ലളിതമായ കഥ പറച്ചിലിന്റെ ഭംഗിയുള്ള സിനിമ
Mail This Article
ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിലും തീയറ്ററുകളിൽ പിടിച്ചുനിൽക്കുന്നൊരു സിനിമയാണ് ‘ഴ’. നാടകത്തിന്റെയും കവിതയുടെയും പശ്ചാത്തലമുള്ള ഒരു കുഞ്ഞുസിനിമ. സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനം. എന്നാൽ ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥയെക്കുറിച്ചുള്ള അവബോധം നൽകുന്നതാണ് ചിത്രത്തിന്റെ കഥാഗതി.
കേരളത്തിലെ നാടകപ്രവർത്തകരിൽ ശ്രദ്ധേയനായ ഗിരീഷ്.പി.സി. പാലമാണ് ഴയുടെ സംവിധായകൻ. ഗിരീഷിന്റെ തന്നെ ‘മഴ തന്നെ മഴ’ എന്ന നാടകമാണ് വെള്ളിത്തിരയിലേക്ക് സിനിമയായി എത്തിയിരിക്കുന്നത്.
കോഴിക്കോട്ടെ ഗ്രാമീണ പശ്ചാത്തലത്തിൽ വിരലിലെണ്ണാലുന്ന ചലച്ചിത്രതാരങ്ങളെയും അതിലധികം പുതുമുഖക്കാരെയും അണിനിരത്തിയാണ് ഴ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ലാളിത്യവും ഭംഗിയും അതാണ്.മഴയെക്കുറിച്ചെഴുതിയ കത്തിലൂടെ തന്റെ ജീവിതത്തിലേക്കു കടന്നുവന്ന സൗഹൃദത്തിന്റെ കഥയാണ് ‘ഴ’ എന്ന പേരിൽ സിനിമയാക്കിയതെന്ന് ഗിരീഷ്.പി.സി.പാലം മുൻപ് പറഞ്ഞിട്ടുണ്ട്.
‘‘ നിനക്ക് മഴയെ ഇഷ്ടമാണോ? എനിക്ക് മഴയെ ഇഷ്ടമാണ്.
മഴ തന്നെ മഴ..ഴ..ഴ...ഴ...’’ എന്നാണ് കത്തിന്റെ ഉള്ളടക്കം.
ചിത്രത്തിലെ നായകനായ ഹരിയും നാടകപ്രവർത്തകനാണ്. സുഹൃത്തായ ക്രിസ്റ്റി ഒരു രാത്രി മഴ നനഞ്ഞ് വീട്ടിലേക്ക് കയറിവരുന്നു. ഹരിയുടെ തൂലികാസുഹൃത്താണ് ക്രിസ്റ്റി. ഇരുവരും ഒരിക്കലും പരസ്പരം കണ്ടിട്ടില്ല. തന്നെ തിരിച്ചറിയാൻ ക്രിസ്റ്റി പറയുന്നത് പണ്ട് താൻ എഴുതിയ കത്തിലെ ഇതേ ഉള്ളടക്കമാണ്.
മഴയത്ത് കയറിവന്ന സുഹൃത്ത് ബൈപോളാർ ഡിസോർഡർ ഉള്ളയാളാണെന്നും സ്വന്തം അച്ഛനെ ആക്രമിച്ച ശേഷമാണ് വരവെന്നും പിന്നീടാണ് ഹരി അറിയുന്നത്. അപ്പോഴേക്ക് വീട്ടുകാർക്ക് ക്രിസ്റ്റി ഒരു പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരുന്നു.
മണികണ്ഠൻ ആചാരി ക്രിസ്റ്റിയെന്ന കഥാപാത്രമായി ജീവിക്കുകയാണ്. യുവതാരം നന്ദു ആനന്ദ് ഹരിയായെത്തി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത കേട്ടുറങ്ങുന്ന ഭ്രാന്തൻ സുഹൃത്തിനെപ്പോലെ അങ്ങിങ്ങായി ഉന്മാദം പെയ്തിറങ്ങുന്ന അനുഭവമാണ് മഴ. ഒരു കച്ചവട സിനിമയുടെ ചിട്ടവട്ടങ്ങളിലുള്ള സിനിമയല്ല ഴ. പരിപൂർണതയുള്ള സിനിമയുമല്ല. പക്ഷേ അതിനപ്പുറത്ത് ലളിതമായ കഥ പറച്ചിലിന്റെ ഭംഗിയുള്ള സിനിമയാണ് ഴ. അൽപനേരം കാഴ്ചക്കാരന്റെയുള്ളിൽ അശാന്തിയും ആശങ്കയും സൃഷ്ടിക്കാൻ സംവിധായകന് കഴിയുന്നുണ്ട്.
ചിത്രത്തിന്റെ നിർമാതാവ് രാജേഷ് ബാബു ശൂരനാടാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കെ.ജയകുമാർ അടക്കമുള്ള കവികൾ എഴുതിയ മനോഹരഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
അതേസമയം ക്യാമറയിലും എഡിറ്റിങ്ങിലും പശ്ചാത്തല ശബ്ദങ്ങളിലും ഒരൽപം കൂടി കരുതലുണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിക്കും.