‘ധൂൾ’ മൂഡ്, ചിയാന്റെ തിരിച്ചുവരവ്;‘വീര ധീര ശൂരൻ പാർട്ട് 2 റിവ്യൂ

Mail This Article
ബാഹുബലി 2, കെജിഫ് 2, പുഷ്പ 2 തുടങ്ങി എമ്പുരാൻ (ലൂസിഫർ 2) വരെ എത്തി നിൽക്കുന്ന ഈ സീക്വൽ തരംഗങ്ങൾക്കിടയിലേക്കാണ് ‘വീര ധീര ശൂരൻ പാർട്ട് 2’വിന്റെ വരവ്. ഒരു സിനിമയുടെ രണ്ടാം ഭാഗം ആദ്യം റിലീസ് ചെയ്യുക. ആ കൗതുകം തന്നെയാണ് ‘വീര ധീര ശൂരനെ’ വേറിട്ടു നിർത്തുന്നത്. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തെ ഒരു ദിവസം നടക്കുന്ന ചില ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ഗ്യാങസ്റ്റര്‍ ത്രില്ലർ പറയുന്നത്. സാങ്കേതിക തികവുകൊണ്ടും അവതരണത്തിലെ ചടുതല കൊണ്ടും വിക്രം, എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ധുഷാര വിജയൻ തുടങ്ങിയവരുടെ അഭിനയ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രം മടുപ്പില്ലാത്ത അനുഭവമാകും പ്രേക്ഷകനു സമ്മാനിക്കുക.
ഗുണ്ടാപ്പണി ചെയ്തു നടക്കുന്ന പെരിയവർ എന്നറിയപ്പെടുന്ന രവിയെയും അയാളുടെ മകൻ കണ്ണനെയും എൻകൗണ്ടറിലൂടെ തീർക്കാൻ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അരുണഗിരി. അങ്ങനെ കാത്തിരിപ്പുകള്‍ക്കുശേഷം അതിനു പറ്റിയൊരു ദിവസം വന്നെത്തുന്നു. മുന്നിലെ എല്ലാവഴികളും അടഞ്ഞുവെന്നു തോന്നുന്ന നിമിഷം തന്റെ കുടുംബത്തെ രക്ഷിക്കാൻ രവി, കാളിയുടെ സഹായം തേടുന്നു. രണ്ട് കുട്ടികളും ഭാര്യ വാണിയും അമ്മയുമായി നാട്ടിൽ പലചരക്ക് കച്ചവടം നടത്തി ജീവിക്കുന്ന കാളിക്ക് ഗ്യാങ്സ്റ്ററായ പെരിയവരുമായി എന്താണ് ബന്ധം. തന്റെ കുടുംബം പോലും അപകടത്തിലാകാവുന്ന ഈ ദുർഘട്ടത്തിൽ പെരിയവരെ സഹായിക്കാൻ കാളി ഇറങ്ങുമോ? യഥാർഥത്തിൽ ആരാണ് കാളി? ഇതിനുള്ള ഉത്തരമാണ് ‘വീര ധീര ശൂരൻ പാർട്ട് 2’.
‘കൈതി’ പോലെ രാത്രിയിൽ നടക്കുന്ന സംഭവമാണ് സിനിമ പറയുന്നതെങ്കിലും ഇടവേളയ്ക്കു കൊട്ടു മുമ്പ് കഥയുടെ ഫ്ലാഷ്ബാക്കിലേക്കു ചിത്രം കടക്കുന്നുണ്ട്. എന്നിരുന്നാലും എൺപത് ശതമാനവും ഒരു രാത്രിയിൽ നടക്കുന്ന കഥ തന്നെയാണ്. സിനിമയുടെ പ്രധാന പ്ലോട്ടിലേക്ക് വളരെ പെട്ടന്നു തന്നെ പ്രേക്ഷകൻ കണക്ട് ആകുന്നുണ്ട്. വളരെ സ്വാഭാവികം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വികസിക്കുന്ന കഥ പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. അടുത്തതെന്തു സംഭവിക്കുന്ന ആകാംക്ഷ ജനിപ്പിക്കുന്ന നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. പ്രേക്ഷകന്റെ ഊഹാപോഹങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള കഥ പറച്ചിൽ.
പന്നൈയരും പദ്മിനിയും, ചിറ്റ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.യു. അരുൺ കുമാറിന്റെ അഞ്ചാമത്തെ സിനിമ. പ്രതീക്ഷകൾക്കൊരു ഒരു കോട്ടവും തട്ടാത്ത തരത്തിലുള്ള അവതരണ ശൈലിയാണ് ചിത്രത്തിന്റെ കരുത്ത്. ഇഴച്ചിലോ അനാവശ്യ കഥ പറച്ചിലോ ഇല്ലാതെ കാര്യങ്ങൾ വളരെ വ്യക്തമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പാർട്ട് 2 ആദ്യം വരുന്നത് കൊണ്ട് തന്നെ കാച്ചിക്കുറുക്കിയ തരത്തിലെ കഥാപാത്രവിവരണമാണ് നൽകിയിരിക്കുന്നത്. ഒരു രാത്രി നടക്കുന്ന കഥയെ അതിന്റെ പൂർണതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
‘ചിറ്റ’ പോലെ തീവ്രമായ തിരക്കഥയല്ല, ‘വീര ധീര ശൂരന്റേ’ത്. അതിലേതുപോലൊരു വൈകാരിക കണക്‌ഷൻ കൊണ്ടുവരാനും ഈ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല. സിനിമയുടെ ആദ്യ ഭാഗം കാണാൻ പ്രേക്ഷകനെ കാത്തിരിപ്പിക്കുന്ന ആകർഷ ഘടകങ്ങളും തിരക്കഥയിൽ ഇല്ല. ഈ ചെറിയ പോരായ്മകൾ മാറ്റി നിർത്തിയാൽ ചിത്രമൊരു ഡീസന്റ് ത്രില്ലറാണ്. മാത്രമല്ല സമീപകാല വിക്രം സിനിമകൾ വച്ചു നോക്കിയാൽ ‘വീര ധീര ശൂരൻ’ ഒരുപാടു പടികൾ മുകളിലാണ്.
സാമി, ധൂൾ പോലെയുള്ള ചിത്രങ്ങളിലെ ചിയാനെ ഓർമിപ്പിക്കും കാളി. തനി ലോക്കലായി മണ്ണിൽ ചവിട്ടിയുള്ള വിക്രത്തിന്റെ പ്രകടനം സിനിമയുടെ ഹൈലൈറ്റ് ആണ്. പ്രത്യേകിച്ചും ട്രെയിലറിൽ കാണിക്കുന്ന അർദ്ധ നഗ്നനായി എത്തുന്ന കാളിയുടെ സീൻ തിയറ്ററുകളിൽ പൊടിപാറിക്കുമെന്ന് തീർച്ച. ആക്‌ഷൻ രംഗങ്ങളിലെ ക്വാളിറ്റിയും എടുത്തു പറയണം. ഇടവേളയ്ക്കു ശേഷം വരുന്ന സിംഗിൾ ഷോട്ട് സീക്വൻസ് തരുന്നൊരു തിയറ്റർ എക്സ്പീരിയൻസ് പറയാതെ വയ്യ.
അരുണഗിരിയായ എത്തുന്നത് എസ്‍.ജെ. സൂര്യയാണ്. വോയ്സ് മോഡുലേഷൻ കൊണ്ടും ആംഗ്യങ്ങൾകൊണ്ടും ഞെട്ടിക്കുന്ന പെർഫോമൻസ് അദ്ദേഹം ആവർത്തിക്കുന്നു.
തമിഴ് അരങ്ങേറ്റം സുരാജ് വെഞ്ഞാറമ്മൂട് ഗംഭീരമാക്കി. കണ്ണൻ എന്ന ഗ്യാങ്സ്റ്ററായി ഇരുത്തം വന്ന പ്രകടനം. വിക്രത്തിനും എസ്.ജെ. സൂര്യയ്ക്കുമൊപ്പം കട്ടയ്ക്കു നിൽക്കുന്ന പെർഫോമൻസ്. സുരാജ് തന്നെയാണ് തമിഴിൽ ഡബ്ബ് ചെയ്തിരിക്കുന്നതും. ഭാഷയുടെ സൗന്ദര്യത്തിന് ഒട്ടും മങ്ങൽ ഏൽപ്പിക്കാത്ത പ്രകടനം തികച്ചും കയ്യടി അർഹിക്കുന്നു
കാളിയുടെ ഭാര്യയായി എത്തുന്നത് സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ ഭംഗിയായി ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ എല്ലാ ഭാവങ്ങളിലും ദുഷാര നന്നായി തിളങ്ങി. മാലാ പാർവതി, ശ്രീജ രവി, മാരുതി പൃഥ്വി രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിലെത്തിയ കഥാപാത്രങ്ങൾ പോലും ഏറ്റവും മികവുറ്റ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. സുരാജിന്റെ അനുജത്തിയായി വേഷമിട്ട പെൺകുട്ടിയുടെ അഭിനയവും എടുത്തു പറയണം.
സംഗീതം, ക്യാമറ, എഡിറ്റിങ്, സൗണ്ട് ഈ വിഭാഗങ്ങളിലെല്ലാം നൂറിൽ നൂറ് സിനിമയ്ക്കു കൊടുക്കാം. തേനി ഈശ്വറാണ് ഛായാഗ്രഹണം. സംഗീതം ജി.വി. പ്രകാശ്. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞ് ചെയ്തിരിക്കുന്നു. എൺപത് ശതമാനവും കഥ നടക്കുന്നത് രാത്രിയിലാണ്. ലൈറ്റിങും കണ്ടിന്യുവിറ്റിയുമൊക്കെ ഏറെ സൂക്ഷമതോടെയും കൃത്യതോടെയുമാണ് ചെയ്തിരിക്കുന്നത് ഓരോ ഫ്രെയിമിൽ നിന്നും വ്യക്തം. തീവ്രത നിറഞ്ഞ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് നിലനിർത്തിക്കൊണ്ടുപോകുന്നു. രണ്ടരമണിക്കൂർ സിനിമയെ കയ്യടക്കത്തോടെ കട്ട് ചെയ്തിരിക്കുന്നത് എഡിറ്റർ പ്രസന്ന ജി.െക.യാണ്.
‘മധുര വീരൻ താനേ’ എന്ന പാട്ട് പശ്ചാത്തലത്തിൽ മുഴങ്ങി മുണ്ടുടുത്ത് ഇടിക്കാനൊരുങ്ങുന്ന വിക്രത്തെ കാണണ്ടേ? ചിയാൻ വിക്രം ആരാധകർക്കൊരു വിരുന്നാണ് ‘വീര ധീര ശൂരൻ പാർട്ട് 2’. ആരാധകർക്കു മാത്രമല്ല പ്രേക്ഷകരും കാണാനാഗ്രഹിക്കുന്ന ചിയാൻ വിക്രത്തെ ‘വീര ധീര ശൂരനി’ൽ കാണാൻ കഴിയും.