ADVERTISEMENT

ന്യൂഡൽഹി∙ ഫയലുകൾ ലോക്ക് ചെയ്ത ശേഷം മോചനദ്രവ്യം തേടുന്ന റാൻസംവെയർ വൈറസ് ആക്രമണങ്ങളിൽ 125% വർധനയുണ്ടായെന്നു റിപ്പോർട്ട് പുറത്തിറക്കി ഒരാഴ്ചയ്ക്കകം പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചറിനു നേരെ റാൻസംവെയർ ആക്രമണം.റാൻസംവെയർ ആക്രമണങ്ങളിൽ ഇരയാകുന്ന 54% കമ്പനികളും 100 കോടി ഡോളറിനു മുകളിലുള്ളവയാണെന്നും ഒരാഴ്ച മു‍ൻപത്തെ റിപ്പോർട്ടിൽ ആക്സഞ്ചർ സൂചിപ്പിച്ചിരുന്നു.

ലോക്ബിറ്റ് എന്ന റാൻസംവെയർ കമ്പനിയാണ് ആക്സഞ്ചർ ഹാക്ക് ചെയ്തെന്ന വിവരം പുറത്തുവിട്ടത്. കമ്പനിയുടേത് എന്ന പേരിൽ പവർപോയിന്റ് ഫയലുകൾ, കേസ് സ്റ്റഡികൾ അടക്കം 2,400 ഫയലുകളാണ് ലോക്ബിറ്റ് ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചത്. താൽപര്യമുള്ളവർക്ക് ഡേറ്റാബേസുകൾ വിൽക്കാൻ തയാറാണെന്നും ലോക്ബിറ്റ് അറിയിച്ചു.

ഹാക്കിങ് ആക്സഞ്ചർ സ്ഥിരീകരിച്ചെങ്കിലും ഫയൽ മോഷണം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. തകരാറിലായ സംവിധാനങ്ങൾ പഴയപടിയാക്കിയെന്നും പ്രവർത്തനത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും കമ്പനി പ്രതിനിധി അറിയിച്ചു.

പിടിഐയെ ആക്രമിച്ചതും ലോക്ബിറ്റ്

2020 ഒക്ടോബറിൽ പ്രമുഖ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) കംപ്യൂട്ടറുകൾ തകർത്തതും ലോക്ബിറ്റ് എന്ന റാൻസംവെയർ ആയിരുന്നു. ആക്രമണത്തിനു പിന്നാലെ വാർത്താവിതരണം തടസ്സപ്പെട്ടിരുന്നു. ഒരു ദിവസത്തെ പ്രയത്നത്തിനു ശേഷമാണ് കംപ്യൂട്ടറുകൾ പൂർവസ്ഥിതിയിൽ ആക്കിയത്.

ഡാർക്ക്‌സൈഡ് എന്ന ഹാക്കർസംഘം നടത്തിയ ഗ്യാസ് ലൈൻ സൈബർ ആക്രമണം മേയിൽ യുഎസിനെ ഞെട്ടിച്ചു. ഫയലുകൾ പൂർവസ്ഥിതിയിൽ ആക്കുന്നതായി ഒടുവിൽ കൊളോണിയൽ പൈപ്പ്‍ലൈൻ 5 ദശലക്ഷം യുഎസ് ഡോളറാണ് തട്ടിപ്പു സംഘത്തിനു നൽകിയത്. ഇതിനു ശേഷമാണ് ഇന്ധന വിതരണം ഏകദേശം പൂർവസ്ഥിതിയിലേക്ക് എത്തിയത്.

എന്താണ് റാൻസംവെയർ?

റാൻസംവെയർ ബാധിച്ചാൽ കംപ്യൂട്ടറിലെ ഫയലുകൾ പ്രത്യേക ഫോർമാറ്റിലേക്കു മാറും. ഉദാഹരണത്തിന് Djvu കുടുംബത്തിൽപ്പെട്ട ഡെർപ് ബാധിച്ചാൽ pic.jpg എന്നൊരു ഫയൽ നിങ്ങളുടെ കംപ്യൂട്ടറിലുണ്ടെങ്കിൽ അത് 'pic.jpg.derp' എന്ന ഫോർമാറ്റിലേക്കു മാറും. ഈ ഫയൽ പിന്നീട് തുറക്കാനും കഴിയില്ല. താക്കോൽ ഉപയോഗിച്ച് പൂട്ടുന്നതുപോലെ ഒരു പ്രത്യേക പിൻ ഉപയോഗിച്ചാണ് ഫയൽ എൻക്രിപ്റ്റ് (ലോക്ക്) ചെയ്യുന്നത്. ഇവ തുറക്കണമെങ്കിൽ അതേ താക്കോൽ (പിൻ) വേണം. അതിന് മോഹവിലയാകും ചോദിക്കുക. പണം നൽകിയാലും ഫയലുകൾ തിരികെ ലഭിക്കണമെന്നില്ല. 

ശ്രദ്ധിക്കാൻ

∙ അനൗദ്യോഗിക സോഫ്റ്റ്‍വെയറുകൾ (ക്രാക്ഡ് സോഫ്റ്റ്‍വെയർ ലൈസൻസ്) ഡൗൺലോഡ് ചെയ്യാതിരിക്കുക

∙ പ്രധാനപ്പെട്ട ഫയലുകളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളിൽ നിർബന്ധമായും സൂക്ഷിക്കുക (ബാക്കപ്പ്). കംപ്യൂട്ടറിനു തകരാറുണ്ടായാലും ഫയലുകൾ തിരിച്ചെടുക്കാം. 

∙ സുപ്രധാനമായ ഫയലുകൾ സൂക്ഷിക്കുന്ന കംപ്യൂട്ടറുകൾ ഇന്റർനെറ്റുമായി കഴിവതും ബന്ധിപ്പിക്കാതിരിക്കുക. പെൻ ഡ്രൈവുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com