‘കെൽ’ ആയ ‘ഭെൽ’ നാളെ തുറക്കും

Mail This Article
കാസർകോട് ∙ കേന്ദ്ര സർക്കാരിൽനിന്നു സംസ്ഥാന സർക്കാർ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെൽ ഇഎംഎൽ 2 വർഷത്തെ പ്രവർത്തന സ്തംഭനത്തിനുശേഷം, കെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡ്(കെൽ ഇഎംഎൽ) എന്ന പേരിൽ നാളെ പ്രവർത്തനമാരംഭിക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്(കെൽ)ന്റെ സബ്സിഡിയറി യൂണിറ്റായാണ് സ്ഥാപനം വീണ്ടും തുറക്കുന്നത്. സംസ്ഥാന സർക്കാരിനു കീഴിൽ 1990ലാണ് നേരത്തേ കെൽ ഫാക്ടറി ആരംഭിച്ചത്. 5 കോടിയോളം ലാഭം ഉണ്ടായിരിക്കെ 2011 മാർച്ച് 28ന് കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ്(ഭെൽ)ന്റെ സബ്സിഡിയറി യൂണിറ്റായി മാറി. ഭെൽ ഇഎംഎൽ എന്ന പേരിൽ കേന്ദ്ര–സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായിട്ടായിരുന്നു അന്ന് ധാരണാപത്രം ഒപ്പു വച്ചത്.
പല കാരണങ്ങളാൽ പിന്നീട് സ്ഥാപനം 30 കോടിയോളം രൂപയുടെ നഷ്ടത്തിലേക്കാണ് കുതിച്ചത്. 2020 ഏപ്രിൽ മുതൽ അടഞ്ഞു കിടക്കുകയാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞ 2 വർഷം നടത്തിയ ശ്രമങ്ങളുടെ ഫലമായി സ്ഥാപനം തിരികെ ഏറ്റെടുത്തത്. ഇതോടെ പഴയ ഭെൽ ഇഎംഎൽ മാനേജ്മെന്റ് ഒഴിവായി. എ.പി.എം.മുഹമ്മദ് ഹനീഷ് ചെയർമാനും മാനേജിങ് ഡയറക്ടറുമായാണ് സ്ഥാപനം വീണ്ടും തുടങ്ങുന്നത്.
സ്ഥാപനത്തിന്റെ നവീകരണം, തൊഴിലാളികൾക്കുള്ള കുടിശിക തുടങ്ങിയ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതിൽ 20 കോടി രൂപ ഇപ്പോൾ അനുവദിച്ചു. ഈ പാക്കേജ് ഉപയോഗിച്ച് 2020 മാർച്ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളകുടിശിക പൂർണമായും കൊടുത്തു തീർക്കും. അതിനുശേഷം ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയവ അനുവദിക്കാനും മുൻഗണനാ ക്രമത്തിൽ നടപടികളെടുക്കും.