ആ പാട്ടിന്റെ റിക്കോർഡിങ്ങിനു ശേഷം ഞാൻ അവളെ വിളിച്ചിറക്കി കൊണ്ടു പോന്നു; പാട്ടെഴുത്തിന്റെ 40 വർഷങ്ങൾ പറഞ്ഞ് ഷിബു ചക്രവർത്തി
Mail This Article
40 വർഷങ്ങൾ, സിനിമാഗാനങ്ങളെ നെഞ്ചിലേറ്റുന്ന മലയാളികൾ ഷിബു ചക്രവർത്തിയെന്ന എഴുത്തുകാരനെ അറിഞ്ഞും കേട്ടും തുടങ്ങിയിട്ട് 4 പതിറ്റാണ്ടുകൾ. 1980കളുടെ പകുതിയിൽ നല്ല സിനിമകളുടെ സഹയാത്രികനായാണ് ഷിബു ചക്രവർത്തി എഴുത്തിനൊപ്പം നടന്നു തുടങ്ങിയത്. നൂറോളം സിനിമകളിൽ മുന്നൂറോളം ഗാനങ്ങൾ. പതിനഞ്ച് തിരക്കഥകൾ. ഡിസൈനിങ്ങും പരസ്യ ജിംഗിളുകളുമെല്ലാം ഒരു പോലെ വഴങ്ങി. രബീന്ദ്രനാഥ ടഗോറിന്റെ കഥയിൽ ആകൃഷ്ടനായി കഥാപാത്രത്തിന്റെ പേരിലെ ചക്രവർത്തിയെ ഒരു ദിനം കൂടെക്കൂട്ടി. പൂങ്കാറ്റേ പോയിച്ചൊല്ലാമോ, പാടം പൂത്ത കാലം, ഈറൻമേഘം, കവിളിണയിൽ കുങ്കുമമോ, ചെമ്പരത്തിപ്പൂവേ ചൊല്ല്, വിണ്ണിലെ ഗന്ധർവ വീണകൾ പാടിയ സംഗീതമേ..., ഓർമകളോടിക്കളിക്കുവാനെത്തുന്ന.. തുടങ്ങി മലയാളികൾ എന്നും ഓർമിക്കുന്ന ഒട്ടേറെ ഗാനങ്ങൾ. പ്രിയപ്പെട്ട ചില വരികൾ പിറന്നുവീണ സന്ദർഭങ്ങൾ ഷിബു ചക്രവർത്തി ഓർക്കുന്നു.
അറിഞ്ഞു ആദ്യമായി
മഹാരാജാസിൽ ഡിഗ്രിക്കു പഠിക്കുന്ന കാലം. സൗഹൃദങ്ങൾക്കൊപ്പമുള്ള ചുറ്റിക്കറക്കങ്ങൾക്കിടയിൽ ക്ലാസിൽ സ്ഥിരമായി പോവുന്ന ആളായിരുന്നില്ല. പാട്ടുകളോട് അന്നു വലിയ കമ്പമായിരുന്നു. എറണാകുളം ലിസി ജംക്‌ഷനടുത്തുള്ള ഒരു ഹോട്ടലിൽ ‘ വെളിച്ചമേ നയിച്ചാലും’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ കംപോസിങ് നടക്കുന്നുവെന്നറിഞ്ഞ് അവിടെയെത്തി. പിൽക്കാലത്തെ സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് അന്ന് എസ്ആർഎം റോഡിലെ ഗായത്രി പ്രസ്സിലാണു ജോലി. ഡെന്നിസും പോളിഡോർ രാജനും കൂടി ചർച്ച ചെയ്താണ് ഈ ഭക്തിഗാന ആൽബത്തിന്റെ സംഗീത സംവിധായകനായി കോട്ടയം ജോയിയെ തീരുമാനിക്കുന്നത്. ദാസേട്ടൻ പാടിയ ‘കരിവളയിട്ട കയ്യിൽ കുടമുല്ല പൂക്കളുമായി’ എന്ന പാട്ടിന്റെ സംഗീത സംവിധായകൻ. വരികൾ വെറുതെയൊന്നു നോക്കാനായി എനിക്കു തന്നു. അന്നത്തെ അവിവേകം, ഞാനതിനെ നോക്കിയത് ഒഎൻവി സാറിന്റെയും കടമ്മനിട്ടയുടെയുമെല്ലാം കവിതകളുടെ അളവുകോലു വച്ചായിരുന്നു. അതുകൊണ്ട് തന്നെ എന്റെ മുഖത്തു വിരിഞ്ഞ ചിരി സഹിക്കാതെ ഡെന്നിസ് ചോദിച്ചു
‘ ഡോ.. അത്ര പുച്ഛമൊന്നും വേണ്ട, തനിക്ക് ഇതു പോലൊന്ന് എഴുതാൻ കഴിയുമോ?’
‘ ഇതിലും ബൈറ്ററായി എത്രയെണ്ണം വേണമെങ്കിലും എഴുതാം’
ഒരു കടലാസ് നീട്ടിക്കൊണ്ട് ഇപ്പോൾ തന്നെ ആയിക്കോട്ടെ എന്ന് ഡെന്നിസ് പറഞ്ഞു. ആ സദസ്സിൽ നിവൃത്തിയില്ലാതെ ആ പല്ലവി ഞാനെഴുതി.
എന്റെ വിശ്വാസമാം പാറയിൽ
നിന്റെ ദേവാലയം നീ പണിയൂ,
നിത്യം മണിസ്വനം നിൻ വചനം,
ഹൃത്തിൽ മുഴങ്ങുവാൻ നീ
കനിയൂ..’
ഇടപ്പള്ളി സെന്റ് ജോൺസ് സ്കൂളിലെ സിസ്റ്ററുടെ സ്നേഹം പിടിച്ചുപറ്റാനായി വേദപഠന ക്ലാസുകളിൽ ഇരുന്നത് ആ സന്ദർഭത്തിൽ ഉപകാരപ്പെട്ടു. ഡെന്നിസിന് പാട്ട് കൊടുക്കുന്നതിനു മുൻപ് കോട്ടയം ജോയി ആ വരികൾ പിടിച്ചു വാങ്ങി. അടുത്ത നിമിഷം തന്നെ ഹാർമോണിയത്തിൽ പാടിത്തുടങ്ങി. വരികളിൽ എങ്ങനെയാണ് സംഗീതം നിറയുക എന്നത് ആദ്യമായി അനുഭവിച്ച നിമിഷം.
അവൾക്കായി
കറുകവയൽ കുരുവീ..
മുറിവാലൻ കുരുവീ..
കതിരാടും വയലിൻ...
ചെറുകാവൽക്കാരീ
തളിർ വെറ്റിലയുണ്ടോ..
വരദക്ഷിണ വയ്ക്കാൻ...
പാട്ടിലെ വരികൾക്കൊപ്പം എന്റെ ജീവിതവും താദാത്മ്യം പ്രാപിച്ച സിനിമയായിരുന്നു ധ്രുവം. ആ കാലഘട്ടത്തിൽ പാട്ടെഴുത്ത് മാത്രമല്ല, മിക്കവാറും ആ സിനിമ തീരുന്നതു വരെ ഞാൻ കൂടെയുണ്ടാവും. സംവിധായകൻ ജോഷി വീട്ടിൽ നിന്നിറങ്ങിയാൽ സെറ്റിലേക്കു പോകുന്ന വഴി എന്നെയും കാറിൽ കയറ്റും. അന്ന് അഡയാറിലാണ് ഷൂട്ടിങ്. ഒരു ദിവസം ജോഷി സർ എന്നോട് പറഞ്ഞു. ‘ചില പാട്ടുകൾ കുറച്ച് കേട്ടു കഴിഞ്ഞാൽ മടുക്കും. പിന്നെ, ഷൂട്ടിങ്ങിനായി ഷോട്ട് ഡിവൈഡ് ചെയ്യേണ്ടതു കൊണ്ട് ഒരുപാട് പ്രാവശ്യം കേൾക്കേണ്ടിവരും. മടുത്താലും പിന്നെയും കേൾക്കും. പക്ഷേ, ഈ പാട്ട് എത്ര കേട്ടാലും മതിവരുന്നില്ല. ജോഷി അന്നു പറഞ്ഞ ആ വാക്കായിരുന്നു ആ പാട്ടിന്റെ ജാതകം. ഇന്നും ആ പാട്ട് ആർക്കും മടുത്തില്ല.
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ നിറയുകയായ്
ഒരുപിടിയവിലിൻ കഥപോലിവളുടെ
പരിണയ കഥ പറഞ്ഞൂ....
പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു.
ഈ പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞ് ഞാൻ ആദ്യം ചെയ്തത് കാമുകിയെ വിളിച്ചിറക്കിക്കൊണ്ടു വരികയായിരുന്നു. ഈ വരികൾ ഞാൻ ആദ്യം പാടിക്കേൾപ്പിച്ചത് അവളെയായിരുന്നു. വരികളിലുള്ളതു പോലെ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് കഥകൾ പലരും പറഞ്ഞു നടന്നിരുന്നു. ആരെയും അറിയിക്കാതെ വിവാഹം കഴിഞ്ഞപ്പോൾ, പറയാതറിഞ്ഞവർ പരിഭവവും പറഞ്ഞു.
100 സിസി ബൈക്കും പൂജാ ഭട്ടും
ബാഗീ ജീൻസും
ടോപ്പുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാം
മലയാള സിനിമയിൽ ആദ്യമായി റാപ്പിന്റെ സാധ്യതകൾ ഉപയോഗിക്കപ്പെട്ട പാട്ടായിരുന്നു അത്. തൊണ്ണൂറുകളുടെ ആദ്യകാലത്തിൽ ഇന്ത്യയിൽ തന്നെ രണ്ട് കാസെറ്റുകൾ മാത്രമായിരുന്നു റാപ്പിന്റേതായി ഇറങ്ങിയിരുന്നത്. ഈ രണ്ട് വർക്കുകളും എന്നെ വല്ലാതെ കൊതിപ്പിച്ചു. റാപ്പ് ഉപയോഗിച്ചാലോ എന്ന നിർദേശം ഞാൻ തന്നെയാണ് എസ്.പി.വെങ്കിടേഷിന് മുന്നിൽ വച്ചത്. സൈന്യത്തിന്റെ തിരക്കഥയും ഞാൻ തന്നെയായിരുന്നതിനാൽ സന്ദർഭത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പഠിക്കുന്ന എയർഫോഴ്സ് അക്കാദമിയിൽ പഠിക്കുന്ന ചെറുപ്പക്കാരുടെ പാട്ടാണ്. പ്രദേശികമായൊരു പാറ്റേൺ പോരാ..
‘പാറി നടക്കും
പക്ഷികളൊന്നും
വേളി കഴിക്കാറില്ല
കൂടെയുറങ്ങാൻ മാര്യേജ് ആക്ടും
താലിയുമൊന്നും വേണ്ട’
അന്ന് ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെന്ന് ഇന്ന് ഈ പാട്ട് കേട്ട് പലരും ചോദിക്കാറുണ്ട്. പൂജാ ഭട്ടും ആമിർ ഖാനുമൊക്കെ ചെറുപ്പക്കാരുടെ ഹരമായ കാലഘട്ടമാണത്. ഉദാരവൽക്കരണം ഇന്ത്യയിൽ വേണോയെന്ന ചർച്ച നടക്കുന്നതും ആ സമയത്താണ്. യുവാക്കളെല്ലാം ഇത്തരം മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഒരു മാറ്റം എന്ന നിലയിൽ അതെല്ലാം ആ പാട്ടിൽ വിഷയമായി.
തുറന്നിട്ട ജാലകങ്ങൾ
‘എന്തേ നീ കണ്ണാ,
എനിക്കെന്തേ തന്നില്ല,
കൃഷ്ണതുളസിക്കതിരായി ജന്മം’
സസ്നേഹം സുമിത്ര എന്ന ചിത്രത്തിന്റെ കംപോസിങ്ങിനിരിക്കുന്ന സമയം. ഔസേപ്പച്ചനും രഞ്ജിനി കാസെറ്റിന്റെ ഉസ്മാനും മുറിയിലുണ്ട്. എന്നോട് എഴുതാൻ ആവശ്യപ്പെടുന്ന അപൂർവം സംഗീത സംവിധായകരിലൊരാൾ ഔസേപ്പച്ചനാണ്. അപ്പോൾ ഞാൻ പറയും താൻ ട്യൂണിട്. എന്ത് ട്യൂണിട്ടാലും എഴുതാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ എന്തെഴുതിയാലും അത് താളത്തിലായിരിക്കുമെന്ന് ഔസേപ്പച്ചനും പറയും. അങ്ങനെ എഴുതിത്തുടങ്ങിയതാണ്.
കംപോസിങ് കഴിഞ്ഞു, ഈ പാട്ട് ആരു പാടും എന്ന ചർച്ചയുയർന്നു. തൃശൂരിലുള്ള ഒരു ബാൻഡിൽ പാടുന്ന പെൺകുട്ടിയെക്കുറിച്ചു ഞാൻ ഔസേപ്പച്ചനോട് പറഞ്ഞു. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ ദീന ദയാലോ രാമാ എന്ന പാട്ടിന്റെ ഹമ്മിങ്ങും ചില വരികളും പാടിയ പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ഗായത്രി ഈ പാട്ട് പാടാനെത്തുന്നത്. ഇന്നും സിനിമയ്ക്കൊക്കെ അപ്പുറത്ത് ആ പാട്ട് നിലനിൽക്കുന്നു. ഗായത്രി ആ പാട്ട് മനോഹരമാക്കി.
വർഷങ്ങൾക്ക് ശേഷം പ്രാഞ്ചിയേട്ടൻ എന്ന ചിത്രത്തിലൂടെ ഈ ടീം വീണ്ടും ഒന്നിച്ചു. ആദ്യം എഴുതിയ പാട്ട് അത്ര പോരെന്നു തോന്നിയപ്പോൾ വീണ്ടും ഒരിക്കൽകൂടി ഇരിക്കണമെന്ന് ഔസേപ്പച്ചൻ ആവശ്യപ്പെട്ടു. ഒരു ദിവസം മുഴുവൻ വേണമെന്നായിരുന്നു ആവശ്യം. അന്നു ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയമായിരുന്നു. എന്റെ മുറിയുടെ തൊട്ടടുത്ത് ഒരു പള്ളിയുണ്ട്. അന്നൊരു ഞായറാഴ്ചയായിരുന്നു. ഫോണിന്റെ മറുതലയിൽ വരികൾക്ക് വേണ്ടി ഔസേപ്പച്ചൻ കാത്തിരിപ്പുണ്ട്. പള്ളിയിൽ ഞായറാഴ്ച രാവിലെ മുതൽ അതിമനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ വയ്ക്കും. ഞായറാഴ്ചകളിൽ ഈ പാട്ടുകൾ ഞാൻ ആസ്വദിക്കുമായിരുന്നു. പക്ഷേ, വേറൊരു ട്യൂണുമായി ഔസേപ്പച്ചൻ കാത്തിരിക്കുമ്പോൾ ഈ പാട്ടുകൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഒരു ട്യൂണിന് എഴുതാനിരിക്കുമ്പോൾ മറ്റൊരു ട്യൂൺ കേൾക്കുമ്പോൾ നമ്മൾ കുഴഞ്ഞുപോകും. ഒരു കണക്കിനാണ് ആ പാട്ട് എഴുതിത്തീർത്തത്. ഒരു ദിവസം വേണമെന്ന് കരുതിയിരുന്നിടത്ത് ഒരു മണിക്കൂർ കൊണ്ട് പാട്ട് പൂർത്തിയായി.
കിനാവിലെ ജനാലകൾ
തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയിൽ
വിരൽതൊടുന്നതാരാണോ