ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

രണ്ടു മുഖങ്ങളാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അധികാരികൾക്ക്. പദവികളിൽ തുടരാൻ ജനങ്ങൾക്കു മുമ്പിൽ പുറത്തെടുക്കുന്ന മുഖം സ്നേഹത്തിന്റെ, കനിവിന്റെ, സഹതാപത്തിന്റെ, അനുതാപത്തിന്റെ ഒക്കെയാണ്. എന്നാൽ, ആരും കാണാതെ ചില ഒളിയിടങ്ങളുണ്ട്. അവിടെ, അവർ ഏറ്റവും ക്രൂരമായി പെരുമാറുന്നു. പരുഷമായി ജീവിക്കുന്നു. സഹജീവികളുടെ അന്തസ്സ് ചവിട്ടിത്തേക്കുന്നു. ഒടുവിൽ, പിടിക്കപ്പെടുമെന്ന ഘട്ടമാകുമ്പോഴും എങ്ങനെയും പദവിയിൽ കടിച്ചുതൂങ്ങാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നു.

നെവാങ്ക ഫെർണാണ്ടസിന് സ്വപ്നം കാണാൻ പോലും കഴിയാത്ത തുടക്കമായിരുന്നു അത്. സിറ്റി മേയറുടെ ക്യാബിനറ്റിലെ ഫിനാൻഷ്യൻ കൗൺസിലർ എന്ന സുപ്രധാന പദവി. സുന്ദരിയായ ആ യുവതി തന്റെ പദവിയോട് 100 ശതമാനം ആത്മാർഥത പുലർത്താൻ ഉറപ്പിച്ചിരുന്നു. അറിയാത്ത വസ്തുതകൾ പഠിച്ച്, കൃത്യമായി ഗൃഹപാഠം ചെയ്ത് നഗരത്തിന് പുതിയ മുഖം നൽകുക.ജനങ്ങളോട് കടമയും കടപ്പാടും പുലർത്തുക. മേയർ അവർക്ക് എല്ലാ പിന്തുണയും നൽകി. തന്റെ ഏറ്റവും അടുത്ത വ്യക്തിയോടെന്ന പോലുള്ള കരുതലും പരിഗണനയും നൽകി. എന്നാൽ, കാര്യങ്ങൾ പതുക്കെ മാറിമറിയാൻ തുടങ്ങി. ഭാര്യ മാരക രോഗത്തിന് അടിമയാണെന്നു തുറന്നു പറഞ്ഞുകൊണ്ട് മധ്യവയസ്കനായ മേയർ നെവേങ്കയുടെ ശരീരത്തിൽ നോട്ടമിട്ടുതുടങ്ങി. അവൾ അതിനോട് പ്രതികരിച്ചില്ല. തന്റെ വിസമ്മതം അയാൾ ഉൾക്കൊള്ളുമെന്നു പ്രതീക്ഷിച്ചു. 

എന്നാൽ, ക്രൂരമായി ആക്രമിക്കാൻ തന്നെയായിരുന്നു മേയറുടെ ഭാവം. അയാൾ അവളെ കീഴ്പ്പെടുത്തി. അത് തടയാൻ എന്തുകൊണ്ടോ അവൾക്കു കഴിഞ്ഞില്ല. ഇനിയെങ്കിലും അയാൾ പിൻമാറും എന്ന അവളുടെ പ്രതീക്ഷയും വിഫലമായി. അയാൾ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു. മാനസിക അസ്വാസ്ഥ്യം ബാധിച്ച വ്യക്തിയെപ്പോലെയായി നെവേങ്ക. ശരീരം ശോഷിച്ചു. ആകെ തകർന്നു. തളർന്നു. ആശുപത്രിയിലായി. കൗൺസലറുടെ സഹായം തേടി. അഭിഭാഷകന്റെയും. കാമുകൻ കൂടെ നിന്നു. എല്ലാ ധൈര്യവും നൽകി അഭിഭാഷകൻ കൂടി എത്തിയതോടെ, മേയർക്കെതിരായ പോരാട്ടം തുടങ്ങുകയായി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല.

ഐ ആം നെവേങ്ക എന്ന ചലച്ചിത്രം കെട്ടുകഥയല്ല. യഥാർഥ സംഭവം തന്നെയാണ്. സ്പെയിനിലെ മേയർക്കെതിരെ ഉയർന്നുവന്ന ലൈംഗികാരോപണം. പദവി ദുരുപയോഗം ചെയ്യൽ. അധികാരികളും ജനങ്ങളും പോലും അയാളുടെ കൂടെയായിരുന്നു.ആദ്യമൊന്നും നെവേങ്ക എതിർത്തില്ല എന്നതും അയാൾക്ക് അനുകൂലമായിരുന്നു. എന്നാൽ, കുടുംബം അപമാനിക്കപ്പെടും എന്നതു പോലും പരിഗണിക്കാതെ നെവേങ്ക മാധ്യമങ്ങളെ അഭിമുഖീകരിച്ചു. സത്യം തുറന്നു പറ‍ഞ്ഞു. ഓരോ ഇരയും മുന്നോട്ടു വരണമെന്ന് ആഹ്വാനം ചെയ്തു. അധികാരത്തിനൊപ്പം അശ്ലീലവും കൂടി ചേരുന്നതോടെ സ്ത്രീകളുടെ ജീവിതം ദുരിത പൂർണവും അസഹനീയവുമാവും എന്നു ജീവിതത്തിലൂടെ ഉദാഹരിച്ചു.

സ്പെയിനിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിരുന്നു അത്. ഒരു യുവതി അധികാരം കയ്യാളുന്ന മേയർക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തി പോരാട്ടം നടത്തുന്നത്. ചടുലമാണ് നെവേങ്ക എന്ന ചലച്ചിത്രം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാക്കുന്നതിൽ ബൊള്ളെയ്ൻ എന്ന സംവിധായിക പൂർണമായും വിജയിച്ചിരിക്കുന്നു. നെവേങ്കയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരും കാത്തിരിക്കാൻ തുടങ്ങുന്നതോടെ ചിത്രം ക്ലൈമാക്സിലേക്കു നീങ്ങുന്നു.

i-am-nevenka

സംഭാഷണങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. തിരക്കഥ തന്നെയാണ് സിനിമയുടെ കരുത്ത്.ഈ പോരാട്ടം നെവേങ്ക പരാജയപ്പെട്ടാൽ ചവിട്ടിയരയ്ക്കപ്പെടുന്നത് സ്ത്രീയുടെ അന്തസ്സും അഭിമാനവുമാണ്. അതു പാടില്ല. തെറ്റു ചെയ്യാത്ത മനസാക്ഷിയെ കൂട്ടുപിടിച്ചു നെവേങ്ക കോട‌തിയിലും ആഞ്ഞടിക്കുന്നു. മേയർ വിയർക്കുന്നു. ഇനി വിധി വരണം. അത് ചരിത്രത്തിൽ സുവർണലിപിയിൽ രേഖപ്പെടുത്തണം. ഒപ്പം ഐ ആം നെവേങ്ക എന്ന സിനിമ, വിജയചരിത്രത്തിലേക്കും. 

English Summary:

I Am Nevenka IFFK Movie Review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com