പോളണ്ടിനെക്കുറിച്ചു മാത്രമല്ല ഹംഗറിയെക്കുറിച്ചും മിണ്ടരുത്; റിവ്യു
Mail This Article
എ ബ്രൈറ്റർ ടുമോറോ എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവും നാനി മൊറൈറ്റി തന്നെയാണ്. 2001 ൽ കാനിൽ പുരസ്കാരം നേടിയ ദ് സൺസ് റൂം എന്ന പ്രശസ്ത ചിത്രത്തിന്റെ ശിൽപി. വൻ പ്രതീക്ഷകളോടെയാണ് ബ്രൈറ്റർ ടുമോറോയെ 28–ാം രാജ്യാന്തര ചലച്ചിത്ര മേള വരവേറ്റതും. എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്. കോമഡി സിനിമ ട്രാജഡിയായ അനുഭവം.
നാനി മൊറൈറ്റി എന്ന സംവിധായകൻ ഈ കാലത്തിനു യോജിച്ചയാളല്ലെന്നു വിളിച്ചുപറയുന്നതാണ് അദ്ദേഹത്തിന്റെ സംഭാഷണവും ജീവിതരീതിയും സിനിമാ സംവിധാനവും. ഹംഗറിയിലെ ജനാധിപത്യ വിപ്ലവത്തെക്കുറിച്ചാണ് അദ്ദേഹം സിനിമയെടുക്കുന്നത്; ഒരു നല്ല നാളെയെക്കുറിച്ച്. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതീക്ഷകളോടെയാണ് ജനാധിപത്യ പ്രക്ഷോഭത്തെ കാണുന്നത്. സോവിയറ്റ് ടാങ്കുകൾ ജനങ്ങളുടെ മേൽ ഇരച്ചെത്തി ഏകാധിപത്യം നടപ്പാക്കുമ്പോൾ നിലപാടെടുത്തിട്ടില്ല ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി. നേതൃത്വം എന്തു പറയുന്നു എന്നു നോക്കേണ്ടതുണ്ട്. നേതാക്കൾ വിതരണം ചെയ്യുന്ന ക്യാപ്സൂളിനു വേണ്ടി കാത്തിരിക്കുകയാണവർ. അതെത്ര പരിഹാസ്യമാണെന്ന് ചിത്രം വിശദമാക്കുന്നുമുണ്ട്. റോമിലെത്തിയ ഒരു സർക്ക്സ് ട്രൂപ്പിന് വിരോചിത സ്വീകരണമാണു ലഭിക്കുന്നത്. അതും ചിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഹംഗേറിയൻ വസന്തം അവരുടെ പര്യടനത്തെ പ്രതികൂലമായി ബാധിക്കുന്നു.
മൊറൈറ്റി കരിയറിലെന്നപോലെ ജീവിതത്തിലും നിഷ്കാസിതനായിക്കൊണ്ടിരിക്കുകയാണ്. ഭാര്യ അയാളിൽ നിന്ന് അടുക്കാനാവാത്ത വിധം അകന്നു. ഇനി ഒരു നിമിഷം പോലും അയാൾക്കൊപ്പം ജീവിക്കാൻ തയാറല്ലെന്നാണ് അവരുടെ നിലപാട്. മകൾ പരസ്യമായി ഈ നിലപാട് എടുക്കുന്നില്ലെങ്കിലും മൊറൈറ്റിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെന്ന് വ്യക്തം. ഭാര്യയ്ക്കും മകൾക്കുമൊപ്പം ‘ലോല’ സിനിമ കാണിനിരിക്കുമ്പോൾ ഓരോരുത്തരായി എഴുന്നേറ്റുപോകുന്നു. മൊറൈറ്റി ബാക്കിയാകുന്നു. ഒടുവിൽ അയാളും ടെലിവിഷൻ ഓഫ് ചെയ്ത് കിടക്കാൻ പോകുന്നു. ഇന്നലെകളുടെ പാരമ്പര്യമോ പൈതൃകമോ പ്രൗഡിയോ അയാളെ രക്ഷിക്കുന്നില്ല. വർത്തമാനകാലത്തേക്ക് എത്തിക്കുന്നില്ല. യാഥാർഥ്യത്തിലേക്ക് വിളിച്ചുണർത്തുന്നില്ല.
എന്നാൽ സ്റ്റാലിൻ ഏകാധിപതിയാണെന്ന കാര്യത്തിൽ അയാൾക്ക് ഉറപ്പുണ്ട്. ലെനിന് ഒപ്പമുള്ള സ്റ്റാലിന്റെ ചിത്രം അയാൾ വലിച്ചുകീറി ഉപേക്ഷിക്കുന്നുണ്ട്. ഹംഗേറിയൻ വിപ്ലവത്തെക്കുറിച്ച് യാഥാർഥ്യ ബോധത്തോടെ വാർത്ത കൊടുക്കാത്ത പത്രത്തിന്റെ രീതിയുമായും അയാൾക്കു യോജിപ്പില്ല. സിനിമയിലെ സിനിമയാണ് എ ബ്രൈറ്റർ ടുമോറോ. എന്നാൽ, സിനിമ എന്ന രീതിയിലോ നാടകമെന്ന രീതിയിലോ ചിത്രവും മൊറൈറ്റിയും പരാജയപ്പെടുന്ന കാഴ്ചയാണ് ചിത്രത്തിലുടനീളം കാണുന്നത്.
തമാശ ലക്ഷ്യത്തിലെത്തുന്നില്ല. ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നില്ല. അവതരണത്തിൽ സർവ്വത്ര ആശയക്കുഴപ്പം. വലിയ പണം മുടക്കി നിർമിച്ച സെറ്റിന്റെ പശ്ചാത്തലത്തിൽ, വിപുലമായ ക്രൂവിന്റെ മുന്നിൽ സ്വയം പരിഹാസ്യനാകുന്ന മൊറൈററ്റി ചിത്രം കാണുന്ന പ്രേക്ഷകർക്കു മുന്നിലും കോമാളി വേഷം കെട്ടുകയാണ്. ബ്രൈറ്റർ ടുമോറോ അവസാനിച്ചാലും ചിത്രം എന്താണ് ഉദ്ദേശിച്ചതെന്നോ ഫലശ്രുതി എന്താണെന്ന കാര്യത്തിലോ ആർക്കും ഒരു വ്യക്തതയും ലഭിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെയും പ്രതികരണത്തെയും കളിയാക്കുന്നതൊഴിച്ചാൽ സർവത്ര ബോറാണു ചിത്രം. ഇത് എന്തിന്റെ പേരിലാണ് മേളയിലേക്കു തിരഞ്ഞെടുത്തതെന്ന കാര്യത്തിൽ മൊറൈറ്റിയുടെ അതേ ആശയക്കുഴപ്പത്തിലാണ് സംഘാടകരും എന്നു വ്യക്തം.