ADVERTISEMENT

ആരാണ് നമ്മുടെ ഉറ്റവർ? കൂടെപ്പിറന്നവരോ? ജന്മം തന്നവരോ? അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും ഒരു സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കാനും കഴിയുന്നവരോ? അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രം നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളുടെയും സാമൂഹിക യാഥാർഥ്യങ്ങളുടെയും തീവ്രമായ ആവിഷ്കാരമാണ്. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, അരവിന്ദൻ പുരസ്‌കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയാണ് 'ഉറ്റവർ' തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. 

ശ്രീപത്മം ഹോട്ടൽ ഉടമ വടക്കേപ്പാട്ടിൽ ഗോവിന്ദൻ നായരുടെ ഒറ്റ മകളാണ് പത്മ നായർ. ദലിത് കോളനിയിലെ കുമാരന്റെ മകൻ ചന്തുവും പത്മയും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. ഗോവിന്ദൻ നായരുടെ വീട്ടിലെയും ഹോട്ടലിലെയും കൂലിപ്പണിക്കാരാണ് കുമാരനും ഭാര്യ ഗിരിജയും. ബാല്യത്തിലേ കളിക്കൂട്ടുകാരായ ചന്തുവും പത്മയും കൗമാരം മുതൽ പിരിയാൻ കഴിയാത്ത അടുപ്പത്തിലായി. വീട്ടുകാർ തങ്ങളെ ഒരിക്കലും പിരിക്കാതിരിക്കാൻ ചന്തുവും പത്മയും വിവാഹം റജിസ്റ്റർ ചെയ്യുന്നു. പക്ഷേ ആ തീരുമാനം കുമാരന്റെയും ഗിരിജയുടെയും സ്വച്ഛജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ അധികം നാൾ വേണ്ടിവന്നില്ല.

കാലമെത്ര പുരോഗമിച്ചിട്ടും കേരള സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി വിവേചനങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും നേർക്കാഴ്ചയാണ് 'ഉറ്റവർ'.  കുമാരന്റെയും ഗിരിജയുടെയും ജീവിതത്തിലൂടെ, ജനിച്ച നാട്ടിൽ മനുഷ്യരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം ഇന്നും നടത്തുന്ന പോരാട്ടത്തിന്റെ നേർചിത്രം സംവിധായകൻ വരച്ചിടുന്നു. 

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആതിര മുരളിയും അരുൺ നാരായണും വളരെ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. മറ്റെയാൾക്കു വേണ്ടി ജീവൻ പോലും നൽകാൻ തയാറായി നിൽക്കുന്ന കമിതാക്കളായി ഇരുവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. സജി സോപാനം, റോയ് മാത്യു, നാഗരാഷ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പ്രണയം, കുടുംബം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത്, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകൾ വളരെ ആഴത്തിൽ വിശകലനം ചെയ്യുന്ന തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. സംവിധായകൻ അനിൽ ദേവ് തന്നെയാണ് തിരക്കഥയൊരുക്കിയത്.  മൃദുൽ എസിന്റെ ഛായാഗ്രഹണവും ​ഫാസിൽ റസാഖിന്റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന പാട്ടുകൾ നേരത്തേ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മതേതരമെന്ന് ഊറ്റം കൊള്ളുമ്പോഴും ജാതിയുടെ പേരിൽ കടുത്ത വിവേചനങ്ങളും ദുരഭിമാനക്കൊലകളും ഇപ്പോഴും നടക്കുന്ന രാജ്യമാണ് നമ്മുടേത്. പണ്ട് ജാതിവിവേചനവും തൊട്ടുകൂടായ്മയും പ്രത്യക്ഷത്തിൽ നടമാടിയിരുന്നെങ്കിൽ ഇന്ന് അതെല്ലാം ഉള്ളിൽ പേറുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഉറ്റവർ എന്ന ചിത്രം പറയുന്നതും ഏറെ കാലികപ്രാധാന്യമുള്ള ഈ വിഷയമാണ്.

English Summary:

Uttavar Malayalam Movie Review

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com