ഭർത്താവ് എനിക്ക് സാരി വാങ്ങിത്തരാറില്ല: ഗായിക സുജാത
Mail This Article
മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിയിരുന്ന ബേബി സുജാതയോടു കാണിച്ചിരുന്ന ഇഷ്ടവും സ്നേഹവും പിന്നണിഗാനരംഗത്ത് സജീവമായപ്പോഴും മലയാളികൾ തുടർന്നു. അതിമധുരമായി പാടുന്നതു പോലെ തന്നെ സുന്ദരമായി വസ്ത്രം ധരിക്കാനും ഗായിക സുജാത എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും മനോഹരമായ സാരി ധരിച്ച് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, ഭർത്താവ് മോഹൻ പൊതുവെ സാരി സമ്മാനിക്കാറില്ലെന്നാണ് സുജാതയുടെ തുറന്നു പറച്ചിൽ. ഒരു റിയാലിറ്റി ഷോ വേദിയിൽ വച്ചായിരുന്നു സുജാതയുടെ രസകരമായ വെളിപ്പെടുത്തൽ.
കല്യാണത്തിന് മുൻപ് വാങ്ങിത്തന്നിട്ടുണ്ടെന്നും പിന്നീട് ഇതുവരെ ഭർത്താവ് മോഹൻ സാരി സമ്മാനിച്ചിട്ടില്ലെന്നും സുജാത റിയാലിറ്റി ഷോയിൽ പറഞ്ഞു. അദ്ദേഹത്തിനുള്ള ഷർട്ട് താനാണ് സെലക്ട് ചെയ്യുന്നതെന്നും സുജാത കൂട്ടിച്ചേർത്തു. ഉടനെ തന്നെ സുജാതയുടെ തുറന്നു പറച്ചിലിനു ഭർത്താവ് മോഹൻ വ്യക്തത വരുത്തി. വളരെ രസകരമായിട്ടാണ് അദ്ദേഹം അക്കാര്യം വിവരിച്ചത്.
ഡോ. മോഹന്റെ വാക്കുകൾ ഇങ്ങനെ: ‘സുജൂന് സാരി ഉടുക്കാന്‍ താത്പര്യം ഇല്ല. അഥവാ ഉടുത്താൽ എനിക്ക് പണി കിട്ടും. സാരി ഉടുക്കാന്‍ തുടങ്ങിയാൽ പിന്നെ വീട്ടിലൊരു അങ്കമാണ്. അവിടെ നോക്കൂ... ഇവിടെ നോക്കൂ... ഞൊറി പിടിച്ചു തരൂ, പിൻ കുത്തി തരൂ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെടും. പിന്നെ രണ്ട് മണിക്കൂറോളം ഞാൻ അതിന്റെ പിന്നാലെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങിക്കൊടുക്കാത്തത്. ചുരിദാറോ വെസ്റ്റേൺ ശൈലിയിലുള്ള വസ്ത്രമോ അതുമല്ലെങ്കിൽ മിനി സ്കേർട്ടോ ധരിച്ചോളൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.’ പൊട്ടിച്ചിരികളോടെയാണ് ഡോ.മോഹന്റെ വാക്കുകൾ കാണികൾ സ്വീകരിച്ചത്.