ADVERTISEMENT

കൊച്ചി ∙ 2 ലക്ഷം രൂപ മുതൽ എത്ര വലിയ തുകയുടെയും തൽസമയ കൈമാറ്റത്തിന് ഇനി നേരം നോക്കേണ്ട. ഇന്നു മുതൽ 365 ദിവസവും 24 മണിക്കൂറും ഈ സൗകര്യം ലഭ്യമായിരിക്കും. ഇതോടെ ഏതു ദിവസവും ഏതു സമയത്തും ഈ സൗകര്യമുള്ള വളരെ കുറച്ചു രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്കും സ്ഥാനമായി. ആർടിജിഎസ് എന്ന ചുരുക്കപ്പേരിലുള്ള ‘റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം’ മുഖേന പണം കൈമാറാൻ ഇന്നലെ വരെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളൂ. അതും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ മാത്രം. ‌

ആർടിജിഎസ്  എങ്ങനെ?

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ബാങ്ക് അക്കൗണ്ടിൽനിന്നു ട്രാൻസ്ഫർ ചെയ്യുന്ന തുക അതേ നിമിഷം തന്നെ മറ്റൊരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ബാങ്ക് അക്കൗണ്ടിലെത്താൻ സഹായിക്കുന്ന സംവിധാനമാണ് ആർടിജിഎസ്. തൽസമയ കൈമാറ്റം എന്നതാണ് ഇതിന്റെ സവിശേഷത. എൻഇഎഫ്ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) പോലുള്ള സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യുന്ന തുക മറ്റൊരു അക്കൗണ്ടിൽ വരവുവയ്ക്കപ്പെടാൻ രണ്ടു മണിക്കൂർ വരെ വേണ്ടിവരാറുണ്ട്. രണ്ടു ലക്ഷം രൂപ വരെ മാത്രമേ എൻഇഎഫ്ടി മുഖേന കൈമാറാൻ സാധിക്കുകയുമുള്ളൂ.

വൻ മാറ്റത്തിനു മുന്നോടി

ഏതു നാണ്യത്തിന്റെയും വിനിമയ നിരക്ക് നിയന്ത്രണാധികാരികളുടെ ഇടപെടലുകൾ ഇല്ലാതെയും വിപണിയുടെ സ്വാധീനത്തിന് അനുസൃതമായും നിർണയിക്കപ്പെടുമ്പോഴാണ് അതിനു പൂർണ പരിവർത്തന ക്ഷമത കൈവരുന്നത്. അതായത്, വിദേശത്തുനിന്നും തിരികെയും ഏത് ആവശ്യത്തിനും ഒരു നിയന്ത്രണവുമില്ലാതെ പണം കൈമാറാവുന്ന അവസ്ഥ. ഈ അവസ്ഥ യാഥാർഥ്യമാകുന്നതിനു മുന്നോടിയായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വേണം ആർടിജിഎസിലെ പരിഷ്കാരത്തെ കാണെണ്ടതെന്നു സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു. രൂപയുടെ പൂർണ പരിവർത്തന ക്ഷമത അധികം അകലെയല്ലെന്നു സാരം.

237 ബാങ്കുകൾ,  പ്രതിദിന കൈമാറ്റം  4,00,000 കോടി രൂപ

സമയം സംബന്ധിച്ച നിബന്ധനകളോടെ 2004 മാർച്ചിലാണ് ഇന്ത്യയിൽ ആർടിജിഎസ് സംവിധാനം ആദ്യമായി ഏർപ്പെടുത്തിയത്. അന്നു നാലു ബാങ്കുകൾക്കു മാത്രമായിരുന്നു ഈ സംവിധാനത്തിൽ പ്രാതിനിധ്യം. ഇപ്പോൾ സഹകരണ മേഖലയിലേതുൾപ്പെടെ രാജ്യത്തെ 237 ബാങ്കുകൾ ഈ സംവിധാനത്തിൽ പങ്കാളികളാണ്. ദിവസം ആറര ലക്ഷത്തോളം ഇടപാടുകൾ. ഇവയുടെ മൊത്തം മൂല്യം നാലു ലക്ഷം കോടിയിലേറെ രൂപ.

തുടക്കമിട്ടതു യുഎസ്

ആർടിജിഎസ് സംവിധാനത്തിന്റെ ആദ്യ മാതൃക രൂപംകൊണ്ടത് 1970ൽ യുഎസിലാണ്. 1984ൽ യുകെയും ഫ്രാൻസും ആർടിജിഎസ് സംവിധാനം വികസിപ്പിച്ചെടുത്തു. പിന്നീടു പല രാജ്യങ്ങളും ഈ സംവിധാനം ഏർപ്പെടുത്തി. എന്നാൽ സമയത്തിനോ തുകയ്ക്കോ പരിധിയില്ലാത്ത സംവിധാനം പ്രാബല്യത്തിലുള്ള രാജ്യങ്ങൾ യുകെ, ചൈന, സിംഗപ്പൂർ, ഓസ്ട്രേലിയ, മെക്സിക്കോ, ഹോങ്കോങ്, സ്വീഡൻ, ദക്ഷിണ ആഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി എന്നിവ മാത്രം. ഇപ്പോൾ ഇതാ ഇന്ത്യയും.

24 X 365: നേട്ടങ്ങൾ പലത്

∙ വലിയ തുക ആവശ്യമായിവരുന്ന പല ഇടപാടുകളുടെയും പൂർത്തീകരണം വേഗത്തിലാക്കാൻ 24 X 365 സംവിധാനം സഹായകം.
∙ ബിസിനസ് രംഗത്തെ ഇടപാടുകൾക്ക് ഏതു സമയത്തും ആശ്രയിക്കാമെന്ന സൗകര്യം.
∙  രാജ്യത്തെ എല്ലാ വിഭാഗത്തിൽപ്പെട്ട വിപണികളിൽ പ്രവർത്തിക്കുന്നവർക്കും പ്രയോജനകരം.
∙  കൈമാറ്റം ചെയ്യാവുന്ന തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടില്ലെന്ന സൗകര്യം.
∙ ഐഎസ്ഒ 20022 ഫോർമാറ്റാണ് ആർടിജിഎസ് ഉപയോഗിക്കുന്നത്. ഇത് പണമിടപാടുകൾക്കു രാജ്യാന്തരതലത്തിൽത്തന്നെ ലഭ്യമായ ∙ഏറ്റവും മികച്ച ഇലക്ട്രോണിക് മെസേജിങ് സൗകര്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com