സുരക്ഷിതമായ ശ്രീലങ്കയിലേക്ക് സ്വാഗതം: സനത് ജയസൂര്യ
Mail This Article
കൊച്ചി∙ വീണ്ടും സുരക്ഷിതമായ ശ്രീലങ്കയിലേക്ക് സ്വാഗതമെന്ന് ക്രിക്കറ്റ് താരവും ശ്രീലങ്ക ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത് ജയസൂര്യ. ഇന്ത്യ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശ്രീലങ്കയെ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്, അതുപോലെ സഞ്ചാരികളായി വന്ന് ശ്രീലങ്ക ടൂറിസത്തെയും സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ശ്രീലങ്ക ടൂറിസം റോഡ്ഷോയുടെ ഭാഗമായി എത്തിയതായിരുന്നു ജയസൂര്യ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഇന്ത്യയുടെ സഹായം ലഭിച്ചുവെന്ന് ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പറഞ്ഞു. ഐഎംഎഫിന്റെ ധനസഹായത്തിന്റെ ഭാഗമായി ഭരണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ ഇന്ധനത്തിനും മരുന്നുകൾക്കും ക്യൂ ഇല്ല.
ശ്രീലങ്കയിൽ വരുന്ന സഞ്ചാരികളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നാണ്. വർഷം 120 ലക്ഷത്തോളം സഞ്ചാരികളെത്തുമ്പോൾ അതിൽ 30% ഇന്ത്യാക്കാരാണ്. 7 ലക്ഷത്തോളം. ആഴ്ചയിൽ 80 വിമാന സർവീസുകൾ ഇന്ത്യയിൽ നിന്നുണ്ട്. രാജ്യാന്തര കൺവൻഷനുകളും ശ്രീലങ്കയിലേക്കു മടങ്ങി വരികയാണെന്ന് ശ്രീലങ്ക ടൂറിസം പ്രമോഷൻ ബ്യൂറോ മേധാവി ചാലഗ ഗജബാഹു അറിയിച്ചു. ചെന്നൈയിൽ ആരംഭിച്ച പ്രചാരണ പരിപാടികൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ തുടരും.