ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന അതിരൻ; റിവ്യു
Mail This Article
കാടിന്റെ നടുക്ക് രഹസ്യങ്ങളുടെ കലവറയായ ഒരു ബംഗ്ലാവ്, അവിടെ മനസ്സിന്റെ താളം നഷ്ടപ്പെട്ട കുറെ മനുഷ്യർ, അവരെ തേടി വരുന്ന ഒരു ഡോക്ടർ, അയാളുടെ വരവിനു വേറെ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ? ശരിക്കും ആരാണ് അയാൾ?...
ഭീതിയും ദുരുഹൂതയും ഇഴചേർത്തു, തുടക്കം മുതൽ ക്ലൈമാക്സ് വരെ പിടിതരാതെ, പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണ് അതിരൻ. മിസ്റ്ററിയിലൂടെ ആരംഭിച്ച് ഹൊററിലൂടെ പുരോഗമിച്ച് ട്വിസ്റ്റിൽ അവസാനിക്കുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. കഥയും സംവിധായകന്റേതു തന്നെ.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച സെഞ്ചുറി കൊച്ചുമോനാണ് ചിത്രത്തിന്റെ നിർമാതാവ്. അനു മൂത്തേടനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാണ്.
പ്രമേയം
1970 കളാണ് കഥാപശ്‌ചാത്തലം. കാടിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന, ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ബംഗ്ലാവാണ് കഥയിലെ കേന്ദ്രബിന്ദു. ഇപ്പോൾ മാനസികരോഗികളുടെ പുനരധിവാസകേന്ദ്രമായി പ്രവർത്തിക്കുകയാണ്. അവിടെ ഓർമകൾ മായ്ക്കപ്പെട്ടുപോയ ഓരോ അന്തേവാസിക്കും പറയാൻ പുറംലോകമറിയാത്ത രഹസ്യങ്ങളുണ്ട്. അവിടേക്ക് പരിശോധനയ്ക്കായി ഒരു ഡോക്ടർ കടന്നുവരുന്നു. അവിടെ ഓട്ടിസ്റ്റിക്കായ ഒരു പെൺകുട്ടിയെ അയാൾ കണ്ടുമുട്ടുന്നു. അവളുടെ ജീവിതത്തെയും ഭൂതകാലത്തെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ചുരുളഴിക്കാൻ അയാൾ നടത്തുന്ന ശ്രമം, നേരിടേണ്ടി വരുന്ന എതിർപ്പുകള്‍ എന്നിവയിലൂടെയാണു ചിത്രം വികസിക്കുന്നത്. ഒടുവിൽ ചിത്രം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തി പര്യവസാനിക്കുന്നു.
രോഗികളുടെ മനോവിചാരങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി ആദ്യപകുതിയിൽ പ്രേക്ഷകനിൽ മിഥ്യാഭ്രമം ജനിപ്പിക്കുകയും രണ്ടാംപകുതിയിൽ അതുവരെ കണ്ട കാഴ്ചകളുടെ സത്യം സാധൂകരിക്കും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
അഭിനയം
കുമ്പളങ്ങിയിലെ ഷമ്മിക്ക് ശേഷം വീണ്ടും ദുരൂഹതകളുള്ള കഥാപാത്രമായി ഫഹദ് ഫാസിൽ വിസ്മയിപ്പിക്കുന്നു. കണ്ണുകളിലൂടെ കഥപറയുകയാണ് ഫഹദ് ചിത്രത്തിൽ. ഭീതിയും പ്രണയവും ദുരൂഹതയും നിറഞ്ഞ ആ കണ്ണുകൾ പ്രേക്ഷരെ വേട്ടയാടുന്നു. ചിത്രത്തിലെ ഒരു നിർണായക സന്ദർഭത്തിൽ ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത പരകായപ്രവേശമാണ് ഫഹദിൽ സംഭവിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്കു മടങ്ങിയെത്തിയ സായ്പല്ലവി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓട്ടിസം രോഗബാധിതയായ കഥാപാത്രമായി പല്ലവിയുടെ പരകായപ്രവേശമാണ് ചിത്രത്തിൽ കാണാനാവുക. കൈകാൽ വിരലുകൾ പോലും സൂക്ഷ്മമായി അഭിനയിക്കുന്നു. നൃത്തത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരം ഇത്തവണ കളരി അടവുകളിലൂടെ ഞെട്ടിക്കുന്നു.
അതുൽ കുൽക്കർണിയുടെ വില്ലൻ കഥാപാത്രവും ഉദ്വേഗം ഉയർത്തുന്നുണ്ട്. ഗോദ എന്ന സിനിമയ്ക്കുശേഷം ആയോധന കലയിൽ പ്രാവീണ്യമുള്ള കഥാപാത്രമായി രഞ്ജി പണിക്കർ അതിശയിപ്പിക്കുന്നു.
സാങ്കേതികമേഖലകൾ
ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച വിഷ്വലുകൾ അതിരന്റെ ഭാഗമാണ്. ചിത്രത്തിന്റെ മിസ്റ്ററി പ്രേക്ഷകരിലേക്ക് സംവേദനക്ഷമമാക്കുന്നതിൽ സംവിധാനം, ഛായാഗ്രഹണം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം എന്നിവയുടെ ഏകോപനം സുപ്രധാന പങ്കുവഹിക്കുന്നു. കാടിന്റെ വന്യതയും നിഗൂഢത നിറഞ്ഞ ബംഗ്ലാവിന്റെ ദൃശ്യങ്ങളും ചാരി അടയുന്ന വാതിലിന്റെ ഞരക്കവും വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുംവിധം ചിട്ടപ്പെടുത്തിയിരിക്കുന്നു.
മൂന്നുഗാനങ്ങളുണ്ട് അതിരനിൽ. പി.ജയചന്ദ്രൻ, ഹരിശങ്കർ, അമൃത, ഫെജോ എന്നിവരാണു ഗാനങ്ങൾ പാടിയിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും വിനായക് ശശികുമാറുമാണു വരികൾ എഴുതിയിരിക്കുന്നത്. നിഗൂഢതയും, പ്രണയവും ഇടകലർത്തി ആസ്വാദനതലത്തിൽ കൊണ്ടുവരാൻ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
രത്നച്ചുരുക്കം
ദൃശ്യപരമായി പുതുമയുള്ള കാഴ്ചാനുഭവമാകും അതിരൻ. ഹോളിവുഡിൽ നാം കണ്ടുപരിചയിച്ച ഒരു സൈക്കോ ത്രില്ലറിന്റെ എല്ലാ ചേരുവകളും മികവോടെ ചിത്രത്തിൽ ഇഴചേർത്തിരിക്കുന്നു. എന്നാൽ മിസ്റ്ററിയിൽ മാത്രം ഒതുക്കാതെ കുടുംബം, പ്രണയം തുടങ്ങിയ ചേരുവകളും ചിത്രത്തിൽ ചേർത്തിട്ടുണ്ട്. അതിനാൽ കുടുംബപ്രേക്ഷകർക്കും ചിത്രം ആസ്വാദ്യകരമാകും.