കിടക്ക കാരണം കിടക്കപ്പൊറുതി ഇല്ലാതാകുന്ന പെൺകുട്ടി; ആരാണ് ഈ ‘ഫെമിനിച്ചി ഫാത്തിമ’
Feminichi Fathima Review
Mail This Article
ഒരിക്കലെങ്കിലും ‘ഫെമിനിച്ചി’ ഫാത്തിമയെ കാണാത്തവരായി ആരും ഉണ്ടാവില്ല. കാരണം ഒരു മത വിഭാഗത്തിൽപ്പെട്ടവരുടെ കഥ മാത്രമല്ല ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ ഫാത്തിമ നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലോ ബന്ധത്തിലോപെട്ടവരും നമ്മുടെ ചുറ്റുപാടുമുള്ള ആരെങ്കിലും ഒക്കെ ആവാം. അവളെ പല രൂപത്തിലും പല ഭാവത്തിലും ആണ് നാം കാണുന്നത് എന്നു മാത്രം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ രാജ്യാന്തര ചലച്ചിത്രമേളയിൽ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
ഫാത്തിമ എന്ന ഒരു സാധാരണ പെൺകുട്ടിക്ക് അവളുടെ ഭർത്താവ് നൽകുന്ന പേരാണ് ഫെമിനിച്ചി ഫാത്തിമ. കിടക്ക കൊണ്ട് കിടക്കപ്പൊറുതി ഇല്ലാതാവുക എന്ന് പറഞ്ഞാൽ ഫാത്തിമയുടെ കാര്യത്തിൽ അത് 100 ശതമാനം സത്യമായി മാറുന്നതാണ് ചിത്രത്തിൽ കാണുന്നത്. ഫാത്തിമയുടെ ഭർത്താവ് മദ്രസ അധ്യാപകനായ അഷ്റഫാണ്. മൂത്ത ആൺകുട്ടി രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതോടെയാണ് ഫാത്തിമയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. കിടക്ക വൃത്തിയാക്കുന്നതിനായി ഫാത്തിമ അതെടുത്ത് വെളിയിൽ ഇടുന്നതും അതിൽ നായ കയറി അത് വൃത്തികേടാക്കുന്നതും ഫാത്തിമയുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കിടക്കയില്ലാതെ കിടക്കാൻ ഫാത്തിമയ്ക്ക് ബുദ്ധിമുട്ടാകുന്നു. ഭർത്താവിന്റെ സമ്മതമില്ലാതെ അതെടുത്ത് ഉപയോഗിക്കാനും അവർക്ക് കഴിയുന്നില്ല. തുടർന്ന് ഒരു കിടക്കയ്ക്കായി പൊന്നാനിക്കാരിയായ ഫാത്തിമയുടെ ശ്രമങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്.
ചിത്രത്തില്‍ കിടക്കയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കിടക്കയെ ബിംബമായി അവതരിപ്പിച്ച തനിക്ക് ചുറ്റുമുള്ളവരുടെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സമൂഹത്തിലെ പലതരത്തിലെ മേൽക്കോയ്മകളും അതിൽ പിടിച്ചുനിൽക്കുന്നവരെയും ഒക്കെ ചിത്രം പ്രതിനിധീകരിക്കുന്നു. സമൂഹത്തിൽ സ്ഥിരമായി നടക്കുന്ന ഇത്തരം വിഷയങ്ങളിൽ സത്യത്തിൽ ജാതി മത ഭേദങ്ങൾ ഒന്നും തന്നെയില്ല. നമ്മുടെ സമൂഹത്തിന്റെ പല കോണുകളിൽ ഉള്ള ചില കുടുംബങ്ങളുടെ നേർക്കാഴ്ച തന്നെയാണ് ചിത്രം. വളരെ അച്ചടക്കത്തോടെയും കയ്യടക്കത്തോടെയുമാണ് സംവിധായകൻ ഫാസിൽ മുഹമ്മദ് ഈ വിഷയത്തെ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കുന്നത്. അതിന് വലിയൊരു കയ്യടി തന്നെ അർഹിക്കുന്നു. പേരിലെ മതം ഒരിക്കലും ഒരു മതവിഭാഗത്തെ മാത്രം കാര്യങ്ങളെ സൂചിപ്പിക്കുന്നതല്ല പകരം പലയിടത്തും നടക്കാൻ ഇടയുള്ള ഒരു കാര്യത്തെ ആക്ഷേപഹാസ്യരൂപത്തിലൂടെ അവതരിപ്പിച്ച്, വലിയ തത്വങ്ങളാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
2024ന്റെ അവസാനത്തോട് അടുക്കുമ്പോഴും ഇത്തരം ഫാത്തിമമാർ നമുക്ക് ചുറ്റുമുണ്ട് എന്ന് അറിയുമ്പോഴാണ് നമ്മുടെ സമൂഹം ഇനിയും എത്രത്തോളം മുന്നോട്ടുപോകേണ്ടതുണ്ട് എന്നു നാം തിരിച്ചറിയപ്പെടുന്നത്. ഒന്നു പാളിയാൽ വളരെ അധികം പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാൻ ഇടയുള്ള ഒരു കാര്യത്തെ വളരെ മിതത്വത്തോടെയാണ് സംവിധായകൻ അവതരിപ്പിച്ചത്.
ഷംല ഹംസയാണ് ചിത്രത്തിൽ ഫാത്തിമയായി വേഷമിട്ടിരിക്കുന്നത്. ഭർത്താവ് അഷറഫ് ആയി എത്തിയിരിക്കുന്നത് കുമാർ സുനിലുംമികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചുറ്റുമുള്ള കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. നാട്ടിൻപുറത്ത് നാം കണ്ടിട്ടുള്ളതോ അല്ലെങ്കിൽ കാണാൻ ഇടയുള്ള ആയ കഥാപാത്രങ്ങളായി പലരും ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.
ചലച്ചിത്ര മേളയില മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഉൾപ്പെടെ അഞ്ചോളം അവാർഡുകൾ ആണ് ചിത്രം കരസ്ഥമാക്കിയത്. ഒപ്പം മികച്ച പ്രേക്ഷക സ്വീകാര്യതയും.