വിനീത് ശ്രീനിവാസനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു: വിമർശിച്ച് അഭിഷേകും അമ്മയും

Mail This Article
വിനീത് ശ്രീനിവാസൻ നായകനായെത്തി ‘ഒരു ജാതി ജാതകം’ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം അഭിഷേക് ജയ്ദീപും അമ്മ ശ്രീത ജയ്ദീപും. വിനീത് ശ്രീനിവാസനില്‍ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും സഹിക്കാൻ പറ്റാതെ വന്നപ്പോൾ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയെന്നും ഇരുവരും പറയുന്നു. മൈൽസ്റ്റോണ്‍ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിഷേകും ശ്രീതയും.
‘‘ഞാനും അമ്മയും അഭിഷേകും കൂടിയാണ് സിനിമ കാണാന്‍ പോയത്. പകുതിക്ക് വച്ച് ഇറങ്ങിപ്പോന്നു. ഞാന്‍ ഇനി തുടര്‍ന്ന് കാണാന്‍ ഇരിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളുണ്ടല്ലോ, അത് തന്നെ പച്ചയ്ക്ക് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ് ആ സിനിമ മുഴുവന്‍. എന്റെ അമ്മയ്ക്കു പോലും വിഷമമായിപ്പോയി.’’–ശ്രീതയുടെ വാക്കുകൾ
‘‘കോമഡിയെന്നു പറഞ്ഞ് എന്ത് അരോചകമായ കാര്യങ്ങളും അടിച്ചുവിടാമെന്നാണ് ഇവർ കരുതുന്നത്. വിനീത് ശ്രീനിവാസൻ എന്ന നടനിൽ നിന്നും നമ്മളിത് പ്രതീക്ഷിക്കുന്നേ ഇല്ല. എത്ര നല്ല സിനിമകൾ നൽകിയിട്ടുള്ള ആളാണ് അദ്ദേഹം. ഇതിൽ അദ്ദേഹം അഭിനയിക്കുന്നേ ഒളളൂ. എങ്കിലും തിരക്കഥ ഒക്കെ വായിച്ചിട്ടല്ലേ സമ്മതം മൂളൂ.
എല്ലാം പറഞ്ഞിട്ട് അവസാനം ഇതൊന്നും ഒന്നുമല്ലെന്ന രീതിയില്‍ ഒരു മെസേജ് കൊടുത്തു. നമ്മുടെ സമൂഹത്തില്‍ ഇത് കൊണ്ട് ഒരു കാര്യവുമില്ല. കാരണം അവസാനത്തെ മെസേജ് ഒന്നും അവര്‍ കാണില്ല. അത്രയധികം നെഗറ്റീവ് ആ സിനിമയില്‍ പറഞ്ഞിട്ടുണ്ട്.
അതിൽ കാണിച്ചിരിക്കുന്ന ലെസ്ബിയൻ കഥാപാത്രങ്ങൾക്കും കൃത്യതയില്ല. പിന്നെ മഴവില്ല്, മഴവില്ല് എന്ന് ഇടയ്ക്കിടയ്ക്ക് പുച്ഛിച്ചു പറയുന്നുണ്ട്. അതും വിനീത് ശ്രീനിവാസനെപ്പോലെ ഇത്ര വലിയ നടൻ.’’–അഭിഷേകിന്റെ വാക്കുകൾ.
ജനുവരി 31ന് ആയിരുന്നു ഒരു ജാതി ജാതകം തിയറ്ററുകളില്‍ എത്തിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹപ്രായം കഴിഞ്ഞ യുവാവിന്റെ കഥയാണ് പറഞ്ഞത്. വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് എം. മോഹനൻ ആണ്.