിക്കാൻ കഴിയുകയും ചെയ്യുന്ന ഒരു ടീം വേണം. ആ സംഘത്തിന് നേതൃത്വം കൊടുക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. ടീസർ ലോഞ്ചിന്റെ സമയത്ത് ഞാനെന്റെ സാങ്കേതികപ്രവർത്തകരെയെല്ലാം വേദിയിലേക്ക് ക്ഷണിച്ചു. എന്നിട്ടു പറഞ്ഞത്, ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരാണ് എനിക്കൊപ്പമുള്ളത് എന്നാണ്.’’–പൃഥ്വിരാജിന്റെ വാക്കുകൾ.