കറുപ്പ് സാരി ഉടുക്കാൻ കാരണമുണ്ട്, അണിഞ്ഞത് 60 പവൻ: ദിയ പറയുന്നു

Mail This Article
നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ ഗർഭകാല പൂജയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടുംബം. കുറച്ചു ദിവസം മുൻപായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകള്‍ നടന്നത്. രണ്ടുദിവസങ്ങളിലായി നടത്തിയ ചടങ്ങിന്‍റെ ആദ്യ ദിവസം ദിയ ധരിച്ചത് മസ്റ്റാഡ് യെല്ലോ നിറത്തില്‍ വാടാമുല്ല നിറമുള്ള ബോര്‍ഡറുള്ള മടിസാര്‍ ആണ്. പിറ്റേദിവസം കറുപ്പില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയും അണിഞ്ഞു. നിറയെ പൂവ് ചൂടി, 60 പവനിൽ അധികം വരുന്ന സ്വർണാഭരണം അണിഞ്ഞാണ് ദിയ ഒരുങ്ങിയത്.
‘‘കറുപ്പ് നിറമുള്ള സാരി ഇങ്ങനെ നല്ല ദിവസം ഉടുത്തത് എന്തിനാണെന്നു സംശയിക്കേണ്ട. ഈ ചടങ്ങിൽ കുഞ്ഞിനും അമ്മയ്ക്കും 'ദൃഷ്ടി പെടാതിരിക്കാൻ' ഈ നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. അശ്വിന്റെ അമ്മയാണ് ഈ സാരി തിരഞ്ഞെടുത്തത്’’.–ദിയ വ്യകത്മാക്കി. അമ്മായിയമ്മ വാങ്ങി നല്‍കുന്ന കറുത്ത സാരി ഉടുത്ത് ചടങ്ങില്‍ വരുന്നവര്‍ അണിയിക്കുന്ന കറുത്ത വളകള്‍ ധരിക്കണം. ആദ്യമായിട്ടാണ് ഇത്രയും ഒരുങ്ങുന്നത്. എല്ലാം ഇഷ്ടപ്പെട്ടു എന്നും ദിയ പറയുന്നു.
കല്യാണത്തിന് ഒരുങ്ങിയത് ഇഷ്ടപ്പെട്ടില്ല എന്ന് പലരും പറഞ്ഞു. പക്ഷേ തനിക്ക് തന്‍റെ കല്യാണത്തെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. അങ്ങനെ തന്നെ ഒരുങ്ങണമെന്നായിരുന്നു ആഗ്രഹം. അത് നടത്തി. ഇപ്പോള്‍ കുറച്ച് ആര്‍ഭാടത്തില്‍ ഒരുങ്ങാമെന്ന് കരുതി. കല്യാണത്തിന് ഒരുക്കം കുറവായി എന്നു പറഞ്ഞവരെക്കൊണ്ട് ഇത്തവണ അത് മാറ്റിപ്പറയിപ്പിക്കണം എന്ന് ദിയ പറയുന്നു. അശ്വിന്‍റെ വീട്ടുകാര്‍ക്ക് അവരുടെ വീട്ടിലെ പെണ്ണായി തന്നെ കാണാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരമാണിതെന്നും ദിയ പറയുന്നുണ്ട്.
ഭർത്താവ് അശ്വിൻ ഗണേഷ് തമിഴ് ബ്രാഹ്മിണാണ്. അതുകൊണ്ട് തന്നെ അവരുടെ ചടങ്ങുകളെല്ലാം വ്യത്യസ്തമാണ്. അഞ്ചാം മാസത്തിൽ ഗർഭിണിക്കും കുഞ്ഞിനും വേണ്ടിയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തിയത്. വളകാപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും അത് ഏഴാം മാസത്തിൽ ഉണ്ടാകുമെന്നും ഇതിന് അതിന് മുന്നോടിയായി നടക്കുന്ന ഒരു റിഹേഴ്സൽ ചടങ്ങാണെന്നുമാണ് ദിയ പറഞ്ഞത്.