ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് മൊറട്ടോറിയം കാലയളവിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് 973.74 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.  2020 മാർച്ച് ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള മൊറട്ടോറിയം കാലയളവിലെ വായ്പക്കുള്ള കൂട്ടുപലിശ ഗുണഭോക്താക്കൾക്കു തിരികെ നൽകിയ പദ്ധതിക്കാണ് അധിക തുക.  ബജറ്റിൽ വകയിരുത്തിയ 5,500 കോടിക്കു പുറമേയാണിത്. ഇതോടെ പദ്ധതിക്കായി ആകെ സർക്കാരിനു ചെലവായത് 6,473.74 കോടി രൂപയാണ്. പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച ക്ലെയിം തുക കണക്കാക്കിയാണ് അധിക തുക അംഗീകരിച്ചത്.

ഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ തുടങ്ങി 8 വിഭാഗങ്ങളിൽ  2 കോടി രൂപവരെ വായ്പയെടുത്തവർക്കായിരുന്നു ആനുകൂല്യം. മൊറട്ടോറിയം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപലിശ തിരികെ തരുന്നതാണ് പദ്ധതി. പകരം ഈ കാലയളവിൽ സാധാരണ പലിശ ഈടാക്കി.

മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കു മേലുള്ള പലിശ(കൂട്ടുപലിശ) ഒഴിവാക്കുന്നതിനുള്ള തുക ധനകാര്യസ്ഥാപനങ്ങൾ എക്സ്ഗ്രേഷ്യ എന്ന പേരിൽ അതത് വായ്പാ അക്കൗണ്ടുകളിലേക്കു നൽകിയിരുന്നു. വായ്പാ ദാതാക്കൾക്ക് ഈ തുക സർക്കാരാണ് നൽകുന്നത്. ബാങ്ക് വായ്പയെടുത്തവർ കോവിഡ് കാരണം പ്രതിസന്ധിയിലാണെന്നും പലിശയിളവ് ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ പരിഗണിക്കണമെന്നുമുള്ള സുപ്രീം കോടതി നിർദേശപ്രകാരമാണു കേന്ദ്രസർക്കാർ അന്ന് തീരുമാനമെടുത്തത്.

കൂട്ടുപലിശ ഒഴിവാക്കൽ: ഒറ്റനോട്ടത്തിൽ

ഗുണഭോക്താക്കൾ: 23.98 കോടി

വായ്പാ ദാതാക്കൾ: 1,612

ആകെ ക്ലെയിം തുക: 6,473.74 കോടി രൂപ

ഇതുവരെ നൽകിയ തുക: 5,500 കോടി രൂപ

അധികമായി അനുവദിച്ചത്: 973.74 കോടി രൂപ

ആകെ: 6,473.74 കോടി രൂപ

Content Highlights: Compound Intrest, Morotorium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com