കല്യാണം കഴിച്ചാല്‍ മനോജിനെ മാത്രമെന്ന് വാശി പിടിച്ച നന്ദന; പ്രണയിച്ച് കൊതി തീരും മുമ്പേ അകാല മരണം

Mail This Article
പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം മലയാളികൾക്കും വേദനയാകുന്നു. കേരളത്തിന്റെ മരുമകനാണ് അദ്ദേഹം. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളി. പ്രിയ ഭർത്താവ് ഇനി ഒപ്പമില്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ നന്ദനയ്ക്കായിട്ടില്ല. നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ മനോജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് യാത്രയായി.
നന്ദനയുടെയും മനോജിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയവും, 19 വര്‍ഷത്തെ ദാമ്പത്യ ജീവിതവും വളരെ മനോഹരമായിരുന്നു. പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം മനോജ് നന്ദനയെ കുറിച്ച് വാചാലനാകും. ‘സാദുരിയാന്‍’ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് പ്രണയം സംഭവിച്ചത്. തനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്ന് മനോജ് തുറന്നു പറഞ്ഞിട്ടുണ്ട്. തമിഴ് മാധ്യമമായ ‘പുതുയുഗം ടിവി’ക്കു നൽകിയ അഭിമുഖത്തിൽ ഈ കഥ മനോജും നന്ദനയും പറയുകയുമുണ്ടായി.
‘‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. സാദുരിയാൻ എന്ന സിനിമയുടെ ഷൂട്ടിങ്. ആദ്യ ദിവസത്തെ ഷൂട്ട് ഒരു വീട്ടിലായിരുന്നു. നായികയെ തിരിഞ്ഞ് നോക്കരുത്, സംവിധായകൻ പരിചയപ്പെടുത്തുമെന്ന് മനസിൽ കരുതി. എന്നാൽ തിരിഞ്ഞ് നോക്കി. നന്ദനയെ കണ്ടപ്പോൾ തന്നെ എനിക്ക് പ്രണയം തോന്നി. അതിന് ശേഷം എനിക്കും അവൾക്കും ഒരു ഷോട്ട് ഉണ്ടായിരുന്നു. ബെഡിൽ ഇരിക്കുമ്പോൾ ഞാൻ തോളിൽ കൈ വയ്ക്കണം. എന്നാൽ എനിക്ക് കൈ വയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് നാല് ടേക്ക് പോയി. അവൾ കൺഫ്യൂഷനിലായി. എന്താണ് പ്രശ്നമെന്ന് അവൾക്ക് മനസ്സിലായില്ല. ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് എന്റെ കൈപിടിച്ച് അവൾ തോളിൽ വച്ചു. എനിക്ക് നെഞ്ചിടിപ്പായി. പ്രണയം മനസിലുണ്ടെങ്കിലും പറയണോ എന്ന് തോന്നി. ഫൈനൽ ഷെഡ്യൂളിൽ അവൾക്കെന്നോട് സ്നേഹമുണ്ടെന്ന് വ്യക്തമായി. പോണ്ടിച്ചേരിയിൽ വച്ച് ഗാനരംഗം ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പാക്കപ്പായി തിരിച്ച് പോകും. എനിക്ക് നിരാശയായി.
ഇനി എപ്പോൾ കാണാൻ പറ്റുമെന്ന് തോന്നി. പോകുന്ന സമയത്ത് കാറിലേക്ക് കയറുന്നതിന് മുമ്പ് അവളെന്നെ തിരിഞ്ഞു നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു. പിന്നീട് മെസേജുകളയച്ചു. അന്ന് ഫോണിൽ മെസേജ് അയയ്ക്കാനുള്ള ഓപ്ഷൻ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം ‘നിങ്ങൾക്ക് അറിവില്ലേ’ എന്ന് നന്ദന ഫോണ്‍ വിളിച്ചു ചോദിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഫോൺ ചെയ്ത് സംസാരിക്കാമെന്ന് ഒരിക്കലും നിങ്ങൾക്ക് തോന്നിയിട്ടില്ലേ എന്നു ചോദിച്ചു. അതിനു ശേഷം ഫോണിൽ സംസാരിച്ചു. അങ്ങനെ കുറേ നാൾ പോകവെ ഒരു ദിവസം അവൾ വിളിച്ച് ഈ ബന്ധം മുന്നോട്ടുപോയാൽ ശരിയാകില്ലെന്നു പറഞ്ഞു. കാരണം ഈ ബന്ധം വെറുമൊരു സുഹൃദ് ബന്ധം മാത്രമാണോ അതോ പ്രണയമാണോ എന്ന് അവൾക്കൊരു ആശങ്ക ഉണ്ടായിരുന്നു.

എനിക്ക് നിന്നെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു, എന്ത് പറയുന്നു എന്ന് ഞാൻ തിരിച്ചു മറുപടിയായി പറഞ്ഞു. അവൾ കരയാൻ തുടങ്ങി. അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. എന്ത് ധൈര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. അമ്മയോട് സംസാരിച്ചപ്പോൾ ഇതൊന്നും എനിക്ക് അറിയില്ല, നിങ്ങൾ അവളുടെ അച്ഛനോട് സംസാരിക്കണമെന്ന് പറഞ്ഞു. എന്നാൽ എനിക്കാകട്ടെ സ്വന്തം വീട്ടിൽ ഇക്കാര്യം പറയാൻ പേടിയായിരുന്നു. മഹേഷ് എന്ന സുഹൃത്താണ് അച്ഛനോട് പറയുന്നത്.
അച്ഛൻ അമ്മയോടും സഹോദരിയോടും ബന്ധുക്കളോടും പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറയാൻ പറഞ്ഞു. അക്കാര്യം എനിക്ക് അറിയില്ലായിരുന്നു. കോഴിക്കോട് അവളുടെ വീട്ടിൽ പോയപ്പോൾ എല്ലാവരുടെയും മനസ്സു മാറി. അവളുടെ അച്ഛന്റെ ബന്ധുക്കൾ ആർമിയിലാണ്. അമ്മയുടെ ബന്ധുക്കൾ പഠിച്ചവരും ഉയർന്ന ഉദ്യോഗസ്ഥരും. എന്റെ പെരിയപ്പ അച്ഛനെ വിളിച്ച് ഈ പെൺകുട്ടിയേക്കാൾ നല്ല പെൺകുട്ടിയെ മകന് ലഭിക്കില്ലെന്ന് പറഞ്ഞു. അങ്ങനെ 2006 ലായിരുന്നു വിവാഹം.’’– മനോജിന്റെ വാക്കുകൾ.
മനോജുമായുള്ള ബന്ധത്തിൽ നന്ദനയുടെ വീട്ടുകാര്‍ക്കും ആദ്യം യോജിപ്പുണ്ടായിരുന്നില്ല. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് മനോജിനെ മാത്രമെന്ന് നന്ദന വാശി പിടിച്ചു. പക്ഷേ മറ്റൊരു ഭാഷ, വേറെ സംസ്‌കാരം, അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ് നന്ദനയുടെ വീട്ടുകാര്‍ എതിര്‍ത്തു.
‘‘വീട്ടിൽ വലിയ ബഹളമായിരുന്നു. വിവാഹം കഴിക്കാനാണെങ്കില്‍ യുകെയില്‍ നിന്നും ലണ്ടനില്‍ നിന്നും വരനെ കൊണ്ടുവരാം എന്ന് പറഞ്ഞ് ചിലരെ കൊണ്ടു വരിക വരെ ചെയ്തു. ഭാഷയൊക്കെയായിരുന്നു പ്രശ്നമായി പറഞ്ഞത്. നിങ്ങളെങ്ങനെ സംസാരിക്കും, തമിഴ് അറിയാമോ എന്നൊക്കെയുള്ള കുറ്റങ്ങൾ. മനോജിന് ഇംഗ്ലിഷ് അറിയാം, ഇംഗ്ലിഷിൽ സംസാരിക്കുമെന്ന് അച്ഛനോടു പറഞ്ഞു. അച്ഛന്‍ അത്രയും വാശി പിടിച്ചപ്പോള്‍ എനിക്കും വാശിയായി, വിവാഹം ചെയ്താല്‍ മനോജിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഞാനും വാശി പിടിച്ചു. പിന്നീട് മനോജിന്റെ അമ്മയും സഹോദരിയും ചിറ്റപ്പനും കോഴിക്കോട് വന്ന് എന്നെ കണ്ടു. അതിന് ശേഷം ആറു മാസം കഴിഞ്ഞ് മനോജിന്റെ അച്ഛനും വന്ന് കണ്ടു. അന്ന് സിനിമകളുടെ കാര്യത്തിൽ അദ്ദേഹം തിരക്കിലായിരുന്നു. എന്നോടു തനിച്ചു സംസാരിക്കണമെന്നു അദ്ദേഹം അച്ഛനോടു പറഞ്ഞു. കുറച്ച് ചോദ്യങ്ങൾ ചോദിച്ചു, ഞാൻ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ടെൻഷൻ തോന്നും. പിന്നീട് വീട്ടുകാര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടതോടെ, അവരുടെ അനുഗ്രഹത്തോടെയായിരുന്നു വിവാഹം.’’–നന്ദനയുടെ വാക്കുകൾ.
കുഞ്ചാക്കോ ബോബന്റെ നായികയായി ‘സ്നേഹിതൻ’ എന്ന സിനിമയിലൂടെയാണ് നന്ദന സിനിമയിൽ അരങ്ങേറിയത്. സ്നേഹിതനിലെ നന്ദനയുടെ റോളും പാട്ടുകളും എല്ലാം ഹിറ്റായിരുന്നു. പിന്നീട് ‘സ്വപ്നം കൊണ്ട് തുലാഭാരം’, ‘സേതുരാമയ്യർ സിബിഐ’, ‘ചതിക്കാത്ത ചന്തു’, ‘കല്യാണ കുറിമാനം’ തുടങ്ങിയ മലയാള സിനിമകളിലും ‘സക്സസ്’, ‘എബിസിഡി’, ‘സാദുരിയൻ’, ‘കല്ലിഗ’ തുടങ്ങിയ തമിഴ് സിനിമകളിലും നന്ദന അഭിനയിച്ചു. വിവാഹത്തോടെ നന്ദന അഭിനയം ഉപേക്ഷിച്ചു. സോഷ്യൽമീഡിയയിലും നടി സജീവമായിരുന്നില്ല.
മനോജിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്. ഭർത്താവിന്റെ നിർമ്മാണ കമ്പനി നോക്കി നടത്തുന്നതിപ്പോൾ നന്ദനയാണ്. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. അതുകൊണ്ട് തന്നെ മനോജിന്റെ വിയോഗ വാർത്ത നന്ദനയുടെ കുടുംബത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞെട്ടലോടെയാണ് മനോജിന്റെ നിര്യാണവാര്‍ത്തയറിഞ്ഞത്. മാര്‍ച്ച് ഏഴിന് ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന മനോജിന് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.