സന്തോഷവും സന്ദേശവും നൽകുന്ന ‘വികൃതി’; റിവ്യു
Mail This Article
സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. സമീപകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ അഭിനന്ദനങ്ങള്‍ നേടിയ സൗബിനും സുരാജും ഒന്നിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. പ്രതീക്ഷിച്ചതു പോലെ ഹൃദയഹാരിയായ അഭിനയമുഹൂർത്തങ്ങൾ ചേർത്തിണക്കിയ സിനിമ സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രവണതകൾ ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പറയുന്നത്.
കൊച്ചി മെട്രോയിൽ കിടന്നുറങ്ങിയ എൽദോ എന്ന അംഗപരിമിതനായ യുവാവിനെ, മദ്യപിച്ചു ബോധരഹിതനായി കിടക്കുന്നയാളാക്കി നടത്തിയ പ്രചാരണമാണ് ചിത്രത്തിന് പ്രചോദനമായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് സിനിമയിൽ എൽദോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എൽദോയെ ‘പാമ്പാക്കിയ’ സമീർ എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.
വ്യത്യസ്ത ദിശയിൽ സഞ്ചരിക്കുന്ന എൽദോയുടെയും സമീറിന്റെയും ജീവിതം വരച്ചു കാട്ടുന്നതാണ് ആദ്യപകുതി. ഒരു സ്വകാര്യ സ്കൂളിലെ പ്യൂൺ ആണ് എൽദോ. അയാൾക്കും ഭാര്യ എൽസിക്കും സംസാരശേഷിയില്ല. ഇവർക്ക് രണ്ടു മക്കളുണ്ട്. സ്നേഹവും കരുതലും നിറയുന്ന മനോഹരമായ നിമിഷങ്ങളാണ് എൽദോയുടെ കുടുംബം കാട്ടിത്തരുന്നത്. പ്രവാസിയായ സമീർ പ്രണയം തുറന്നു പറഞ്ഞ് വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധിയെടുത്ത് നാട്ടിലെത്തുന്നത്. സമൂഹമാധ്യമങ്ങൾക്ക് ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ആളാണ് സമീർ. നിഷ്കളങ്കവും നിസാരവുമായി ജീവിതത്തെ നോക്കി കാണുന്ന കഥാപാത്രം.
അങ്ങനെയൊരിക്കൽ മെട്രോയിൽ കിടന്നുറങ്ങുന്ന എല്‍ദോയെ സമീർ കാണുന്നു. ആശുപത്രിയിലായ മകൾക്കു കൂട്ടിരുന്ന് തളർന്ന് വരുന്ന എൽദോയുടെ ചിത്രം ‘മെട്രോയിൽ പാമ്പ്’ എന്ന രീതിയിൽ സമീർ പ്രചരിപ്പിക്കുന്നു. ഇതോടെ എൽദോയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പരിഹാസവും അവഗണനയും ഏറിയതോടെ എല്‍ദോ കടുത്ത മാനസിക സംഘർഷത്തിലാകുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ സോഷ്യൽ ലോകം സമീറിനെതിരെ തിരിയുന്നു. സമീർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് രണ്ടാംപകുതി. മെട്രോയിലെ ആ ‘വികൃതി’ അയാളുടെ വിവാഹദിവസങ്ങളിലെ സന്തോഷം പോലും ഇല്ലാതാക്കുന്നു.
യഥാർഥ സംഭവം ആസ്പദമാക്കിയുള്ള ഈ സിനിമ ശ്രദ്ധേയമാകുന്നത് മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെയും കയ്യടക്കമുള്ള അവതരണത്തിലൂടെയുമാണ്. സുരാജ് എന്ന നടന്റെ റേഞ്ച് ഒരിക്കൽ കൂടി തെളിയിക്കുന്ന കഥാപാത്രമാണ് എല്‍ദോ. പലപ്പോലും നിസ്സഹായനും മറ്റുള്ളവർക്കു മുന്നിൽ കോമാളിയുമായി അയാൾക്ക് മാറേണ്ടി വരുന്നു. നിഷ്കളങ്കമായി തുടങ്ങി പരിഭ്രാന്തിയിലൂടെ കടന്നു പോകുന്ന സമീറിനെ മികച്ചതാക്കാൻ സൗബിന് സാധിച്ചിട്ടുണ്ട്.
മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ വിൻസിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സുരഭി ലക്ഷ്മിയാണ് എൽദോയുടെ ഭാര്യയായി എത്തുന്നത്. മാമ്മുക്കോയ, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, മേഘനാഥൻ, സുധീര്‍ കരമന, മറീന മൈക്കിൾ, ഗ്രേസി, റിയ, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
കഥാസന്ദര്‍ഭത്തോടു വളരെയധികം ചേർന്നു നിൽക്കുന്നതാണ് സിനിമയിലെ ഗാനങ്ങൾ. പശ്ചാത്തല സംഗീതവും മികവു പുലർത്തുന്നു. ചില രംഗങ്ങൾ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നുമെങ്കിലും സംവിധായകന്റെ കയ്യടക്കം വ്യക്തമാണ്. നവാഗതന്റെ പരിഭ്രമങ്ങളൊന്നും സിനിമയിൽ പ്രതിഫലിക്കുന്നില്ല എന്നത് എംസി ജോസഫ് എന്ന സംവിധായകന്റെ മികവിന് തെളിവാണ്. എൽദോയുടെ യഥാർഥ കഥ തേടിപ്പോയി അതിൽ ഒരു സിനിമയുണ്ടെന്ന് മനസ്സിലാക്കി, അതിനായി മികച്ച തിരക്കഥ ഒരുക്കിയ അജീഷ് പി.തോമസും അഭിനന്ദനം അർഹിക്കുന്നു.
സമൂഹമാധ്യമങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിന്റെയും സമയത്തിന്റെയും സിംഹഭാഗവും അപഹരിക്കുന്ന ഇക്കാലത്ത് അവ മൂലം ഉണ്ടാകുന്ന ചില വികൃതികളും അതിനു മനുഷ്യൻ കൊടുക്കേണ്ടി വരുന്ന വിലയും വ്യക്തമായി ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. സമകാലീന സാഹചര്യത്തിൽ വളരെയേറെ പ്രസക്തമായ ഇൗ ചിത്രം ഒരേ സമയം സന്ദേശവും സന്തോഷവും നൽകുന്ന ഒന്നാണ്.