തലമുറകളെ പ്രണയവിരഹങ്ങളുടെ ആഴം കാണിച്ച കെകെ; നോവായി ആ പാട്ടുകൾ!

Mail This Article
90 കളുടെ അവസാനത്തിലാണ് കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ ശബ്ദം മ്യൂസിക് ചാനലുകളിലെ വിഡിയോകളിലൂടെ പ്രേക്ഷകരുടെ വീടകങ്ങളിലേക്ക് എത്തിയത്. പ്രണയാർദ്രമായ ശബ്ദവും ഹൃദയത്തിൽ തൊടുന്ന ആലാപനവും കൊണ്ട് കെകെ ഇന്ത്യയൊട്ടാകെ തരംഗമാകാൻ പിന്നീട് അധിക കാലം വേണ്ടി വന്നില്ല.
‘ഹം രഹേ യാ നാ രഹേ’ എന്ന് അക്കാലത്ത് പാടി നോക്കാത്തവർ കുറവായിരിക്കും. കെകെയുടെ ശബ്ദത്തിൽ അല്ലാതെ ഈ പാട്ട് ഓർക്കാനേ പറ്റില്ല. ‘ഹം രഹേ യാ നാ രഹേ’ ഉൾപ്പെട്ട ‘പൽ’ എന്ന സംഗീത ആൽബം അന്ന് രാജ്യമാകെ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ആദ്യ ഹിറ്റ് ആയ ‘പൽ’ ആൽബത്തിനു ശേഷം കെകെ ‘യാദീൻ’ എന്ന പേരിൽ ആൽബമിറക്കി. പിന്നീടിങ്ങോട്ട് ഹിറ്റുകൾക്ക് അവധി കൊടുക്കാതെ കെകെ അവ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. ആഡ് ജിംഗിളുകളെ ഇന്ത്യൻ മധ്യവർത്തി സമൂഹത്തിൽ ഇത്രയധികം ജനകീയമാക്കിയതും കെകെ ആണ്. 1999ൽ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി പാടിയ ചിയർ ഗാനം ജോഷ് അന്നത്തെ തലമുറയിൽ ആവേശത്തിന്റെ ആരവങ്ങളുയർത്തി.
കെകെയുടെ ശബ്ദത്തിനു സിനിമയിലേക്കുള്ള വഴി വളരെ എളുപ്പമായിരുന്നു. അതിനു മുൻപോ പിന്‍പോ കേട്ടിട്ടില്ലാത്ത ആ ശബ്ദത്തെ ബോളിവുഡ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആവാര പൻ, അൽവിദാ, തു ഹീ മേരി, ജാനേ യെ ക്യാ ഹുവാ, റോക്കിങ് സോങ്, ഛോഡ് ആയെ ഹേ ഹം, കൽ കി ബാത്ത്, മേരെ ബിനാ, ആഖോം മേം തേരി തുടങ്ങി പല വിഭാഗങ്ങളിൽ ഉള്ള പാട്ടുകൾ കൊണ്ട് തലമുറകളെ അദ്ദേഹം പ്രണയ വിരഹങ്ങളുടെ ആഴം കാണിച്ചു.
മലയാളി ആയിരുന്നെങ്കിലും മലയാളം പാട്ടുകൾ അദ്ദേഹം അധികം പാടിയിട്ടില്ല. പുതിയമുഖത്തിലെ പാട്ട് മാത്രമാണ് കെകെയുടെ ശബ്ദത്തിൽ പുറത്ത് വന്ന മലയാളം പാട്ട്. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അദ്ദേഹത്തിന്റെ ശബ്ദ സാന്നിധ്യം ഉണ്ടായിരുന്നു. ഉയിരിൻ ഉയിരേ, ഫീൽ മൈ ലവ്, അപ്പടി പോട്, സ്ട്രോബറി കണ്ണേ, അണ്ടകാക്ക കൊണ്ടക്കാരി, പട്ടംപൂച്ചി, നീയേ... ഇങ്ങനെ നീളുന്നു പാട്ടുകളുടെ പട്ടിക. കെകെയുടെ ശബ്ദം ദക്ഷിണേന്ത്യയിലും മുഴങ്ങികേട്ട കാലമായിരുന്നു അത്. റൊമാന്റിക് ഈണങ്ങളും ഫാസ്റ്റ് നമ്പറുകളും കൊണ്ട് തമിഴ് സിനിമ സമ്പന്നമായ കാലം. അവിടെ കെകെയുടെ ശബ്ദം ഒഴിവാക്കാനാകാത്ത ഒരു ഘടകമായി മാറി.
കാലം മുന്നോട്ടു നീങ്ങിയപ്പോൾ സിനിമയും ആൽബവും സംഗീതവും എല്ലാം ഒരുപാട് മാറി. പല ഗായകർ വന്നു പോയി. നിരവധി ഹിറ്റുകൾ പിറന്നു. പക്ഷേ കെകെ എന്ന അത്ഭുതഗായകനു പകരമാകാൻ അന്നുമിന്നും ആർക്കുമായിട്ടില്ല. ഇതുവരെ നാം കേൾക്കാത്ത ശബ്ദത്തിൽ, മറ്റാർക്കും അനുകരിക്കാൻ ആവാത്തത്ര മധുരമായി പാടിയ കെകെ ഇനിയും ജീവിക്കും, ആ പാട്ടുകളിലൂടെ. വേദികളിൽ ‘ഹം രഹ യാ നാ രഹേ യാദ് ആയേഗാ യേ പൽ’ മുഴങ്ങുമ്പോൾ ഇന്ത്യൻ സംഗീതലോകം പ്രിയഗായകനെ ഓർക്കാതിരിക്കുവതെങ്ങനെ?