അടി തെറ്റിയാൽ ആനയും വീഴും, ഇടി കിട്ടിയാൽ ഏതു വമ്പനും: ദാവീദ് റിവ്യൂ

Mail This Article
ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. എതിരാളി എത്ര വലുതായാലും ശരി ഒരൊറ്റ നിമിഷം മതി അയാളെ വീഴ്ത്താൻ. അയാളുടെ ശ്രദ്ധ തെറ്റി നിൽക്കുന്ന നിമിഷം ശരിയായ നീക്കം നടത്തിയാൽ ഏതു വമ്പനും വീഴും. അടി തെറ്റിയാൽ ആനയും വീഴുമെന്നതു പോലെ.
ആഷിഖ് അബു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന് മുന്നിൽ ഒരു ദിവസം ഒരു വലിയ വെല്ലുവിളിയെത്തി. ലോക ബോക്സിങ് ചാമ്പ്യനിൽ നിന്നും. അവൻ പോലും ആദ്യം ഏറ്റെടുക്കാൻ മടിച്ച ഒന്ന്. ഒടുവിൽ സാഹചര്യങ്ങൾ അവനെ ആ വെല്ലുവിളി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ദാവീദ് എന്ന സിനിമയുടെ പ്രമേയം.
ആക്‌ഷൻ സ്റ്റാറായ പെപ്പെയുടെ കിന്റൽ അടി തന്നെയാണ് ദാവീദിന്റെയും ഹൈലൈറ്റ്. എന്നാൽ ആദ്യാവസാനം അടി അല്ല താനും. കഥാപരിസരം പറഞ്ഞു പോകുന്ന ആദ്യ പകുതിയിൽ ചില മാസ് രംഗങ്ങളുണ്ട്. പെപ്പെ അതൊക്കെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. അച്ഛൻ മകൾ സെന്റിമെന്റ്സും കുടുംബ പശ്ചാത്തലവുമൊക്കെയാണ് ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്റെർവെല്ലോടു കൂടി സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നു.
സിനിമയുടെയും കഥാപാത്രത്തിന്റെയും ട്രാൻസ്ഫോർമേഷനാണ് രണ്ടാം പകുതി. അടിക്ക് അടി ഇടിക്ക് ഇടി എന്ന മട്ടിൽ ആക്‌ഷനും. വിജയരാഘവൻ കൂടി എത്തുന്നതോടെ സംഭവം കളർ. ക്ലൈമാക്സ് ഫൈറ്റൊക്കെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കാത്തതാണ് ക്ലൈമാക്സും.
ആന്റണി പെപ്പെ ആഷിക്ക് അബുവായി മികച്ച പ്രകടനം നടത്തി. ഗുസ്തി ആശാനായ രാഘവന്റെ കഥാപാത്രമായി വിജയരാഘവൻ മികവു പുലർത്തി. വില്ലൻ വേഷത്തിലെത്തിയ ഇസ്മയിൽ, നായികയായ ലിജോമോൾ എന്നിവരും മിന്നും പ്രകടനം കാഴ്ച വച്ചു. സൈജു കുറുപ്പിന്റെ വേഷം ചിരി പടർത്തുന്നതായി.
ഗോവിന്ദ് വിഷ്ണു തന്റെ ആദ്യ സംവിധാന സംരംഭം കുറ്റമറ്റതാക്കി. സാലു കെ. തോമസിന്റെ ഛായാഗ്രഹണം മികവു പുലർത്തിയപ്പോൾ ജസ്റ്റിൻ വർഗീസിന്റെ സംഗീതം പല സീനുകളെയും എലവേറ്റ് ചെയ്തു. രാകേഷിന്റെ എഡിറ്റിങ്ങും മനോഹരം.
മാസ് ആക്‌ഷൻ ത്രില്ലറുകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് രസിക്കുന്ന ചിത്രമാണ് ദാവീദ്. തിയറ്ററിൽ കണ്ട് അറിയേണ്ട ചിത്രം പുത്തൻ അനുഭവമാകും സമ്മാനിക്കുക.