ADVERTISEMENT

കുഞ്ഞിന്റെ നൂലുകെട്ടു മുതൽ മുത്തച്ഛന്റെ സപ്തതി വരെ ആഘോഷിക്കാൻ ‘ഒരു സൽപുത്രൻ‍ പിറന്നെടാ പണ്ടേ’ എന്ന പാട്ടു വേണം. ‘യൂത്തരും മൂത്തവരുമെല്ലാം’ ചുവടുവയ്ക്കുന്ന ഈ ആവേശപ്പാട്ടു പാടിയതു പാലക്കാട് പുതുശ്ശേരിയിലെ നാടൻപാട്ടു കലാകാരനായ പ്രണവം ശശിയാണെന്നതു പലർക്കും അറിയില്ല. ഇതു മാത്രമല്ല, കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലെ ‘മഞ്ഞമഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ’ പോലെയുള്ള ഹിറ്റ് ഗാനങ്ങളും ശശിയുടേതായുണ്ട്. ഈ ഓണത്തിനു മാത്രം വാഴ, പാലും പഴവും, ബാഡ് ബോയ്സ്, കുമ്മാട്ടിക്കളി, കൊണ്ടൽ എന്നിങ്ങനെ 5 സിനിമകളിൽ ശശിയുടെ പാട്ടുകൾ വന്നു. കലാഭവൻ മണിക്കു ശേഷം നാടൻ പാട്ടുകളെ ജനകീയമാക്കാനുള്ള യാത്രയിലാണു ശശിയും. 

ആവേശത്തിലേക്കു വന്ന വഴി

പൊതുവേ ശശിയുടെ പാട്ടുകൾക്ക് ഇത്തിരി ആവേശം കൂടുതലാണ്. ബിജു മേനോൻ നായകനായ ‘തുണ്ട്’ സിനിമയിൽ ശശി പാടിയ ‘വാനിൽ നിന്നും താഴെ താഴെ ഭൂമിയെന്നൊരു തുണ്ട്’ എന്ന പാട്ടു കേട്ട് സംഗീത സംവിധായകൻ സുഷിൻ ശ്യാം ആ ശബ്ദത്തിനുടമയെ അന്വേഷിക്കുകയായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി ആവേശത്തുമ്പത്തെത്തിക്കുന്ന പാട്ടുകാരനെ പരിചയപ്പെടുത്തിയത് സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. യുവാക്കളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന രീതിയിൽ പാട്ടു വേണം, പക്ഷേ നാടൻപാട്ടിന്റെ ട്രാക്കിൽ നിന്നു മാറിപ്പാടുകയും വേണം. ശശിയുടെ സിനിമാഗാന ജീവിതത്തിൽ പുതിയ അധ്യായം പിറക്കുകയായിരുന്നു. 

നാടൻ പാട്ടിന്റെ വഴി 

ചെറുപ്പം മുതൽ തന്നെ പാട്ടിന്റെ താളമായിരുന്നു ശശിയുടെ മനസ്സിന്. തരക്കേടില്ലാതെ പാടുന്ന കാര്യം ആർക്കും അറിയില്ല. സ്കൂളിലെ സാഹിത്യസമാജത്തിനു പോലും ശശിയെ വിളിച്ച് ആരും പാടിച്ചില്ല. അമ്മയും അടുത്ത വീട്ടിലെ ചേച്ചിമാരും ശശിയെ പിടിച്ചിരുത്തി ‘ദുബായ് കത്തു പാട്ട്’ പാടിപ്പിക്കും. ‘എത്രയും ബഹുമാനപ്പെട്ട എൻ ഭർത്താവ് വായിച്ചിടാൻ’ എന്ന പാട്ടായി ചെറുപ്പത്തിലെ മാസ്റ്റർപീസ്. ആ പാട്ടിന്റെ ബലത്തിലാണു സംഗീതം പഠിക്കാൻ ചിറ്റൂർ ഗവ.കോളജിൽ ചേർന്നത്. മ്യൂസിക് ആണ് വിഷയമായി അപേക്ഷ ഫോമിൽ എഴുതിയതെങ്കിലും ശശിയുടെ ഉള്ളിൽ പാട്ടില്ലെന്നു കരുതി ഫോമിൽ ജ്യോഗ്രഫി എന്നു തിരുത്തിയെഴുതി. പക്ഷേ, ശശി എന്നും തേടിയിരുന്നതു സംഗീതത്തിന്റെ ഭൂമിശാസ്ത്രം ആയിരുന്നു. പിന്നീട് പല പല ഗുരുക്കൻമാരിൽ നിന്നും സംഗീതം പഠിച്ചു. 

ചന്ദനപൊട്ടിന്റെ വട്ടം കുറഞ്ഞാലും 

ശുദ്ധസംഗീതം ചോദിക്കുന്ന നാട്ടിൽ ശശിയുടെ നാടന് ആദ്യം വലിയ പ്രോത്സാഹനം ഉണ്ടായില്ല. നാടകത്തിലും ബാലെയിലും ഗാനമേളകളിലുമായി സജീവമായി. ഇതിനിടെ നൃത്ത–സംഗീത സംഘം തുടങ്ങി. അങ്ങനെ ആരംഭിച്ച പ്രണവം സംഘത്തിന്റെ പേര് തന്റെ പേരിനു മുന്നിൽ ചേർത്തു. നാടൻ പാട്ടുകളെ ജനകീയമാക്കാൻ കേരളത്തിലെ ഗ്രാമങ്ങളിലാകെ യാത്രയായി. വാമൊഴിയായി പ്രചരിച്ചിരുന്ന പല താളങ്ങളും വരികളും പുതിയ കാലഘട്ടത്തിന് അനുസരിച്ച പാട്ടുകളാക്കി. ആയിരത്തോളം നാടൻ പാട്ടുകൾ വിവിധ ആൽബങ്ങളിലായി പുറത്തു വന്നു. അയ്യപ്പഭക്തിഗാന സിഡികളും കസെറ്റുകളുമെല്ലാം ഹിറ്റായി. ‘ചന്ദനപ്പൊട്ടിന്റെ വട്ടം കുറഞ്ഞാലും പെണ്ണേ’ എന്ന സൂപ്പർഹിറ്റ് നാടൻപാട്ട് ശശി പാടിയതാണെന്നും പലർക്കും അറിയില്ല. കിഴക്കൻ പാലക്കാടിന്റെ സംഭാഷണ ശൈലിയും സംഗീതശൈലിയും ഉപയോഗിച്ചുള്ള തത്തക്കിളി, നമ്മണ്ടെ പാലക്കാട് പോലെയുള്ള ആൽബങ്ങളും. പല പാട്ടുകളും സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി.  ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായ ശശിക്കു ഫോക്‌ലോർ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്

പാടിയ പാട്ടുകൾ, വരാത്ത പാട്ടുകൾ

സജിത് ശങ്കർ പാലക്കാടിന്റെ ചെറിയ സിനിമകളിൽ പാടിയ ശശിക്ക് വലിയ സിനിമകളിലേക്കുള്ള രാശി തെളിയുന്നത് ഗോപി സുന്ദർ വഴിയാണ്. 2019ലെ ‘മഞ്ഞ ബൾബ്’ പാടി ഹിറ്റായി. ഗോപി സുന്ദറിന്റെ ഇരുപത് സിനിമകളിൽ ശശിയുടെ പാട്ടുകൾ വന്നു. ഇതിനിടെ പല സിനിമകളിൽ ടൈറ്റിൽ സോങ് ഉൾപ്പെടെ ശശി പാടി. യുട്യൂബിൽ പാട്ട് ഹിറ്റാകുമെങ്കിലും സിനിമ പുറത്തിറങ്ങുമ്പോൾ കാണില്ല. ചിലതു തിയറ്ററിൽ വരുമ്പോൾ ശശിയുടെ പേരു വരുകയുമില്ല. ഇതിനിടെ ചില സിനിമകളിലും ടെലിഫിലിമുകളിലും ശശി മുഖം കാണിക്കുകയും ചെയ്തു. സിനിമയിലേക്കു വരുന്നതിനു മുൻപുള്ള ചെറിയ കാലത്ത് മലയാള മനോരമയുടെ പ്രാദേശിക വാർത്താ പ്രതിനിധിയായും പ്രവർത്തിച്ചു. മലയാളത്തിലും തമിഴിലുമായി 5 സിനിമകളിലെ പാട്ടുകൾ ഇനി വരാനുണ്ട്. 

English Summary:

Musical journey of singer Pranavam Sasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com