കേരളത്തിൽ മൊബൈൽ കണക്ഷൻ കുറഞ്ഞു
Mail This Article
കോട്ടയം ∙ സംസ്ഥാനത്തെ ആകെ മൊബൈൽ ഫോൺ കണക്‌ഷനുകളുടെ എണ്ണത്തിൽ ഒരു മാസം കൊണ്ട് 13 ലക്ഷത്തിലേറെ കുറവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ 4,41,08,135 മൊബൈൽ ഫോൺ കണക്‌ഷനുകളാണ് കേരളത്തിലുള്ളത്. ഓഗസ്റ്റിൽ 4,54,89,569 മൊബൈൽ ഫോൺ കണക്‌ഷനുകളായിരുന്നു. 13,81,434 കണക്‌ഷനുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം 2 തവണ ആകെയുള്ള കണക്‌ഷനുകളുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും 10 ലക്ഷത്തിൽ താഴെയായിരുന്നു ഇടിവ്. രാജ്യത്തെ ആകെ മൊബൈൽ കണക്‌ഷനുകളിലും കുറവ് വന്നിട്ടുണ്ട്. 2.07 കോടി കണക്‌ഷനുകളുടെ എണ്ണമാണ് മുൻമാസത്തെ അപേക്ഷിച്ച് കുറഞ്ഞത്. എല്ലാ സർക്കിളുകളിലും കണക്‌ഷനുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ഈ വർഷം ആദ്യമായാണ് എല്ലാ സർക്കിളുകളിലും ആകെ മൊബൈൽ കണക്‌ഷനുകൾ നെഗറ്റീവ് ട്രെൻഡ് കാണിച്ചത്.
ജിയോയ്ക്കാണ് ഏറ്റവും കൂടുതൽ കണക്‌ഷനുകളിൽ കുറവു വന്നത്. കേരളത്തിൽ 15.2 ലക്ഷംലക്ഷം കണക്‌ഷനുകൾ ജിയോയ്ക്ക് കുറഞ്ഞു. ഇതോടെ ജിയോ ഉപയോക്താക്കൾ ഒരു കോടിയിൽ താഴെയായി. ബിഎസ്എൻഎല്ലിന് 25,642 കണക്‌ഷനുകൾ കുറഞ്ഞു. എയർടെലിനാണ് ഏറ്റവും നേട്ടം. 1.25 ലക്ഷം പുതിയ കണക്‌ഷനുകൾ എയർടെൽ സ്വന്തമാക്കി. വി നെറ്റ്‌വർക്കിന് 43724 പുതിയ കണക്‌ഷനുകൾ ലഭിച്ചു. ഉപയോഗിക്കാതിരിക്കുന്ന കണക്‌ഷനുകൾ റജിസ്റ്ററിൽനിന്നു നീക്കിയതാണ് എണ്ണം കുറയാൻ കാരണമെന്ന് ടെലികോം മേഖലയിലുള്ളവർ പറയുന്നു.
ഈ വർഷം ഓരോ മാസവും സംസ്ഥാനത്തെ മൊബൈൽ കണക്‌ഷനുകളിൽ (മുൻമാസത്തെ അപേക്ഷിച്ച്) വന്ന വ്യത്യാസം
+ ജനുവരി : 1,37,751 (കൂടുതൽ)
+ ഫെബ്രുവരി : 1,81,530 (കൂടുതൽ)
- മാർച്ച് : 1,59,147 (കുറവ്)
+ ഏപ്രിൽ : 422563 (കൂടുതൽ)
- മേയ് : 2,22,258 (കുറവ്)
+ ജൂൺ : 53,292 (കൂടുതൽ)
+ ജൂലൈ : 3,33,629 (കൂടുതൽ)
+ ഓഗസ്റ്റ് : 64,251 (കൂടുതൽ)
- സെപ്റ്റംബർ : 13,81,434 (കുറവ്)