യുവത്വത്തിന്റെ ആഘോഷം; ‘ആപ്പ് കൈസേ ഹൊ’ റിവ്യു

Mail This Article
'ലൗ ആക്‌ഷന്‍ ഡ്രാമ', 'പ്രകാശന്‍ പറക്കട്ടെ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രമാണ് 'ആപ്പ് കൈസേ ഹൊ'. ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് താൻ ഈ തിരക്കഥ തയ്യാറാക്കിയതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു ചെറുപ്പക്കാരന്റെ ബാച്ചിലർ പാർട്ടിക്കിടെ നടക്കുന്ന ചില സംഭവങ്ങൾ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന കഥ പറയുന്ന ചിത്രം യുവതലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ്. നവാഗതനായ വിനയ് ജോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
കുട്ടിക്കാലം മുതൽ എല്ലാ കുരുത്തക്കേടിനും ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാരാണ് ക്രിസ്റ്റിയും ബിനോയിയും ഷജീറും. ജോലിയും വിവാഹവുമൊക്കെ മൂവരെയും പലവഴിയിൽ എത്തിച്ചെങ്കിലും ക്രിസ്റ്റിയുടെ ബാച്ചിലർ പാർട്ടിക്ക് ഒത്തുകൂടാൻ അവർ തീരുമാനിച്ചു. വിവാഹശേഷം വധുവുമൊത്ത് താമസിക്കാനായെടുത്ത ഫ്‌ളാറ്റിലാണ് ക്രിസ്റ്റി തന്റെ ബാച്ചിലർ പാർട്ടി നടത്താൻ തീരുമാനിച്ചത്. വീണ്ടും ഒരുമിച്ചുകൂടിയപ്പോൾ കൂട്ടുകാർ തങ്ങളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. വെള്ളമടിയും സിഗരറ്റ് വലിയും ഡ്രഗ്സും എല്ലാം കൂടി സമനില തെറ്റിച്ച ഏതോ ദുർബല നിമിഷത്തിൽ ക്രിസ്റ്റി അറിയാതെ ഷജീറും ബിനോയിയും ആഘോഷം കൊഴുപ്പിക്കാൻ രണ്ടു പെൺകുട്ടികളെ കൂടി ഫ്ലാറ്റിലെത്തിച്ചു. അവിടെനിന്ന് ക്രിസ്റ്റിയുടെയും കൂട്ടുകാരുടെയും ജീവിതം ഗതിമാറി ഒഴുകിത്തുടങ്ങി.
ക്രിസ്റ്റി എന്ന ചെറുപ്പക്കാരനായി അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനാണ്. കോമഡി സീനുകൾ കൈകാര്യം ചെയ്യുന്നതിൽ ധ്യാനിന് ഒരു പ്രത്യേക കഴിവുണ്ട്. നടൻ മുകേഷിന്റെ മകനായ ദിവ്യദർശൻ, അവതാരകനായ ജീവ എന്നിവരാണ് ക്രിസ്റ്റിയുടെ കൂട്ടുകാരായി അഭിനയിച്ചത്. രമേഷ് പിഷാരടിയും അജു വർഗീസും വളരെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനാരോഗ്യങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്ന സാക്ഷാൽ ശ്രീനിവാസൻ ഒരു സീനിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരിൽ ഗൃഹാതുരതയുണർത്തി. സൈജു കുറുപ്പും നടൻ സുധീഷും പ്രധാനപ്പെട്ട മാറ്റുരണ്ടു വേഷങ്ങളിലെത്തുന്നു. തൻവി റാം, സുരഭി, അബിൻ ബിനോ, ഇടവേള ബാബു, ആർ ജെ വിജിത തുടങ്ങിയവരോടൊപ്പം അവതാരക വീണയും ചിത്രത്തിലുണ്ട്.
ഒരു ദിവസം നടക്കുന്ന കാര്യങ്ങളാണ് ആപ്പ് കൈസാ ഹൊ എന്ന ചിത്രം പറയുന്നത്. ഒരു സുഹൃത്തിനുണ്ടായ അനുഭവം തിരക്കഥയാക്കി എന്നാണ് തിരക്കഥയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. യുവതലമുറയുടെ ആഘോഷവും പാർട്ടികളും അതിരു കടക്കുമ്പോൾ ജീവിതം കൂടി കൈവിട്ടുപോകാൻ സാധ്യതയുണ്ട് എന്നൊരു വലിയ വിഷയം നർമ്മത്തിന്റെ മേമ്പൊടിയോടെ ധ്യാൻ ശ്രീനിവാസൻ പ്രേക്ഷകരിലെത്തിക്കുന്നു. ഒപ്പം നമ്മുടെ നിയമസംവിധാനങ്ങൾ എത്രമാത്രം അഴിമതി നിറഞ്ഞതാണെന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ചിത്രം നൽകുന്നത്. സാമൂഹികപ്രാധാന്യമുള്ള തിരക്കഥ ഗൗരവമൊട്ടും ചോരാത്ത രീതിയിൽ ഒരു ചലച്ചിത്രാവിഷ്കാരമാക്കാൻ തന്റെ ആദ്യ ചിത്രത്തിലൂടെ വിനയ് ജോസ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. യുവത്വത്തിന്റെ ആഘോഷത്തിമിർപ്പും വേഗവും മനോഹരമായി ഫ്രെയിമിലാക്കാൻ അഖിൽ ജോർജിന്റെ ക്യാമറയ്ക്കായി. ഡാൺ വിൻസന്റും ആനന്ദ് മധുസൂധനനുമാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്.
മദ്യത്തിലും മയക്കുമരുന്നിലും സ്ത്രീവിഷയത്തിലും അടിമപ്പെടുന്ന യുവതലമുറയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് ആപ്പ് കൈസാ ഹൊ. കൂട്ടുകാർ ഒത്തുകൂടുമ്പോൾ ചെയ്യുന്ന ചില ചെറിയ തെറ്റുകൾ ജീവിതത്തെ ഒന്നാകെ മാറ്റി മറിച്ചേക്കാം എന്നൊരു ഗുണപാഠം കൂടി ചിത്രം യുവതലമുറക്ക് സമ്മാനിക്കുന്നുണ്ട്. തെറ്റിലേക്ക് കാലെടുത്തു വക്കും മുൻപ് വീണ്ടുവിചാരമുണ്ടാകാൻ ചെറുപ്പക്കാർ ഈ ചിത്രം ഒരുവട്ടം കാണുന്നത് നന്നായിരിക്കും.