മരണമില്ലാത്ത ആ പാട്ടുകൾ ഒഴുകി നടക്കുമ്പോൾ ഗായകൻ മരിക്കുന്നതെങ്ങനെ? റഫി സാബ് എന്ന അനശ്വരൻ!
Mail This Article
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്‌വാലെ...’
സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന പാട്ട്. റിക്കോർഡ് കേട്ടു പഠിച്ചാണ് ഞാൻ അപ്പച്ചനു പഠിപ്പിച്ചു കൊടുത്തത്. പക്ഷേ അദ്ദേഹം ആ പാട്ടു പാടിയതു മലയാളത്തിലായിരുന്നു. ‘തെല്ലലിയാതോ ജഗദീശാ...’ എന്നു തുടങ്ങുന്ന മലയാള വരികൾ എഴുതിയതു ഹിന്ദി നന്നായറിയാമായിരുന്ന അഭയദേവ് സാർ. ‘ചാന്ദ് കെ ഢൂംഢെ പാഗൽ സൂരജ്’ എന്ന ചരണം ‘ചന്ദ്രനെ തേടി വാഴുന്നു സൂര്യൻ...’ എന്നായി. എനിക്ക് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിനാകെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു റഫി സാബും അദ്ദേഹത്തിന്റെ പാട്ടുകളും. ആ സംഗീതത്തിൽ ഊറിച്ചേർന്നതായിരുന്നു എന്റെ കുട്ടിക്കാലം.
കേട്ടു തുടങ്ങിയ കാലം മുതൽ അദ്ദേഹം എനിക്കു മാനസ ഗുരുവാണ്. ഒരു ഗാനം എങ്ങനെ ആലപിക്കണമെന്നതിന്റെ ആദ്യ പാഠങ്ങൾ കേട്ടുകേട്ടു പഠിച്ചതും ആ പാട്ടുകളിലൂടെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങൾക്കടക്കം ഞാൻ പാടിയിരുന്നത് ‘ഓ ദുനിയാ കേ രഖ്‌വാലെ’, ‘ഇൻസാഫ് കാ മന്ദിർ ഹേ യേ..’, ‘സുഹാനി രാത് ദൽ ഛുകി...’ തുടങ്ങിയ റഫി സാബിന്റെ അനശ്വര ഗാനങ്ങളായിരുന്നു. അദ്ദേഹത്തെ പോലെ പാടാനാകണം എന്നാണ് അന്നു കൊതിച്ചതും സ്വപ്നം കണ്ടതും. അന്നും ഇന്നും എന്റെ മനസ്സിലെ ഏറ്റവും വലിയ ഗായകനും റഫി സാബ് തന്നെയാണ്. അത്രമേൽ ഇഷ്ടവും ആരാധനയും മനസ്സിൽ കൊണ്ടു നടന്നതു കൊണ്ടാവും പിൽക്കാലത്ത് അദ്ദേഹവുമായി കാണാനും ഇടപെടാനുമെല്ലാം അവസരം ഒരുങ്ങിയത്.
ഞാൻ സിനിമയിലൊക്കെ സജീവമായി ഹിന്ദിയിലും പാടി തുടങ്ങിയ കാലത്ത് മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. പക്ഷേ കൂടുതൽ അടുത്തതും സ്നേഹബന്ധം രൂപപ്പെട്ടതും ഒരുമിച്ചൊരു പാട്ടു പഠിച്ച കാലത്താണ്. ഹിന്ദിയിലെ വിഖ്യാത സംഗീത സംവിധായകനായ രവീന്ദ്ര ജെയിനാണ് അതിന് അവസരം ഒരുക്കിയത്. അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു ഞങ്ങൾ ഒരുമിച്ചു പാടുന്ന ഗാനം. ഗംഗയും കാവേരിയും ഒന്നായി ഒഴുകുന്നതു ലോകം കാണട്ടെ എന്നായിരുന്നു അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്.
രവീന്ദ്ര ജെയിനിന്റെ മുംബൈയിലെ വീടിനോടു ചേർന്നുള്ള ഓഫിസിലായിരുന്നു പാട്ടു പഠിത്തം. ദക്ഷിണേന്ത്യയിൽനിന്ന് ഹിന്ദിയിലേക്ക് എത്തിയ എന്നോട് അവിടെ മുടിചൂടാമന്നനായി വാഴുന്ന റഫി സാബിന്റെ പെരുമാറ്റം എത്രയോ കാലമായി പരിചയമുള്ളതു പോലെ അങ്ങേയറ്റം ഹൃദ്യമായിരുന്നു. മകനോടെന്ന പോലെ വാത്സല്യത്തോടെ അദ്ദേഹം ഇടപെടുമ്പോൾ മനസ്സു നിറയെ വല്ലാത്തൊരു അഭിമാനമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പാട്ട് റിക്കോർഡ് ചെയ്യപ്പെട്ടില്ല. സിനിമയുടെ അണിയറക്കാർ അത് ഒഴിവാക്കുകയായിരുന്നു. അതിന് അവർ പറഞ്ഞ കാരണമായി പറഞ്ഞറിഞ്ഞത് ഞങ്ങൾ രണ്ടു പേരുടെയും സ്വരം സമാനമാണ് എന്നതായിരുന്നു. ലോകം മുഴുവൻ ആരാധിക്കുന്ന റഫി സാബിന്റെ സ്വരവുമായി എന്റെ സ്വരം താരതമ്യം ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണെങ്കിലും അതിന്റെ പേരിൽ അദ്ദേഹവുമായി ചേർന്നു പാടാനുള്ള സ്വപ്ന തുല്യമായ അവസരം നഷ്ടമായത് വലിയ സങ്കടമായി. ജീവിതത്തിലെ ഏറ്റവും വലിയ നിരാശകളിലൊന്നും അതാണ്.
ഒരുമിച്ചു പാടാനുള്ള സൗഭാഗ്യം അങ്ങനെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹം ഹിന്ദിയിൽ പാടിയ പാട്ട് അതേ സംഗീതത്തിൽ മലയാളത്തിൽ പാടാനുള്ള അവസരം എന്നെ തേടിയെത്തി. നൗഷാദിന്റെ സംഗീതത്തിൽ അദ്ദേഹം അവസാനം പാടിയ പാട്ടായിരുന്നു അത്; ‘ജിസ് രാത് കേ ഖബാബ് ആയെ..’
അദ്ദേഹത്തിന്റെ മരണ ശേഷം മഹാനായ ആ ഗായകനുളള ആദരമായി കൂടിയാണ് നൗഷാദ് മലയാളത്തിൽ ചെയ്ത ‘ധ്വനി’ എന്ന ചിത്രത്തിലും അതേ ഈണം ഉൾപ്പെടുത്തിയത്. ഉറുദുവിൽ അലി സർദാർ ജിഫ്രി എഴുതിയ വരികൾ മലയാളത്തിൽ ‘അനുരാഗ ലോല ഗാത്രി’ എന്നു മനോഹരമായി മൊഴിമാറ്റം നടത്തിയത് യൂസഫലി കേച്ചേരിയായിരുന്നു. ഹിന്ദിയിലെന്ന പോലെ മലയാളത്തിലും ആ പാട്ട് വലിയ ഹിറ്റായി.
പഞ്ചാബിലെ അമൃത്‌സറിനു സമീപമുള്ള കേട്‌ല ഗ്രാമത്തിൽ ജനിച്ച് പിൽക്കാലത്ത് മുംബൈയിലെത്തി ഇന്ത്യൻ സംഗീതലോകം കീഴടക്കിയ റഫി സാബ് സംഗീത ജീവിതത്തിൽ കൊടുമുടിയിൽ നിൽക്കവെയാണ് 55–ാം വയസ്സിൽ അകാലത്തിൽ വിടപറയുന്നത്. ലോകമെങ്ങുമുള്ള സംഗീത പ്രേമികൾക്കു വലിയ ഞെട്ടലായിരുന്നു ആ അപ്രതീക്ഷിത വേർപാട്. 17–ാം വയസ്സിൽ പിന്നണി ഗാനരംഗത്തെത്തി നൂറു കണക്കിന് അനശ്വര ഗാനങ്ങൾ പാടിയ അദ്ദേഹം എത്രയോ ഗാനങ്ങൾ പിന്നെയും പാടേണ്ടതായിരുന്നു. വരികളുടെ അർഥവും ആഴവും അറിഞ്ഞുള്ള ഭാവസാന്ദ്രമായ ആലാപനമാണ് ആ പാട്ടുകളെ അത്രമേൽ ഹൃദ്യമാക്കി മാറ്റിയത്. ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനിപ്പോൾ 100 വയസ്സാവുമായിരുന്നു. ഇപ്പോഴും ആസ്വാദകർ ജീവശ്വാസം പോലെ ആ പാട്ടുകളും സ്വരവും നെഞ്ചിലേറ്റുന്നു. മരണമില്ലാത്ത ആ പാട്ടുകൾ അങ്ങനെ ഒഴുകി നടക്കുമ്പോൾ ഗായകൻ മരിക്കുന്നതെങ്ങനെ? സംഗീതമുള്ളിടത്തോളം കാലം റഫി സാബും അനശ്വരനാണ്.