ADVERTISEMENT

മലയാളിയുടെ സംഗീതത്തിന്റെ മറുപേരാണ് യേശുദാസ്. എല്ലാ വികാരതീക്ഷ്ണതകളിലും പേരിടാന്‍ കഴിയാത്ത വികാരവായ്പ്പിലും മലയാളിയുടെ ഈണമായ ഇതിഹാസ സ്വരം. യേശുദാസ് എന്ന ദാസേട്ടന്റെ സ്വരം കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. ഏതാണ് പ്രിയഗാനം എന്നു ചോദിച്ചാല്‍ അവര്‍ക്കാകട്ടെ പറയാനുമാകില്ല. അത്രമാത്രം യേശുദാസും അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാ വ്യത്യസ്തകള്‍ക്കുമപ്പുറം നമ്മുടെ മനസ്സില്‍ ഇടംനേടിയിട്ട് എത്രയോ ദശാബ്ദങ്ങള്‍ പിന്നിട്ടിരുന്നു. ശതാഭിഷേകത്തിലേക്ക് ആ മനുഷ്യായുസ് എത്തുമ്പോഴും വേദിയില്‍ പ്രാണസഖി ഒരു ഓട്ടോട്യൂണും ഇല്ലാതെ ഒരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ പാടിത്തരുന്ന യൗവനമാണ് നമുക്കിന്നും അദ്ദേഹം. ഇനിയുമെത്രയോ പാടിത്തരാനിരിക്കുന്നു എന്നുപറയുന്ന ഇഷ്ടമാണ് നമുക്ക് അദ്ദേഹത്തോടിന്നും.

പക്ഷേ മലയാളികളുടേത് മാത്രമാണോ യേശുദാസ്. അല്ലേയല്ല. നമ്മുടെ സ്വകാര്യ അഹങ്കാരം എന്ന് ആലങ്കരികമായി പറയാം. പക്ഷേ യേശുദാസിന്റെ സ്വരമാധുരി മറ്റനേകം ഭാഷകളിൽ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. വലിയ ഒരു കൂട്ടം ആരാധക വൃന്ദത്തെ അവിടങ്ങളിലും അദ്ദേഹത്തിനുണ്ട്. തമിഴിലും എണ്ണത്തിൽ കുറവെങ്കിലും ഹിന്ദിയിലും പാടിയ പാട്ടുകളൊക്കെയും ക്ലാസ്സിക്കുകൾ ആയിരുന്നു.

ഗോരി തേരാ ഗാവോ ബഡാ പ്യാരാ 

യേശുദാസിന്റെ ആത്മസ്നേഹിതനെ പോലെ ഒരു ഗുരുവിനെ പോലെ കണ്ടിരുന്ന ആളാണ് രവീന്ദ്ര ജയിൻ. അകക്കണ്ണിൻ വെളിച്ചത്തിൽ ലോകം കണ്ട അവർക്കായി സംഗീതമൊരുക്കിയ രവീന്ദ്ര ജയിൻ യേശുദാസിന്റെ സ്വരത്തിൽ തീർത്ത പാട്ടാണ് ഇത്. മലയാളികൾ എന്നും കേൾക്കാനിഷ്ടപ്പെടുന്ന ഹിന്ദി ഗാനങ്ങളിലൊന്നുമാണിത്.

ചിച്ചോർ എന്ന ഹിന്ദി ചിത്രത്തിലേതാണ് ഈ ഗാനം. ഇതിലെ തന്നെ ജബ് ദീപ് ജലേ ആനാ...എന്ന പാട്ടും ഏറെ പ്രശസ്തമാണ്.

ജാനേമൻ ജാനേമൻ

ആശാ ഭോസ്ലെയ്ക്കൊപ്പം പാടിയ ജാനേമൻ ജാനേമൻ രസകരമായൊരു ഹിന്ദി പ്രണയാഗാനമാണ്. മരം ചുറ്റി പ്രണയത്തിന്റെ കുസൃതിയും കളികളും വിവരിക്കുന്ന വരികൾക്ക് സ്വരമായപ്പോൾ അതും മറ്റൊരു ക്‌ളാസിക് യേശുദാസ് ഗാനമായി. യോഗേഷിന്റെ വരികൾക്ക് സലിൽ ചൗധരിയാണ് സംഗീതം നൽകിയത്.

ചന്ദ് ജൈസേ മുഖ്ഡേ പേ

സാവൻ കോ ആനേ ദോ എന്ന സിനിമയിലേതാണ് ഈ മനോഹരമായ ഗാനം.  പി പങ്കജിന്റെ വരികൾക്ക് രാജ് കമൽ സംഗീതം പകർന്ന ഗാനം എക്കാലത്തെയും മികച്ച ഹിന്ദി ഗാനങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്മ

മാനാ ഹോ തും ബേഹദ് ഹസീന്‍

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗാനരചയിതാക്കളിലൊരാളായ കൈഫി ആസ്മിയുടെ തൂലികയില്‍ വിരിഞ്ഞ മനോഹരമായ പ്രണയ ഗാനമാണിത്. ബപ്പി ലാഹിരി യേശുദാസിനു സമ്മാനിച്ച മെലഡി ഇന്നും ഉത്തരേന്ത്യ മൂളുന്ന പ്രണയഗാനമാണ്, മലയാളികള്‍ക്കും ഏറെ പ്രിയങ്കരം. 

ദിൽ  കേ ധുകഡേ

നീ മധുപകരൂ, ഉണരൂ വേഗം നീ തുടങ്ങിയ മലയാളം പാട്ടുകളൊരുക്കിയ ഹിന്ദി സംഗീത സംവിധായിക ഉഷ ഖന്ന യേശുദാസിന്റ സ്വരത്തില്‍ തീര്‍ത്ത ഗംഭീരമായ ഹിന്ദി ഗാനമാണിത്. രവീന്ദ്ര ജയിനിന്റേതാണ് സംഗീതം. യേശുദാസിന് ആദ്യമായി ഫിലിം ഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്ത ഗാനമാണിത്.

വാലിയുടെ പെട്ടെഴുത്തിന്റെ ഉയിരും ഉടലുമായ സാഹിത്യഭംഗിയും തത്വചിന്തയും ഒന്നുചേർന്ന ഗാനം ഇളയരാജയാണ് ചിട്ടപ്പെടുത്തിയത്. രജനികാന്ത് പാടി അഭിനയിച്ച ഈ ഗാനത്തിന്റെ  ഓരോ രംഗങ്ങളും മനസ്സിൽ സ്നേഹം നിറയ്ക്കും. അമ്മയുടെ അടുത്തേക്ക് ഒന്നോടി പോകാൻ തോന്നും ഈ പാട്ട് കേട്ടാൽ. ചെറുതായെന്ന് കണ്ണും നനയും. വരികളുടെയും ഓണത്തിന്റെ യും ഭംഗിക്കപ്പുറം ദാസേട്ടന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മികവും.

പചൈകിളികൾ  തോളോട്

എക്കാലത്തെ മികച്ച എ ആർ റഹ്മാൻ ഗാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ എന്ന സിനിമയിലെ പചൈ കിളികൾ തോളോട്. ഒരച്ഛനും മകളും തമ്മിലുള്ള കുസൃതി നിറഞ്ഞ സ്നേഹത്തിന്റെ ആഴങ്ങൾ പറയുന്ന ലളിതമായ ഗാനം ഇതിനപ്പുറം തന്നെ സ്നേഹത്തെക്കുറിച്ച് മകളോട് അച്ഛനോ തിരിച്ചു ഒന്നും പറയാനില്ല. അങ്ങനെയാണ് വരികൾ. കാവ്യാത്മകമായ വരികൾക്ക് തന്റേതായ ശൈലിയിൽ എ ആർ റഹ്മാൻ ഈണം നൽകിയപ്പോൾ ഗാനം ഏത് ഇടത്തു നിന്നാലും ഏത് കാഴ്ചയിൽ കണ്ണുകൾ ആഴ്ന്നു നിൽക്കുമ്പോഴും നമ്മളെ വിളിക്കാൻ ആ ഗാനത്തിന് കഴിയുന്നു. യേശുദാസ് എന്ന ഗാനഗന്ധർവന്റെ സ്വരഭംഗിയും ആലാപന ശൈലിയുടെ ആഴവും തെളിയുന്ന അനേകം ഗാനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ചിലത് അല്പം വ്യത്യസ്തമായിട്ടാവും നമുക്ക് തോന്നുക. അക്കൂട്ടത്തിൽ ഒന്നാണ് പചൈകിളികൾ  തോളോട്.

കണ്ണേ കലൈമാനേ

ചില പാട്ടുകൾ എത്ര കേട്ടാലും നമുക്കു മതിവരില്ല. ഏറ്റവും പ്രിയപ്പെട്ടവരുടെ അടുത്തേക്ക്, അവർക്ക് നൽകാൻ സ്നേഹത്തിന്റെ നിറകുടവുമായി നമുക്ക് ഓടിയെത്താൻ തോന്നും ചില ഗാനങ്ങൾ കേട്ടാൽ. അതുപോലെ പാട്ടുകാർക്കും അതെന്നെന്നും ഒരു പാടിക്കടക്കേണ്ട ഒരു കടമ്പ പോലും നിലനിൽക്കുന്നതുമായിരിക്കും. അങ്ങനെയുള്ള ഒരു പാട്ടാണിത്. കമൽ ഹാസനും ശ്രീദേവിയും അഭിനയം കൊണ്ടു കണ്ണുനിറച്ച രംഗങ്ങളുള്ള പാട്ട് എക്കാലവും പ്രിയപ്പെട്ടത്. വരികളുടെ അർഥതലങ്ങളറിഞ്ഞു പാടുന്ന യേശുദാസ് മാന്ത്രികതയിൽ ഇന്ത്യയൊന്നാകെ അലിഞ്ഞു ചേർന്ന ഗാനമാണിത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂണ്ട്രാം പിറൈ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കവി കണ്ണദാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജ.

പൂവേ സെമ്പൂവേ

സൊല്ല തുടിക്കുത് മനസ് എന്ന ചിത്രത്തിലെ ഈ ഗാനം എല്ലാക്കാലത്തേയും പ്രണയികളുടെ ഗാനമാണ്. ഇളയരാജ സംഗീതമിട്ട അതിമനോഹരമായ പാട്ട്. ഉള്ളംനിറയ്ക്കുന്ന സംഗീത സ്പര്‍ശം. പാതിമയങ്ങിയ വൈകുന്നേരങ്ങളില്‍, മഴനേരങ്ങളില്‍ നിലാവ് പെയ്തിറങ്ങുന്ന രാത്രികളില്‍ യാത്രകളിലൊക്കെ ഈ പാട്ട് കേള്‍ക്കണം, പൂവ് വിരിയും ഭംഗിയില്‍ ദാസേട്ടന്‍ പാടിയ പാട്ടിന്റെ ആത്മാവ് നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കും. കണ്ണദാസനാണ് ഇതിന്റെ വരികളെഴുതിയത്.

ഉരവ്ഗള്‍ തൊടര്‍ക്കഥൈ

തമിഴിലെ തന്നെ എക്കാലത്തേയും മികച്ച ഗാനങ്ങളെടുത്താല്‍ അക്കൂട്ടത്തിലുണ്ടാകും ഉരവ്ഗള്‍ തൊടര്‍ക്കഥൈ എന്ന പാട്ട്. എക്കാലവും തമിഴര്‍ മൂളുന്ന മാസ്റ്റര്‍പീസ്. ഇളയരാജ സൃഷ്ചിച്ച ഗാനം അവള്‍സ അപ്പടിതാന്‍ എന്ന ചിത്രത്തിലേതാണ്. കണ്ണുനനയിക്കുന്ന തമിഴ് പാട്ടിന്റെ ആത്മാവും ദാസേട്ടന്റെ ആലാപനം തന്നെ.

ദൈവം തന്ത

എം.എസ് വിശ്വനാഥന്റെ സംഗീതത്തിലുള്ളൊരു ദേവസംഗീതമാണ് ദൈവം തന്ത എന്ന പാട്ട്. കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്ന വരികളും ഈണവും തമിഴിന് ഒരു നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നു. കവി കണ്ണദാസന്റേതാണ് വരികള്‍. തമിഴിന് യേശുദാസിന്റെ സ്വരഭംഗിയോടു ഇഷ്ടം തോന്നിപ്പിച്ച സുന്ദര ഗാനങ്ങളിലൊന്നാണിതും. അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലേതാണീ ഗാനം.

English Summary:

Other language songs of KJ Yesudas

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com