യുപിഐ ഇടപാട്: ഡിജിറ്റൽ വോലറ്റെങ്കിൽ 1.1% അധിക ചാർജ്
Mail This Article
ന്യൂഡൽഹി∙ വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ സൈറ്റുകളിലും 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഡിജിറ്റൽ വോലറ്റുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഏപ്രിൽ 1 മുതൽ 1.1% അധിക ചാർജ്. എന്നാൽ ഈ തുക (ഇന്റർചേഞ്ച് ചാർജ്) ഉപയോക്താക്കളല്ല, പകരം പണം സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് നൽകേണ്ടത്. ഈ തുക മറ്റ് രീതികളിലൂടെ ഉപയോക്താവിൽ നിന്ന് ഈടാക്കുകയോ ഈടാക്കാതിരിക്കുകയോ ചെയ്യാം.
വോലറ്റിനു പകരം ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണമെടുക്കുന്ന യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഇല്ല. അതുകൊണ്ട് ഭൂരിഭാഗം പേരെയും തീരുമാനം ബാധിക്കില്ല. രാജ്യത്ത് 99.9% യുപിഐ ഇടപാടുകളും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ളവയാണ്. ഇവ പൂർണമായും സൗജന്യമായിരിക്കുമെന്ന് സർക്കാരും നാഷനൽ പേയ്മെന്റ്സ് കോർപറേഷനും (എൻപിസിഐ) വ്യക്തമാക്കി. വോലറ്റിലുള്ള പണം യുപിഐ വഴിയും അയയ്ക്കാനുള്ള സംവിധാനം അടുത്തയിടയ്ക്കാണ് എൻപിസിഐ പൂർണതോതിൽ നടപ്പാക്കിലാക്കിയത്.
മുൻപ് വോലറ്റിൽ നിന്ന് മറ്റൊരു വോലറ്റിലേക്കാണ് ഇടപാട് സാധ്യമായിരുന്നത്. വോലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ തുടങ്ങി പണം മുൻകൂറായി ലോഡ് ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് പണമിടപാട് ഉപാധികൾക്കും (പിപിഐ) ഇത് ബാധകമാണ്. നിശ്ചിത തുക പോക്കറ്റിൽ സൂക്ഷിക്കുന്നതു പോലെ ഫോണിൽ സൂക്ഷിക്കുന്നതിനെയാണ് വോലറ്റ് എന്നു വിളിക്കുന്നത്. വോലറ്റിലേക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ലോഡ് ചെയ്യുന്നതിനും ചാർജ് ഇല്ല.
ചാർജ് ചെയ്യുന്നതിങ്ങനെ
10,000 രൂപയുടെ പർച്ചേസിന് ഒരു തുണിക്കടയിലെ യുപിഐ ക്യുആർ കോഡ് നിങ്ങൾ പേയ്ടിഎം ഉപയോഗിച്ച് സ്കാൻ ചെയ്യുന്നുവെന്നു കരുതുക. പണമയയ്ക്കാനായി നിങ്ങൾ ഫോണിൽ തിരഞ്ഞെടുക്കുന്നത് പേയ്ടിഎം വോലറ്റിൽ കിടക്കുന്ന പണമാണെങ്കിൽ വ്യാപാരിയുടെ പക്കൽ നിന്ന് 1.1% തുകയായ 110 രൂപയോളം ഇന്റർചേഞ്ച്ചാർജ് ഫീസ് ഈടാക്കും. പകരം ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം പോകുന്ന യുപിഐ ഇടപാടാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അധിക ചാർജ് ഈടാക്കില്ല.