ADVERTISEMENT

ഒരു മഴ പെയ്തു തോരുന്ന പോലെ സങ്കീർണമായ കഥയും കഥാപാത്രങ്ങളുമുള്ള ഒരു കൊച്ചു സിനിമ. എന്നാൽ സിനിമ സംസാരിക്കുന്നത് കൊച്ചു കാര്യങ്ങളല്ല. ചിന്തിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും; ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 

പ്രളയസമയത്ത് ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ആധാരം. ‘ഒരുപാട് കഥകളും ചോദ്യങ്ങളും ബാക്കി വച്ച പ്രളയം’ എന്ന സിനിമയുമായി ബന്ധപ്പെട്ടു റിലീസിനു മുന്നേ വന്ന പോസ്റ്റർ പോലെ തന്നെ സിനിമ കണ്ടു കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിലും ഈ കഥയും അതുന്നയിക്കുന്ന ചോദ്യങ്ങളും ഒരു പ്രളയം പോലെ നിറയുകയാണ്. 

സിനിമ തുടങ്ങുന്നതു തന്നെ കോരിച്ചൊരിയുന്ന മഴയിലാണ്. സിനിമയുടെ ശബ്ദമികവ് എടുത്തു പറയാതെ വയ്യ. കഥാപാത്രങ്ങൾ ഇരച്ചുകുത്തി പ്രേക്ഷകമനസ്സിലേക്ക് കയറിയതിൽ അസാധ്യ പങ്കാണ് സിനിമയുടെ സൗണ്ട് ഡിപ്പാർട്മെന്റ് വഹിച്ചിരിക്കുന്നത്. പ്രധാനമായും പ്രകടനമികവുകൊണ്ട് കയ്യടി നേടേണ്ട രംഗങ്ങളെ അതിമനോഹരമായി തന്നെ ആശ അരവിന്ദും ഗോകുലനും രഞ്ജിത്ത് ലളിതനും അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ മഴയും ഒരു കഥാപാത്രമാണ്.

പ്രളയസമയത്ത് ക്യാംപിലേക്കു മാറാൻ വിസമ്മതിച്ച് വീട്ടിൽ തന്നെ തുടരുന്ന അമ്മച്ചിയുടെ കഥ പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ഇവിടെ കിടന്ന് മരിക്കണം എന്ന അമ്മച്ചിയുടെ വാക്കുകൾ ആദ്യം ഒരു വയോധികയുടെ വാശി എന്നു തോന്നുമെങ്കിലും അതിനുപിന്നിലെ രാഷ്ട്രീയവും പ്രണയവും സാമൂഹികവ്യവസ്ഥിതിയുമെല്ലാം പയ്യെ പയ്യെ കാണികളെ വിസ്മയിപ്പിക്കുകയാണ്. ഒരു വയോധികയുടെ ശരീര പ്രക‍ൃതത്തിലേക്കും കർക്കശത്തിലേക്കും അനായാസമായി പ്രവേശിച്ച ആശ അരവിന്ദിന്റെ പ്രകടനം കയ്യടി അർഹിക്കുന്നു. ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ കലാകാരിയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയ സിനിമയാണ് ‘പ്രളയശേഷം ഒരു ജലകന്യക’. പറയുന്ന ഡയലോഗുകളില്‍നിന്നും നോട്ടത്തിൽ നിന്നും പ്രവർത്തികളിൽനിന്നുമെല്ലാം ആ കഥാപാത്രത്തിന്റെ ആഴം ക‍ൃത്യമായി വ്യക്തമാണ്. ചലനശേഷി ഇല്ലാതെ വയ്യാതെ കിടക്കുന്ന തന്റെ ഭർത്താവിനെ ഒറ്റയ്ക്ക് സുശ്രൂഷിക്കുന്ന, വീട്ടിലെ ആടിനെയും കോഴിയെയും എല്ലാം പരിപാലിക്കുന്ന, കോരിച്ചൊരിയുന്ന മഴയിലും പറമ്പിലെയും മറ്റും പണികൾ മേലനങ്ങി ചെയ്യുന്ന, ആ വലിയ വീട്ടിലെ ഏകാന്തതയെ തന്റെ വ്യക്തിത്വം കൊണ്ട് ആട്ടിപ്പായിക്കുന്ന ശ്കതയായ ഒരു സ്ത്രീ! ഇച്ചായനായി വേഷമിട്ട രഞ്ജിത്ത് ലളിതനും കഥാപാത്രത്തിന്റെ സങ്കീർണതകളെ പൂർണമായി പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. ഇവർ തമ്മിലുള്ള പ്രണയത്തിന്റെ രാഷ്ട്രീയവും വയസ്സായി കഴിഞ്ഞാൽ മക്കളുമായുള്ള ഇക്വേഷന്റെ പൊള്ളത്തരങ്ങളെയുമെല്ലാം സിനിമ ഭംഗിയായി വരച്ചിടുന്നുണ്ട്. 

ഒരു ഘട്ടത്തിൽ വീട്ടിലേക്ക് കടന്നു വരുന്ന ഗോകുലന്റെ കഥാപാത്രവും കഥാഗതിയിലേക്ക് ഒട്ടിച്ചേരുന്നത് വളരെ ഭംഗിയായാണ്. ഗോകുലന്റെയും ആശയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള കോമ്പിനേഷനെല്ലാം ഗംഭീരമാണ്. കള്ളനെന്നു തെറ്റിധരിച്ച് അമ്മച്ചി ഉപദ്രവിക്കുകയും ചങ്ങലയ്ക്കിടുകയുമെല്ലാം ചെയ്യുന്നുണ്ട് ഈ കഥാപാത്രത്തെ. ആ ചങ്ങല പോലും ഒരു പ്രതീകമായാണ് സിനിമയിൽ പ്ലേസ് ചെയ്തിരിക്കുന്നത്. അതുപോലെ കൂട്ടം തെറ്റുന്ന ഉറുമ്പുകളും പെയ്തുതോരാത്ത മഴയുമെല്ലാം കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നതിൽ വിജയിച്ചു. ഇതിനെല്ലാം പുറമെ ആദ്യാന്തം സിനിമ നിലനിർത്തുന്ന മിസ്റ്ററി കാണികളെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല. 

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എസ് സി എസ് ടി കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനു വേണ്ടി നിർമ്മിച്ച ഈ സിനിമ കലാപരമായി മികച്ചുനിൽക്കുന്ന ഒരു സിനിമയായത് പിന്നണി അത്ര മാത്രം ശക്തമായതുകൊണ്ട് കൂടിയാണ്. മനോജ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണൻ ലോഹിതദാസ് ആണ്. മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എഡിറ്റിങ് മെൻഡോസ് ആന്റണിയും നിർവഹിച്ചിരിക്കുന്നു. സന്തോഷ് വർമ, അജീഷ് ദാസൻ, വിജയ് ജേക്കബ് എന്നിവരുടെ വരികൾക്ക് വിജയ് ജേക്കബാണ് സംഗീതം നൽകിയിരിക്കുന്നത്. അപ്പുണ്ണി സാജന്റെ കലാസംവിധാനവും എടുത്തുപറയേണ്ട ഫാക്ടർ ആണ്. 

English Summary:

Pralayashesham Oru Jalakanyaka movie review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com