ADVERTISEMENT

40 വയസ്സായിട്ടും പെണ്ണുകിട്ടാതെ പുരനിറഞ്ഞു നിൽക്കുകയാണ് വിൻസന്റ്. വന്ന പല ആലോചനകളും മുടങ്ങിപോയി. അവസാനം ഒരാലോചന വിവാഹത്തിന്റെ പടിവാതിൽ വരെയെത്തി. ബന്ധുക്കളെത്തി, വിവാഹത്തലേന്ന് വീട് സന്തോഷമുഖരിതമായി. പിറ്റേന്ന് അയാളുടെ വിവാഹദിവസം സംഭവിക്കുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളും അതയാളെ കൊണ്ടെത്തിക്കുന്ന ദുരൂഹമായ മനോവ്യാപാരങ്ങളുമാണ് പുലിമട എന്ന ചിത്രം അവതരിപ്പിക്കുന്നത്.

സംഭവബഹുലമായ ആ രാത്രിയിൽ വിഭ്രമാത്മകമായ മാനസികനിലയിലെത്തിയ വിൻസെന്റ്, ആ വനപ്രദേശത്ത് ഒരു പെണ്ണിനെ കണ്ടുമുട്ടുന്നു. പിന്നീട് അവളെ ആരും കണ്ടിട്ടില്ല.. ആരാണ് ആ യുവതി? എന്താണ് അവൾക്ക് സംഭവിച്ചത്?...ഇനിയെല്ലാം ഒരു തോന്നലാണോ?...ഇതിനെല്ലാമുള്ള ഉത്തരങ്ങളുടെ ചുരുളുകൾ അഴിയുകയാണ് പിന്നീട്.

നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച എ.കെ. സാജന്റെ സംവിധാന മികവിലൊരുങ്ങുന്ന പുതിയ ചിത്രമാണ് പുലിമട. പ്രേക്ഷകശ്രദ്ധ ആകർഷിച്ച 'ഇരട്ട' എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റേതായി എത്തുന്നഅടുത്ത റിലീസ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോടു കൂടിയ ചിത്രത്തിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.   

പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന സിനിമ ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും  ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ജോജുവിന്റെ മാസ്മരിക അഭിനയപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെക്കുറെ ഒറ്റയ്ക്ക് ചിത്രത്തെ തോളിലേറ്റുകയാണ് അയാളിലെ നടൻ. മതിഭ്രമം, ലഹരി, കാമം, നഷ്ടബോധം, നൈരാശ്യം എന്നിങ്ങനെ വ്യത്യസ്ത മനോവിചാരങ്ങളിലൂടെ കടന്നുപോകുന്ന നായകനെ ജോജു ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ നിറയെ താരങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ ജോജുവും ഐശ്വര്യ രാജേഷും ചേർന്നാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. മികച്ച അഭിനേത്രിയാണെങ്കിലും ലിജോമോൾക്ക് പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിൽ അധികമില്ല.

വയനാടിന്റെ ഉൾനാടൻ പ്രദേശങ്ങളുടെ ഭംഗിയും കാടിന്റെ വന്യതയും ഛായാഗ്രാഹകൻ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഇഷാൻ ദേവ് ഒരിടവേളയ്‌ക്കുശേഷം ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നു. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും നിലവാരം പുലർത്തുന്നു.

കഥാപശ്ചാത്തലം വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശമാണെങ്കിലും അതിനെ നിഷ്പ്രഭമാക്കി, വിൻസെന്റിന്റെ വീടും പരിസരങ്ങളും അയാളുടെ സ്വഭാവതീവ്രതയിലൂടെ പുലിമടയായി മാറുന്നത് പ്രേക്ഷകർക്ക് അനുഭവവേദ്യമാകും. ചുരുക്കത്തിൽ, പിടിതരാതെ ഓരോനിമിഷവും മുറുകുന്ന കഥാഗതിയിലൂടെ, ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ ചിത്രം കൊണ്ടുപോവുക.

English Summary:

Pulimada Review: Unpredictable twists keep Joju George's 'Pulimada' engaging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com