വായിക്കാനാവോളം
Mail This Article
വായിക്കാനൊന്നുമില്ല എന്ന ഒരു വാക്കു മാത്രമുള്ള തീരെച്ചെറിയ വാക്യത്തിലാണ് എംടിയുടെ നോവൽ മഞ്ഞ് ആരംഭിക്കുന്നത്. വായിക്കാനൊന്നുമില്ല - വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിലും വലിയ നരകമില്ല. മഞ്ഞിലെ നായിക വിമലയ്ക്കാണ് വായിക്കാനൊന്നുമില്ലാത്തത്. ചെറുപ്പം മുതലേ വായന ശീലമാക്കിയവരിൽ വായന പലപ്പോഴും ഒരു ലഹരിയുടെ സ്വഭാവം കൈവരിക്കുന്നു. വായിക്കാനൊന്നുമില്ലാത്തപ്പോൾ അവർ മരുന്നിന്റെ കാറ്റ്‌ലോഗോ റെയിൽവേ ടൈംടേബിളോ വരെ വായിക്കാനെടുക്കുന്നു. അതുകൊണ്ടാണ് വിമാനത്താവളത്തിൽ രാസലഹരി പിടികൂടി എന്നെല്ലാം വായിക്കുമ്പോൾ അവർക്കു ചിലപ്പോൾ അദ്ഭുതം തോന്നുന്നത്. വായനപോലൊരു അപകടകരമല്ലാത്ത, നിയമവിരുദ്ധമല്ലാത്ത ലഹരിയുള്ളപ്പോൾ എന്തിനാണ് മനുഷ്യർ അപകടകരമായ ലഹരികൾ തേടിപ്പോകുന്നത് എന്നാകും അവർ വിചാരിക്കുക.
വായനയല്ലാതെ മറ്റൊരു വിനോദവുമില്ലാത്ത കുട്ടിക്കാലമായിരുന്നു തങ്ങളുടേതെന്ന് എൻ.എസ്.മാധവൻ ഓർക്കുന്നു. അക്കാലത്തെ ചെറുതും വലുതുമായ വായനശാലകളായിരുന്നു വായനയെ പ്രോത്സാഹിപ്പിച്ചത്. പുസ്തകങ്ങൾ വാങ്ങുന്ന ശീലം അന്ന് ഇത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നില്ല. പുസ്തക വിൽപനശാലകളുടെ കുറവു തന്നെയായിരുന്നു ഒരു കാരണം. ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കുമെത്തുന്ന സഞ്ചരിക്കുന്ന പുസ്തകവിൽപനക്കാരിൽ നിന്നായിരുന്നു അക്കാലത്തു പ്രധാനമായും ആളുകൾ പുസ്തകം വാങ്ങിയിരുന്നത്. അക്കാലത്തൊരിക്കൽ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനു വിൽക്കാനെത്തിച്ച പുസ്തകങ്ങളിൽ നിന്നാണ് വിഷുക്കൈനീട്ടം സ്വരുക്കൂട്ടിവച്ച് മാധവൻ ആദ്യത്തെ പുസ്തകം സ്വന്തമാക്കിയത് - വിക്രമാദിത്യൻ കഥകൾ. വൈക്കത്തഷ്ടമിക്കു പുസ്തകം വിൽക്കാനെത്തുന്നവരിൽനിന്ന് വാങ്ങിയിരുന്നത് ബഷീറും തന്റെ ആത്മകഥാക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും എറണാകുളം പബ്ലിക് ലൈബ്രറിയിലുണ്ടായിരുന്ന ഗോപി എന്ന ലൈബ്രേറിയൻ ആളുകളുടെ വായനാതാൽപര്യങ്ങളുടെ ലിസ്റ്റുകളുണ്ടാക്കി അതിനനുസരിച്ച് പുസ്തകങ്ങൾ നിർദേശിച്ചിരുന്നതും മാധവന്റെ ഓർമയിലുണ്ട്.
സംശയമില്ല, വായന ഒരു ഭ്രമം തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നു കൽപറ്റ നാരായണൻ. അല്ലെങ്കിൽ രോഗാതുരം എന്നുപോലും അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്ന തന്റെ വായനാ അടിമത്തത്തെ എങ്ങനെ വിശദീകരിക്കും? കൽപറ്റക്കാരനായ നാരായണൻ മുതിർന്നപ്പോൾ കോഴിക്കോട്ടേക്കു താമസം മാറ്റാനുള്ള പ്രധാന കാരണംപോലും കോഴിക്കോട്ടെ പുസ്തകലഭ്യത തന്നെ. തിരക്കിനിടയിൽ വേണ്ടത്ര ഉറങ്ങാൻ സമയം കിട്ടാത്ത ഉമ്മൻ ചാണ്ടി കുത്തിവയ്‌പെടുക്കുന്ന ചെറിയ ഇടവേളകളിൽപോലും ഉറങ്ങുമെന്നും സൂചി വലിച്ചൂരുമ്പോൾ ഞെട്ടി ഉണരുമെന്നുമുള്ള ഫലിതം ഓർമിച്ച് കൽപറ്റ പറയുന്നത് പക്ഷേ, അതിലും ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ്.
ഞങ്ങളുടെ കുട്ടിക്കാലത്ത് വായനയിൽ ഒരു ബാലികേറാമലയുണ്ടായിരുന്നു. ആ പുസ്തകം വായിച്ചാലേ വായനക്കാരനാകൂ എന്നൊരു ബോധം ഞങ്ങളുടെ തലമുറ കൊണ്ടുനടന്നു. ടോൾസ്‌റ്റോയിയുടെ യുദ്ധവും സമാധാനവും. പേജുകളുടെയും കഥാപാത്രങ്ങളുടെയും സന്ദർഭങ്ങളുടെയും ബാഹുല്യത്താൽ കുറിപ്പുകളെടുത്താണ് പ്രീഡിഗ്രിക്കാലത്ത് അതു വായിച്ചു തീർത്തത്.
എൻ.എസ്.മാധവൻ
ആദ്യത്തെ മകന് ഒരു വയസ്സുള്ളപ്പോൾ ഒരു രാത്രി അവന്റെ ചെവിയിൽ എന്തോ പ്രാണിപോയെന്നറിഞ്ഞ് വായിച്ചുകൊണ്ടിരുന്ന പുസ്തകം താഴെവയ്ക്കാതെ അതു നോക്കാൻ ചെന്നപ്പോൾ ‘എന്തൊരു മനുഷ്യനാണ് നിങ്ങൾ’ എന്നു ശാസിച്ച് ഭാര്യ ആ പുസ്തകം വാങ്ങി വലിച്ചെറിഞ്ഞതാണ് അവയിൽ ആദ്യത്തേത്. തഞ്ചം കിട്ടിയാലുടൻ വായനയിലേക്കു തിരിയുന്ന കൽപറ്റയുടെ വായനയെ പിന്നീട് ഞോടിയത് ഒന്നര വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻതന്നെ. അന്നൊരിക്കൽ അവനു പുറംവേദന വന്നപ്പോൾ പുറം ഉഴിഞ്ഞുകൊടുക്കാൻ ചെന്നതായിരുന്നു കൽപറ്റ. എന്നാൽ, ഒരു കൈകൊണ്ട് പുറം തലോടുമ്പോഴും മറുകയ്യിലെ പുസ്തകത്തിലായിരുന്നു കൽപറ്റയുടെ കണ്ണ്. കുഞ്ഞായിരുന്നെങ്കിലും അവനതു മനസ്സിലായി. വായിക്കണ്ട അച്ഛാ എന്നായിരുന്നു അവന്റെ അപേക്ഷ. വായിക്കുമ്പോൾ തന്റെ ഉഴിയലിനു തീരെ ആത്മാർഥതയില്ലാതെയാവുന്നു എന്ന് അവൻ മനസ്സിലാക്കിയിരുന്നു എന്നാണ് കൽപറ്റ കുമ്പസാരിക്കുന്നത്.
നമ്മുടെ വായനശാലകൾ
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം ഈയിടെ ലഭിച്ചപ്പോൾ സേതു അതു സമർപ്പിച്ചതു തന്നെ വായനയിലേക്കു നയിച്ച അമ്മയ്ക്കും ജന്മനാടായ ചേന്ദമംഗലത്തെ നായർ സമാജം പബ്ലിക് ലൈബ്രറിക്കുമായിരുന്നു. എൻ.എസ്.മാധവനാകട്ടെ തന്റെ ‘പുറം മറുപുറം’ എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് എറണാകുളം പബ്ലിക് ലൈബ്രറിക്കും. കേരളത്തിൽ ഒരു വലിയ വായനാസമൂഹം രൂപപ്പെട്ടതിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ള പങ്ക് ലോകപ്രസിദ്ധമാണ്. അതിനു തുടക്കം കുറിച്ച പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കരുടെ ചരമദിനവാർഷികമാണല്ലോ നമ്മുടെ ദേശീയ വായനദിനമാകുന്നത്.
ഈയിടെയാണ് വലതുകൈമുട്ടിൽ വേദനയുള്ള ഒരു മുഴ രൂപപ്പെട്ടത്. ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു സ്റ്റുഡന്റ് എൽബോയാണെന്ന്. വലതുകൈമുട്ട് ഊന്നിയാണല്ലോ അധിക സമയവും നമ്മുടെ പുസ്തകവായന. അങ്ങനെ കിട്ടിയതാണ്. 72ാം വയസ്സിൽ സ്റ്റുഡന്റ് എൽബോ സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഞാൻ. ന്യൂജനപ്രിയ ഇ-റീഡറായ കിൻഡ്‌ലിലും വായനയുണ്ട്. എന്നാൽ, കിൻഡ്‌ലിൽ വായിച്ചുകൊണ്ടിരിക്കെ ഈയിടെ സ്‌ക്രീനിൽ ഒരു ഇല വന്നുവീണ് എട്ടു പേജാണ് മാറിപ്പോയത്.
കൽപറ്റ നാരായണൻ
കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്തുള്ള പാറത്തോട് എന്ന ഗ്രാമത്തിൽ വിനോദത്തിനു പുസ്തകങ്ങളല്ലാതെ മറ്റൊന്നുമില്ലാതിരുന്ന കുട്ടിക്കാലത്തെപ്പറ്റിയാണ് റോസ്‌മേരി ഓർക്കുന്നത്. നല്ലൊരു വായനക്കാരനായിരുന്നു അപ്പൻ. കുഞ്ഞുറോസ്‌മേരി കണ്ണുതുറക്കുമ്പോൾ കാണുന്നത് വീടു നിറയെ പുസ്തകങ്ങളാണ്. പോരാഞ്ഞ് വീടിനടുത്തുള്ള പീപ്പിൾ ക്ലബ് ആൻഡ് വായനശാലയിൽ നിന്നും പുസ്തകങ്ങളെത്തി. എന്നാൽ, ചില പുസ്തകങ്ങൾ വായിക്കുന്നതിൽനിന്നു ബന്ധുക്കളും ലൈബ്രേറിയനും കുട്ടികളെ വിലക്കിയിരുന്നു. വായനശാലയിൽ നിന്നെത്തിയിരുന്ന സരസൻ മാസികയെ മാത്രമല്ല റഷ്യൻ, ബംഗാളി നോവലുകളെ വരെ പലരും സംശയദൃഷ്ടിയോടെ വീക്ഷിച്ചു. എന്നാൽ, വീട്ടിലെ അന്തരീക്ഷം എല്ലാത്തരം വായനയെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് അക്കാലത്തു തന്നെ കോടാങ്കിശാസ്ത്രം എന്ന പുസ്തകം വരെ വായിക്കാനിടയായത്. ജ്യോതിഷം, മുഖലക്ഷണം എന്നിവയിലൊക്കെ കൗതുകം തോന്നുന്നത് അങ്ങനെയാണ്. കയ്യിൽ കിട്ടുന്നതെന്തും വായിക്കുന്നതായി പിന്നീടു റോസ്‌മേരിയുടെ ശീലം.
നമ്മുടെ വായനശാലകൾക്കു സ്വാതന്ത്ര്യസമരവുമായി നേരിട്ടുതന്നെ ഉണ്ടായിരുന്ന ബന്ധം എൻ.എസ്.മാധവൻ ഓർമിപ്പിക്കുന്നു. 1920കൾ മുതൽതന്നെ എറണാകുളത്തെ തൃപ്പൂണിത്തുറയിൽ പ്രവർത്തിച്ചിരുന്ന മഹാത്മാ, വിവേകാനന്ദ തുടങ്ങിയ ഒരുപാട് ലൈബ്രറികൾ അത്തരം കൂടിച്ചേരലുകൾക്കു വേദിയായി. ബിരുദപഠനം ജന്മനാടായ എറണാകുളത്തു തുടരാൻ സാധ്യമായിരുന്നിട്ടും എൻ.എസ്.മാധവൻ തിരുവനന്തപുരത്തേക്കു പോകാൻ തീരുമാനിച്ചതിനു പിന്നിലെ പ്രധാന പ്രചോദനം വലിയ അഞ്ചു ലൈബ്രറികളായിരുന്നു. ബ്രിട്ടിഷ് പാരമ്പര്യത്തിലാണ് തിരുവനന്തപുരത്തെ പല വലിയ ലൈബ്രറികളും പ്രവർത്തിച്ചിരുന്നത്. പകുതി വായിച്ചുവച്ചിരുന്ന പുസ്തകങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം മേശകൾവരെ വായനക്കാർക്കു നൽകിയിരുന്നു. ബ്രിട്ടിഷ് ലൈബ്രറികളിൽ ഇപ്പോഴും സൗജന്യമായി അംഗങ്ങളാകാം. അങ്ങനെ ബ്രിട്ടിഷ് ലൈബ്രറിയിലിരുന്ന് ഗവേഷണം നടത്തിയാണ് കാൾ മാക്‌സ് മൂലധനം എഴുതുന്നത്.
ഡിജിറ്റൽ വായന... കോവിഡ്കാല വായന...
പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദം മറ്റു ഫോർമാറ്റുകളിൽ ലഭിക്കുന്നില്ലെന്നാണ് കൽപറ്റ നാരായണന്റെ അനുഭവം. പുതിയ തലമുറയ്‌ക്കൊപ്പം കൽപറ്റയും കിൻഡ്ൽ ഒക്കെ ശീലമാക്കിക്കഴിഞ്ഞു. പുതുതായി വരുന്നതെല്ലാം അപ്പപ്പോൾ വായിച്ചു കൂട്ടുന്നതല്ല നല്ല വായന എന്നും കൽപറ്റയ്ക്കു ബോധ്യമായിട്ടുണ്ട്. ബഷീറിനെയും മേതിലിനെയും എൻ.എസ്.മാധവനെയുംപോലുള്ള പ്രിയപ്പെട്ട എഴുത്തുകാരെ പിന്നെയും പിന്നെയും വായിക്കുന്നു. കുമാരനാശാനെ എപ്പോഴും വായിക്കുന്നു. കേസരി ബാലകൃഷ്ണപിള്ള, പ്രഫ.എം.കൃഷ്ണൻ നായർ എന്നിവരുടെയൊന്നും വായനകൾ തന്നെ ഒരു തരത്തിലും പ്രചോദിപ്പിച്ചിട്ടില്ലെന്നും കൽപറ്റ പറയുന്നു.
വ്യക്തിപരമായി നോക്കുമ്പോൾ വായനയ്ക്കു പല ഘട്ടങ്ങളിലും ക്ഷീണം ബാധിച്ചിരുന്ന കാര്യം മാധവൻ ഓർക്കുന്നു. ജോലിത്തിരക്കായിരുന്നു ആദ്യം വായനയെ ബാധിച്ചത്. എന്നാൽ, ഇടയ്ക്കുണ്ടായ കാറപകടം അനിവാര്യമാക്കിയ ഹോസ്പിറ്റൽവാസം വായനയെ തിരിച്ചു കൊണ്ടുവരാൻ സഹായിച്ചു. മനുഷ്യന് എന്തെന്തു ദ്രോഹങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കോവിഡ്കാലം വായനയുടെ തിരിച്ചുവരവിനു കാരണമായി. പല ആളുകളും മുഴുവൻ സമയവും വായനയിലേക്കു തിരിഞ്ഞാണ് കോവിഡ്കാലത്തെ അടച്ചിരുപ്പിനെ നേരിട്ടത്. മില്ലെനിയിൽസ് എന്നു വിളിക്കപ്പെടുന്ന, 1981 മുതൽ 1996 വരെയുള്ള കാലത്ത് ജനിച്ചവരാണ് ഇന്ന് ഏറ്റവുമധികം വായിക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മകൾ മീനാക്ഷി റെഡ്ഡി മാധവൻ ഉൾപ്പെട്ട തലമുറ. ‘ഞങ്ങളുടെ കുട്ടിക്കാലത്ത് വായനയിൽനിന്നു ശ്രദ്ധതിരിക്കാൻ മറ്റ് ഉപാധികൾ കുറവായിരുന്നെങ്കിൽ ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങി ഒരുപാടു വിനോദങ്ങളുണ്ടായിട്ടും വായനയെ ഏറ്റെടുത്തു എന്നതാണ് പുതുതലമുറയുടെ വായനയെ ശ്രദ്ധേയമാക്കുന്നത്’ എന്നു മാധവൻ പറയുന്നു. അതേസമയം, പ്രയോജനകരമായ വായനയിൽ മാത്രം ഊന്നുന്നവരും ഏറെയുണ്ട്. കരിയർ നേട്ടം ലക്ഷ്യമാക്കിയാണ് അവരുടെ വായന. അതിനവരെ കുറ്റം പറയാൻ സാധിക്കില്ല.
വായന എന്ന അപകടമൊന്നുമില്ലാത്ത ലഹരിയെപ്പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്. എന്നാൽ, മാധവനെ സംബന്ധിച്ചിടത്തോളം വായനാലഹരിക്ക് ഓർത്താൽ പേടി തോന്നുന്ന ഒരു മറുകഥയുമുണ്ട്. 1980കളുടെ അവസാനത്തിൽ ഒരിക്കൽ സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചു പറക്കുകയായിരുന്നു മാധവൻ. സൂറിക് വിമാനത്താവളത്തിൽനിന്നു വാങ്ങിയ സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസും താഴത്തുവയ്ക്കാതെ കയ്യിലുണ്ട്. പക്ഷേ, ഒരു അപകടമുണ്ടായിരുന്നു. സൗദി നഗരമായ ജിദ്ദ വഴിയാണ് ഇന്ത്യയിലേക്കുള്ള പറക്കൽ. സ്റ്റോപ്പ്ഓവറുണ്ട്. ഇറങ്ങിക്കയറണം. ഇസ്‌ലാമികരാജ്യങ്ങളിൽ നിരോധനമുള്ള പുസ്തകമാണല്ലോ സാത്താനിക് വേഴ്‌സസ്. ജിദ്ദയിൽ അതു സുരക്ഷിതമായി ഉപേക്ഷിച്ചുകളയാൻപോലും പറ്റാത്ത സാഹചര്യവും. അന്നു ജിദ്ദ വിമാനത്താവളത്തിൽവച്ച് ആ പുസ്തകം സൗദി അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ മാധവന്റെ യാത്ര നേരെ ജയിലിലേക്കാകുമായിരുന്നു എന്നുറപ്പ്.
ചില പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നു. മനസ്സ് വിരസമാകുമ്പോൾ വീണ്ടും വായിക്കാനെടുക്കുന്ന ബിഭൂതിഭൂഷൻ ബന്ദോപാധ്യായയുടെ ആര്യണക് പോലെ. ആരണ്യക് വായിക്കുമ്പോഴെല്ലാം കുളിർമയുള്ള ഒരു കാനനഛായയിൽ, മരത്തഴപ്പുകൾക്കു ചുവട്ടിൽ നമ്മളെത്തുന്നു. അതുപോലെ, കുട്ടിക്കാലത്ത് പലകുറി വായിച്ച പുസ്തകമാണ് ആർ.കെ.നാരായണന്റെ സ്വാമിയും ചങ്ങാതിമാരും. തായാട്ട് ശങ്കരന്റെ മനോഹരമായ മലയാള പരിഭാഷയിലാണ് അതു വായിച്ചത്.
റോസ്‌മേരി
‘വേദന വേദന ലഹരി പിടിക്കും വേദന ഞാനതിൽ മുഴുകട്ടേ’ എന്നു പാടിയ ചങ്ങമ്പുഴയുടെ ചരമവാർഷികദിനമായിരുന്നു രണ്ടു ദിവസം മുൻപ്, ജൂൺ 17. ശരിയാണ്, ചങ്ങമ്പുഴ പാടിയതുപോലെ വേദനയും പലപ്പോഴും ലഹരി പിടിപ്പിക്കും. ഭാഗ്യവശാൽ വായനയും.
പത്രവായനയും പ്രധാനം
എഴുത്തുകാരുൾപ്പെടെ പലരും കരുതുന്നത് തങ്ങളുടെ ഭാഷയും സാമൂഹികബോധവുമെല്ലാം രൂപീകരിച്ചതു പ്രധാനമായും മുൻതലമുറയിലെ എഴുത്തുകാരാണെന്നാണ്. എന്നാൽ, കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും ദിനപത്ര വായനാസംസ്‌കാരമാണ് ഇക്കാര്യങ്ങളിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത്. ഇക്കാലത്ത് വിവരങ്ങൾ അറിയാൻ മറ്റു പല ഉപാധികളുണ്ടല്ലോയെന്നാണ് പുതിയ തലമുറ ചിന്തിക്കുന്നതെന്ന് എൻ.എസ്. മാധവൻ. എന്നാൽ, ആ ഉപാധികൾ അപ്പപ്പോഴത്തെ വിവരങ്ങൾ അറിയുന്നതിൽ ഒതുങ്ങിനിൽക്കുന്നില്ലേ എന്നാണു കൽപറ്റയുടെ സന്ദേഹം. പല വാർത്തകളുടെയും ഫോളോഅപ്പുകളും വിശകലനങ്ങളുമെല്ലാം ചേർന്ന് ദിനപത്രവായന നിത്യേന നാം നടത്തുന്ന ചരിത്രപഠനമാകുമ്പോൾ ഇൻസ്റ്റന്റായി വന്ന് മിന്നിമറയുന്ന വിവരങ്ങളുടെ ഒഴുക്കു മാത്രമാവുകയാണ് പലപ്പോഴും മറുപുറം. കണ്ണൂരിലെ ബീഡിതെറുപ്പുകാർക്ക് അവരുടെ അതേ വേതനം നൽകി പത്രം വായിച്ചുകൊടുക്കാൻ ആളെ വച്ചിരുന്ന നാടാണ് കേരളം എന്നോർക്കണം.
കൂടുതൽ ഉത്സാഹത്തോടെയും ഗൗരവത്തോടെയും ദിനപത്രങ്ങൾ വായിക്കാൻ കുട്ടികളെ ഒരുക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനം ആവശ്യമാണ്.
English Summary: Reading Day Debate group conducted by Manorama in connection with Reading Day